തിരുവനന്തപുരം : 2022ല്‍ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരെ നടന്ന സമരത്തില്‍ രജിസ്റ്റര്‍ ചെയ്ത 157 കേസുകള്‍ പിന്‍വലിച്ച് സര്‍ക്കാര്‍. ഗുരുതര സ്വഭാവമില്ലാത്ത 157 കേസുകളാണ് പിൻവലിച്ചത്. എന്നാല്‍ ഗൗരവസ്വഭാവമുള്ള 42 കേസുകള്‍ ഇനിയും ബാക്കിയാണ്.
വിഴിഞ്ഞം സമരത്തില്‍ 199 കേസുകളാണ് ആകെ രജിസ്റ്റര്‍ ചെയ്തിരുന്നത്. ഈ കേസുകൾ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ലഭിച്ച വിവിധ അപേക്ഷകളുടെ അടിസ്ഥാനത്തിലാണ് കേസുകൾ പിൻവലിക്കാൻ സർക്കാർ തീരുമാനമായത്.
ലത്തീൻ അതിരൂപത മുഴുവൻ കേസുകളും പിൻവലിക്കണം എന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്. ഇക്കാര്യം അറിയിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. കേസുകളിലുള്‍പ്പെട്ട 260 പേര് കമ്മീഷ്ണര്‍ക്കും അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ സ്റ്റേഷൻ ആക്രമിച്ച കേസ് അടക്കം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയ കേസുകള്‍ പിൻവലിച്ചിട്ടില്ല.