നാസിക് : കോൺഗ്രസിന്റെ അഞ്ചിന ‘കിസാൻ ന്യായ്’ വാഗ്ദാനങ്ങൾ പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി. വിളകൾക്ക് സ്വാമിനാഥൻ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ താങ്ങുവില നിശ്ചയിക്കും. കാർഷിക കടം എഴുതിത്തള്ളാൻ പ്രത്യേക കടാശ്വാസ കമ്മിഷൻ രൂപീകരിക്കും.
മുപ്പത് ദിവസത്തിനുള്ളിൽ വിള ഇൻഷുറൻസ് തുക കർഷകരുടെ ബാങ്ക് അക്കൗണ്ടിലൂടെ ലഭ്യമാക്കാൻ നടപടിയുണ്ടാകും. കർഷകരുടെ താത്പര്യം സംരക്ഷിക്കുന്ന തരത്തിൽ കയറ്റുമതി – ഇറക്കുമതി നിയമം പുനക്രമീകരിക്കും. കാർഷിക സാമഗ്രികൾക്കുള്ള ജി എസ് ടി എടുത്തുകളയാൻ നിയമം ഭേദഗതിചെയ്യുമെന്നും രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു.
ശരദ് പവാർ ഉൾപ്പെടെയുള്ള ഇന്ത്യാ മുന്നണി നേതാക്കൾ ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി പങ്കെടുത്ത നാസികിലെ കർഷക സമ്മേളനത്തിലായിരുന്നു രാഹുലിന്റെ പ്രഖ്യാപനം. കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തിയാൽ സർക്കാർ ജോലികളിൽ വനിതകൾക്ക് 50 ശതമാനം സംവരണം അടക്കമുള്ള പ്രഖ്യാപനങ്ങള്‍ ഇന്നലെ രാഹുൽ നടത്തിയിരുന്നു.