ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സമയക്രമം പ്രഖ്യാപിക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താസമ്മേളനം തുടങ്ങി . ഡൽഹി വിജ്ഞാൻ ഭവനിലെ വാർത്താസമ്മളനത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറാണ് തീയതികൾ പ്രഖ്യാപിക്കുന്നത്. കമ്മിഷണർമാരായ ഗ്യാനേഷ് കുമാർ, സുഖ്ബീർ സിങ് സന്ധു എന്നിവരും പങ്കെടുക്കുന്നുണ്ട്.
543 ലോക്സഭാ മണ്ഡലങ്ങളിലാണു തെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 96.8 കോടി വോട്ടർമാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. ഇതിൽ 49.7 കോടി പുരുഷ വോട്ടർമാരും 47.1 കോടി സ്ത്രീവോട്ടർമാരുമാണുള്ളത്. 48,000 ട്രാൻസ്ജെൻഡര് വോട്ടർമാരും ഇത്തവണയുണ്ട്. 19.75 കോടി പേർ യുവ വോട്ടർമാരാണ്.
1.8 കോടി കന്നി വോട്ടർമാരാണ് ഇത്തവണ പോളിംഗ് ബൂത്തുകളിലേക്കെത്തുന്നത്. ഇവരിൽ 85 ലക്ഷം സ്ത്രീ വോട്ടർമാരാണ്. 10.5 ലക്ഷം പോളിംഗ് ബൂത്തുകളാണ് ഒരുക്കിയിരിക്കുന്നത്. ബൂത്തുകളിൽ എല്ലാവിധ സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ട്.
ആന്ധ്രപ്രദേശ്, ഒഡീഷ, അരുണാചൽപ്രദേശ്, സിക്കിം എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പു തീയതികളും ഇതോടൊപ്പം പ്രഖ്യാപിക്കും.
രാജ്യത്തെ 85 വയസിനു മുകളിലുള്ള വോട്ടർമാർക്ക് വീട്ടിലിരുന്ന് വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യവും ഇത്തവണ ഒരുക്കിയിട്ടുണ്ട്.