ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരേ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ്. ആദായനികുതി വകുപ്പിനെ ഉപയോഗിച്ച് രാജ്യത്ത് കോൺഗ്രസ്സ് പാര്‍ട്ടിയെ തകര്‍ക്കുകയാണെന്ന് രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍ ആരോപിച്ചു.
എഐസിസി ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് നേതാക്കളുടെ രൂക്ഷമായ പ്രതികരണം. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മൂന്നാഴ്ച മുമ്പ് നാല് ബാങ്കുകളിലായുള്ള കോണ്‍ഗ്രസിന്റെ 11 അക്കൗണ്ടുകള്‍ മരവിപ്പിച്ചു. പാര്‍ട്ടി നിക്ഷേപത്തില്‍നിന്ന് 115 കോടി രൂപ ആദായ നികുതി വകുപ്പ് തട്ടിയെടുത്തു.
അക്കൗണ്ടുകള്‍ മരവിപ്പിച്ചതോടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു പ്രചാരണവും നടത്താന്‍ കഴിയുന്നില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പാര്‍ട്ടി ഇരുട്ടില്‍ നില്‍ക്കുകയാണ്. പോസ്റ്റർ അടിക്കാനോ നേതാക്കള്‍ക്ക് ട്രെയിന്‍ ടിക്കറ്റ് എടുക്കാനോ പണമില്ല. കോടതിയും തെരഞ്ഞെടുപ്പ് കമ്മീഷനും വിഷയത്തില്‍ ഇടപെടുന്നില്ല.
ഇന്ത്യ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് എന്ന് പറയുന്നത് വലിയ കളവാണ്. കോണ്‍ഗ്രസിന്റെ അക്കൗണ്ടല്ല, ഇന്ത്യന്‍ ജനാധിപത്യത്തെ തന്നെയാണ് മരവിപ്പിച്ചതെന്നും രാഹുല്‍ വിമര്‍ശിച്ചു.