ന്യുഡല്‍ഹി: കേന്ദ്ര സർക്കാരിന്റെ പരോക്ഷ പിന്തുണയുള്ള പതഞ്ജലി ആയുര്‍വേദ ഉത്പന്നങ്ങളുടെ പേരില്‍ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം പ്രചരിപ്പിച്ചുവെന്ന കേസില്‍ സഹസ്ഥാപകന്‍ യോഗാ ഗുരു ബാബ രാംദേവിന് സുപ്രീം കോടതിയുടെ സമന്‍സ്. കോടതിയലക്ഷ്യ നോട്ടീസില്‍ പ്രതികരിക്കാതെ വന്നതോടെയാണ് ഹാജരാകണമെന്ന് കാണിച്ച് സമന്‍സ് അയച്ചത്. ജസ്റ്റീസ് ഹിമ കോഹ്ലി, ജസ്റ്റീസ് അസനുദ്ദീന്‍ അമാനുള്ള എന്നിവരുടെ ബെഞ്ചാണ് ബാബ രാം ദേവിനും പതഞ്ജലി എം.ഡി ആചാര്യ ബാലകൃഷ്ണയ്ക്കും നോട്ടീസ് നല്‍കിയത്.
പതഞ്ജലിയുടെ മരുന്നുകളെ കുറിച്ച് കമ്പനി നല്‍കിയിരിക്കുന്ന പരസ്യങ്ങളും ഉറപ്പുകളും പ്രഥമ ദൃഷ്ട്യ കളവാണെന്ന് കഴിഞ്ഞ മാസം കോടതി വിലയിരുത്തിയിരുന്നു.ഡ്രഗ്സ് ആന്റ് റെമഡീസ് ആക്ടിലെ സെക്ഷന്‍ 3, 4 എന്നിവയുടെ ലംഘനം നടന്നുവെന്ന് പ്രഥമദൃഷ്ട്യ കണ്ടെത്തിയെന്ന് കോടതി ചൂണ്ടിക്കാട്ടി. കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്ന് കാണിച്ച് ബാബ രാംദേവിനും ബാലകൃഷ്ണയ്ക്കും നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ മറുപടി നല്‍കാതെ വന്നതോടെ കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.