ന്യൂ ഡൽഹി:മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് ജാമ്യം അനുവദിച്ചു, ദില്ലി റോസ് അവന്യു കോടതിയാണ് കേജ്രിവാളിന് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപ കേജ്രിവാൾ കോടതിയിൽ കെട്ടിവെക്കണം. കേസിൽ ഇഡിയുടെ സമൻസിൽ നിരന്തരം കേജ്രിവാൾ ഹാജരാകാതിരുന്നതിനെത്തുടർന്നാണ് വിഷയത്തിൽ കോടതി ഇടപെട്ട് അദ്ദേഹത്തെ വിളിച്ചുവരുത്തിയത്. ഇന്ന് കേജ്രിവാൾ നേരിട്ട് കോടതിയിൽ ഹാജരാകുകയായിരുന്നു. കേസിൽ ചോദ്യം ചെയ്യാൻ എട്ട് തവണ സമൻസ് അയച്ചിട്ടും കേജ്രിവാൾ ഇഡിക്ക് മുമ്പിൽ ഹാജരായിരുന്നില്ല. ഈ സാഹചര്യത്തിൽ കേജ്രിവാളിനെ ഇ ഡി അറസ്റ്റ് ചെയ്യും എന്ന് അഭ്യൂഹമുണ്ടായിരുന്നു.
പ്രതിപക്ഷനേതാക്കളെ ലക്ഷ്യം വച്ച് നരേന്ദ്രമോദി സർക്കാർ കേന്ദ്രഏജൻസികളെ ഉപയോഗിക്കുന്നു എന്നാണ് ഇഡി സമൻസ് കൈപ്പറ്റാതെ കെജ്രിവാൾ ആരോപിച്ചത്. മാർച്ച് അഞ്ചിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ഏറ്റവുമൊടുവിൽ ഇഡി സമൻസ് അയച്ചത്. ഇഡി നടപടി നിയമവിരുദ്ധം എന്നാരോപിച്ച കേജ്രിവാൾ വീഡിയോ കോൺഫറൻസിങ്ങിലൂടെയേ ചോദ്യം ചെയ്യലിന് ഹാജരാകൂ എന്ന് വ്യക്തമാക്കുകയായിരുന്നു. എന്നാൽ ഇത് ഇഡി അംഗീകരിച്ചില്ല. നേരിട്ട് ഹാജരായേ മതിയാകൂ എന്ന് ഇഡി നിലപാടെടുത്തു.