ചണ്ഡീഗഡ്: മനോഹര്‍ ലാല്‍ ഖട്ടര്‍ രാജിവച്ചതോടെ നയാബ് സൈനി പുതിയ ഹരിയാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞ വൈകിട്ട് 5 ന് നടക്കും. സൈനി ഹരിയാനയിലെ കുരുക്ഷേത്രയില്‍ നിന്നുള്ള ബിജെപി എംപിയാണ്. ഒപ്പം സംസ്ഥാന പാര്‍ട്ടി അധ്യക്ഷ പദവിയും വഹിക്കുന്നുണ്ട്.
പിന്നോക്ക വിഭാഗത്തില്‍നിന്നുള്ള നേതാവായ സൈനി ഹരിയാനയിലെ കുരുക്ഷേത്ര മണ്ഡലത്തില്‍നിന്നുള്ള എംപിയുമാണ്. വിമത ജെജെപി എംഎല്‍എമാര്‍ അടക്കമുള്ളവര്‍ പുതിയ മന്ത്രിസഭയില്‍ അംഗങ്ങളാകുമെന്നാണ് വിവരം.
ബിജെപി-ജെജെപി സഖ്യം തകര്‍ന്നതിന് പിന്നാലെ മനോഹര്‍ലാര്‍ ഖട്ടാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുകയായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഇരുപാര്ട്ടികള്ക്കുമിടെയിൽ ഭിന്നത രൂക്ഷമായ പശ്ചാത്തലത്തിലാണ് നടപടി. ദുഷ്യന്ത് ചൗട്ടാലയുടെ പാര്‍ട്ടിയായ ജെജെപിയുടെ അഞ്ച് എംഎല്‍മാരെ പാര്‍ട്ടിയില്‍ ചേര്‍ത്ത് ഒറ്റയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ പത്ത് സീറ്റിലും ബിജെപി ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചതോടെ ഇരുകൂട്ടര്ക്കുമിടെ ഭിന്നത രൂക്ഷമായിരുന്നു. ഹിസാര്‍, ഭിവാനി-മഹേന്ദ്രഗഡ് മണ്ഡലങ്ങള്‍ തങ്ങള്‍ക്ക് വേണമെന്ന ജെജെപിയുടെ ആവശ്യം ബിജെപി തള്ളിയതാണ് സഖ്യത്തിന്റെ തകര്‍ച്ചയ്ക്ക് വഴിവച്ചത്.