ബെനഡിക്ട് പതിനാറാമന്‍ പാപ്പായുടെ സ്ഥാനത്യാഗത്തിനു ശേഷം സാര്‍വത്രിക കത്തോലിക്കസഭയെ നയിക്കാന്‍ ഫ്രാന്‍സിസ് പാപ്പാ തിരഞ്ഞെടുക്കപ്പെട്ടിട്ട് പതിനൊന്നു വര്‍ഷങ്ങള്‍ തികയുന്നു.
ഇന്നു ജീവിച്ചിരിക്കുന്നവരുടെ ഓര്‍മയില്‍ ഏറ്റവും ജനപ്രിയനായ പാപ്പാ എന്ന ഖ്യാതിയാണ് കഴിഞ്ഞ 11 വര്‍ഷത്തിനിടെ ഫ്രാന്‍സിസ് പാപ്പാ സമ്പാദിച്ചത്. പോന്തിഫെക്സ് എക്സ് എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ 1.88 കോടി ഫോളൊവേര്സാണ് ഒന്‍പതു ഭാഷകളിലായുള്ളത്. ഫ്രാന്‍സിസ്കുസ് എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ 92 ലക്ഷം പേരും.
2013 മാര്‍ച്ച് 13ലെ കോണ്‍ക്ലേവില്‍ തിരഞ്ഞെടുക്കപ്പെട്ട് ഫ്രാന്‍സിസ് പാപ്പാ ആദ്യമായി വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ മധ്യത്തിലുള്ള ബാല്‍ക്കണിയിലേക്ക് പ്രവേശിക്കുന്നത് രണ്ടാഴ്ച നീണ്ട അത്യന്തം നാടകീയ സംഭവങ്ങളുടെ പരിസമാപ്തിയിലാണ്.
പതിനാലു ദിവസം മുന്‍പ് ബെനഡിക്റ്റ് പതിനാറാമന്‍ പാപ്പായുടെ സ്ഥാനത്യാഗം ലോകത്തെ ഞെട്ടിച്ചു. കാലംചെയ്യുന്നതുവരെ പാപ്പാ വാഴുന്നു എന്ന പാരമ്പര്യം ലംഘിച്ച് 600 വര്‍ഷത്തിനിടെ ആദ്യമായി സ്ഥാനമൊഴിഞ്ഞ പാപ്പായാണ് ബെനഡിക്റ്റ് പതിനാറാമന്‍.
ആദ്യ പൊതുദര്ശനത്തില്തന്നെ ഫ്രാന്‍സിസ് പാപ്പാ തന്റെ വ്യത്യസ്ത ശൈലിയുടെ സവിശേഷ ധ്വനി വെളിപ്പെടുത്തി. മുന്‍ഗാമികള്‍ അണിഞ്ഞിരുന്ന പരമ്പരാഗത രാജകീയ അലങ്കാരവസ്ത്രങ്ങള്ക്കു പകരം ലളിതമായ തന്റെ വെള്ള ളോഹയും പതിറ്റാണ്ടുകളോളം കഴുത്തില്‍ അണിഞ്ഞുവന്ന വെള്ളികുരിശുമാലയും ധരിച്ചാണ് അദ്ദേഹം സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ തിങ്ങിനിറഞ്ഞിരുന്ന തീര്‍ഥാടകരെയും വിശ്വാസികളെയും അഭിവാദ്യം ചെയ്തത്.
ലാറ്റിന്‍ അമേരിക്കയ്ക്ക് പുറത്ത് അത്രയൊന്നും അറിയപ്പെടാത്ത അര്‍ജന്റീനക്കാരനായ ഹോര്‍ഹെ ബെര്‍ഗോളിയോ ദക്ഷിണാര്‍ധഗോളത്തില്‍ നിന്ന്, അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്ന് സാര്‍വത്രിക സഭയെ നയിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട ആദ്യ മേലധ്യക്ഷനാണ്. എട്ടാം നൂറ്റാണ്ടില്‍ സിറിയയില്‍ നിന്നു വന്ന ഗ്രിഗറി മൂന്നാമനുശേഷം ആദ്യമായി യൂറോപ്പിനു വെളിയില്‍ നിന്ന് ഒരു പാപ്പാ. സഭയുടെ രണ്ടായിരും വര്‍ഷത്തെ ചരിത്രത്തില്‍ ഈശോസഭയില്‍ നിന്നുള്ള പ്രഥമ പാപ്പാ.
ഇരുന്നൂറ്റിഅറുപത്താറാമത്തെ പാപ്പാ തന്റെ ആദ്യ പ്രസംഗത്തില്‍ പറഞ്ഞത് ”ഭൂമിയുടെ അങ്ങേയറ്റത്തു നിന്നാണ്” കര്‍ദിനാള്‍മാര്‍ തന്നെ കണ്ടെത്തിയതെന്നാണ്. തനിക്കുവേണ്ടി പ്രാര്‍ഥിക്കണമെന്ന് എല്ലാവരോടും അപേക്ഷിച്ചുകൊണ്ടാണ് പുതിയ പാപ്പാ തന്റെ പ്രഥമ ആശീര്‍വാദം നല്‍കിയത്.
ഇന്നു ജീവിച്ചിരിക്കുന്നവരുടെ ഓര്‍മയില്‍ ഏറ്റവും ജനപ്രിയനായ പാപ്പാ എന്ന ഖ്യാതിയാണ് കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ അദ്ദേഹം സമ്പാദിച്ചത്. പോന്തിഫെക്സ് എക്സ് എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ 1.88 കോടി ഫോളൊവേര്സാണ് ഒന്‍പതു ഭാഷകളിലായുള്ളത്. ഫ്രാന്‍സിസ്കുസ് എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ 92 ലക്ഷം പേരും. 2019-ല്‍ അദ്ദേഹത്തെക്കുറിച്ചുള്ള ‘ദ് ടു പോപ്സ്’ എന്ന സിനിമയ്ക്ക് മൂന്ന് ഓസ്കര് നോമിനേഷന് ലഭിച്ചു.
ലാളിത്യവും എളിമയും നിറഞ്ഞ ജീവിതശൈലിയുമായാണ് വത്തിക്കാനിലേക്ക് അദ്ദേഹം കടന്നുവന്നത്. ആഡംബരങ്ങളുടെ പ്രൗഢഗംഭീര പാരമ്പര്യമുള്ള അപ്പസ്തോലിക അരമനയില്‍ താമസിക്കുന്നതിനു പകരം വത്തിക്കാനിലെ അതിഥിമന്ദിരമായ കാസാ സാന്താ മാര്‍ത്തായിലെ ഒരു സ്വീറ്റില്‍ കഴിയാനാണ് അദ്ദേഹം താല്പര്യം കാണിച്ചത്. കാലപ്പഴക്കമുള്ള തന്റെ ബ്രീഫ്കേസ് സ്വയം എടുത്തുകൊണ്ട് നീങ്ങുന്ന പാപ്പായുടെ ചിത്രം ഫ്രാന്‍സിസ് പാപ്പായുടെ ലാളിത്യത്തിന്റെ പ്രതീകമായി ലോകം കണ്ടു.
ഫ്രാന്‍സിസ് പാപ്പായെ തിരഞ്ഞെടുക്കാന്‍ കര്‍ദിനാള്‍മാരെ പ്രേരിപ്പിച്ചത് എന്താകാം എന്നതിനെക്കുറിച്ച് പാപ്പായുടെ ജീവചരിത്രകാരനായ ഓസ്റ്റന് ഐവറിഗ് പറഞ്ഞു: ”വത്തിക്കാനെ നവീകരിക്കാന്‍ കഴിയുന്ന ഒരാളെയാകണം കര്‍ദിനാള്‍മാര്‍ അന്വേഷിച്ചതെന്ന് എനിക്കു തോന്നുന്നു. സാധാരണക്കാരുമായി ഒരു ബന്ധവുമില്ലാത്തവണ്ണം സഭ, വിശേഷിച്ച് യൂറോപ്പില്‍, അവരില്‍ നിന്ന് അകന്നുപോയിരുന്നു. ഒരുതരം മാന്ദ്യത്തിലേക്ക് അതു വീണുപോയിരുന്നു. പേപ്പസിയില്‍ കുറെക്കൂടെ മാനവികത കൊണ്ടുവരാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. പാപ്പാ സാധാരണക്കാര്‍ക്ക് സമീപസ്ഥനായി.”
സഭയില്‍ നിന്ന് അകന്നുപോയവരെയും തിരസ്കരിക്കപ്പെട്ടവരെയും തിരിച്ചുകൊണ്ടുവരാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. സ്വവര്ഗലൈംഗികാഭിമുഖ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് 2013-ലെ പത്രസമ്മേളനത്തില്‍ ഫ്രാന്‍സിസ് പാപ്പായുടെ പ്രതികരണം ഇന്നും അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ പ്രസ്താവനയായി പരിഗണിക്കപ്പെടുന്നു: ”ഞാന്‍ ആരാണ് വിധിക്കാന്‍?” സ്വവര്‍ഗലൈംഗിക ബന്ധത്തെ ശപിച്ചുതള്ളുന്ന സഭയുടെ പരമ്പരാഗത നിലപാടുകളില്‍ നിന്നു വ്യത്യസ്തമായ സമീപനമാണത്. എല്ലാവര്ക്കും ദൈവിക സ്നേഹത്തിനും കാരുണ്യത്തിനും അര്‍ഹതയുണ്ടെന്നാണ് താന്‍ പറയാന്‍ ഉദ്ദേശിച്ചതെന്ന് അദ്ദേഹം പിന്നീട് വിശദീകരിക്കുകയുണ്ടായി.
സ്ഥാനമേറ്റ നാള് മുതല്‍ അദ്ദേഹം സഭയിലെയും സമൂഹത്തിലെയും അശരണരെയും പാവങ്ങളെയും ചൂഷണങ്ങള്‍ക്ക് വിധേയരാകുന്നവരെയും ചേര്‍ത്തുപിടിച്ചു. ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ യുദ്ധത്തിന്റെ ക്രൂരതകള്‍ തന്നെ ഏറെ വേദനിപ്പിക്കുന്നുവെന്ന തുറന്നുപറച്ചില്‍ ലോകമനഃസാക്ഷിയെ നൊമ്പരപ്പെടുത്തി.
2023 മാര്‍ച്ച് 13 മുതല്‍ ഇന്നുവരെ ‘രക്തസാക്ഷിയായ’ യുക്രെയ്നു വേണ്ടി 150ലധികം തവണ ഫ്രാന്‍സിസ് പാപ്പാ പൊതുവേദിയില്‍ സമാധാന യാചന നടത്തി. മധ്യപൂര്‍വേഷ്യയിലും വെടിനിര്‍ത്തലിനുവേണ്ടി അറുപതിലധികം തവണ പാപ്പാ സംസാരിച്ചിട്ടുണ്ട്. യുദ്ധത്തിന്റെയും മരണത്തിന്റെയും നിഴല്‍വീണ മനുഷ്യരാശിയുടെ ഇരുണ്ടമണിക്കൂറുകളെയോര്ത്ത് 2022 ഡിസംബര്‍ എട്ടാം തീയതി റോമിലെ സ്പാനിഷ് ചത്വരത്തില്‍ പാപ്പാ വിതുമ്പിയതും ലോകജനതയ്ക്ക് മറക്കാനാവില്ല.
വത്തിക്കാനിലെ സാന്താ മാര്‍ത്താ ഭവനത്തിലെ തന്റെ മുറിയുടെ നിശബ്ദതയില്‍ ഫ്രാന്‍സിസ് പാപ്പാ പ്രാര്‍ഥിക്കുന്നത് കാരുണ്യത്തിനും ലോകസമാധാനത്തിനും വേണ്ടിയാണ്. യുദ്ധത്തിന്റെ ‘ഭ്രാന്ത്’ അവസാനിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ അഭ്യര്‍ഥന ഇന്നും ലോകമെങ്ങും മുഴങ്ങിക്കേള്‍ക്കുന്നു. യുദ്ധം എപ്പോഴും പരാജയമാണെന്നും, സമാധാനം കെട്ടിപ്പടുക്കുവാന്‍ വിട്ടുവീഴ്ചകള്‍ നടത്തണമെന്നും ചര്‍ച്ചകളില്‍ ഏര്‍പ്പെടണമെന്നും പ്രാര്‍ഥിക്കണമെന്നും, സാഹോദര്യം പുലര്‍ത്തണമെന്നും എണ്‍പത്തേഴുകാരനായ പാപ്പാ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നു.
”അജപാലനപരമായ സമീപനമായിരുന്നു അദ്ദേഹത്തിന്റേത്. ജീവിതയാഥാര്‍ഥ്യങ്ങളില്‍, പ്രശ്നഭരിതമായ സാഹചര്യങ്ങളില്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞുള്ള ശുശ്രൂഷയ്ക്കാണ് അദ്ദേഹം ശ്രമിച്ചത്. അവര്‍ എങ്ങനെ പെരുമാറണമെന്ന് മുകളില്‍ നിന്നു കല്പിച്ചുകൊണ്ട് ചട്ടങ്ങള്‍ നിശ്ചയിക്കുകയായിരുന്നില്ല അദ്ദേഹത്തിന്റെ രീതി,” ‘പോപ് ഫ്രാന്‍സിസ് – അണ്ടയിങ് ദ് നോട്സ്’ എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് പോള്‍ വലേലി പറയുന്നു.
സഭയ്ക്കുള്ളില്‍ സിനഡാത്മകതയുടെ പങ്കാളിത്തവും കൂട്ടായ്മയും കൊണ്ടുവന്നതാകും ഫ്രാന്‍സിസ് പാപ്പായുടെ ഏറ്റവും വലിയ പരിഷ്കാരമെന്ന് പലരും കരുതുന്നു. മെത്രാന്മാരുടെ സിനഡിനെ ഭൂമുഖത്തെ ജ്ഞാനസ്നാനം സ്വീകരിച്ച എല്ലാ വിശ്വാസികളുടെയും പങ്കാളിത്തവും കൂട്ടായ്മയും പ്രേഷിതത്വവും ഉള്‍ച്ചേര്‍ന്ന തീര്‍ഥാടന പ്രക്രിയയാക്കി രൂപാന്തരപ്പെടുത്താന്‍ അദ്ദേഹം നാലു വര്‍ഷം നീണ്ട രാജ്യാന്തര സിനഡല്‍ പ്രക്രിയയ്ക്കു തുടക്കം കുറിച്ചു. മെത്രാന്മാരുടെ സിനഡിന്റെ പതിനാറാമത് ജനറല്‍ അസംബ്ലി 2023, 2024 ഒക് ടോബര്‍ മാസങ്ങളിലായി രണ്ടു ഘട്ടങ്ങളിലായാണ് പൂര്‍ത്തിയായത്.
നയതന്ത്ര മേഖലയിലും ബന്ധങ്ങള്‍ വികസിപ്പിക്കാന്‍ ഫ്രാന്‍സിസ് പാപ്പാ ബദ്ധശ്രദ്ധനായിരുന്നു. തെക്കന്‍ സുഡാനിലും കൊളംബിയയിലും സമാധാനയജ്ഞത്തിന് ഉത്തേജനം പകരാനും യുഎസും ക്യൂബയും തമ്മിലുള്ള നയതന്ത്രബന്ധം പുനരുജ്ജീവിപ്പിക്കുന്നതിനുള്ള സംവാദത്തില്‍ മധ്യസ്ഥത വഹിക്കാനും പരിശുദ്ധ സിംഹാസനം തയാറായി.
ഇസ് ലാം മതവിശ്വാസികളുമായും മുസ് ലിം ലോകരാഷ്ട്രങ്ങളുമായും ബന്ധം ശക്തമാക്കുന്നതിന് അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. 2019 ഫെബ്രുവരിയില്‍ അറേബ്യന്‍ ഉപദ്വീപില്‍ ആദ്യമായി പൊന്തിഫിക്കല്‍ ദിവ്യബലി അര്‍പ്പിച്ചുകൊണ്ട് അദ്ദേഹം ഐക്യ അറബ് എമിറേറ്റ്സ് സന്ദര്‍ശനത്തിലൂടെ ചരിത്രം സൃഷ്ടിച്ചു.