ന്യൂഡല്‍ഹി : പൗരത്വ ഭേദഗതി നിയമത്തില്‍ വിശദീകരണം നല്കാന് സുപ്രീം കോടതി കേന്ദ്രത്തോട് നിര്‍ദ്ദേശിച്ചു. ഈ മാസം 11ന് നിലവില്‍ വന്ന നിയമം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കവെയാണ് കോടതി നടപടി. നിയമം സ്റ്റേ ചെയ്യാതിരിക്കണമെങ്കില്‍ മൂന്നാഴ്ചയ്ക്കകം കാരണം ബോധിപ്പിക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം. തുടര്‍വാദം അടുത്തമാസം ഒന്‍പതിന് നടക്കും.
237 ഹര്‍ജികളാണ് പൗരത്വ നിയമം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. നിയമം സ്റ്റേ ചെയ്യണമെന്ന് കേസില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്സിങ് ശക്തമായി ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. പൗരത്വം നല്കല് നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നും ഇന്ദിര ആവശ്യപ്പെട്ടു. പൗരത്വം നല്‍കുന്നവര്‍ക്ക് വരുന്ന തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനാകുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ഇപ്പോള്‍ പൗരത്വം ലഭിച്ചവര്‍ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുക്കുന്ന കാര്യം കോടതിയുടെ പരിഗണനയിലാണെന്ന് പറയുക എങ്കിലും വേണമെന്ന് ഇന്ദിര ആവശ്യപ്പെട്ടു. അതേസമയം പൗരത്വം നല്കല് നടപടികള്‍ ആരംഭിച്ചിട്ടില്ലെന്ന് കോടതി മറുപടി നല്കി. പൗരത്വം നല്‍കരുതെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബലും ആവശ്യപ്പെട്ടു.
ഒരിക്കല്‍ പൗരത്വം നല്കിയാല് അത് തിരിച്ചെടുക്കാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സിഎഎയും എന്‍ആര്‍സിയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് മറ്റൊരു ഹര്ജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകന് നിസാം പാഷ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഇതിനെ ശക്തമായി എതിര്‍ത്തു. സിഎഎ മാത്രമാണ് ഇപ്പോള്‍ കോടതിക്ക് മുന്നിലുള്ളതെന്നും എന്‍ആര്‍സി അല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.