കോട്ടയം :റിട്ട.ജഡ്ജിമാർക്ക് അതിവേഗത്തിൽ പുതിയ നിയമനങ്ങൾ നൽകുന്നത് ജുഡീഷ്യറിയുടെ നിഷ്പക്ഷത ഇല്ലാതാക്കുമെന്ന് സുപ്രീംകോടതി അഭിഭാഷകനും സാമൂഹ്യപ്രവർത്തകനുമായ അഡ്വ. പ്രശാന്ത് ഭൂഷൺ. നിർണായക കേസുകളിൽ കേന്ദ്രസർക്കാറിന് അനുകൂലമായി വിധി പറഞ്ഞ പല ന്യായാധിപൻമാർക്കും പുതിയ നിയമനങ്ങൾ ലഭിച്ചുകഴിഞ്ഞു. ഇതിനൊപ്പം സ്വതന്ത്ര ജഡ്ജിമാരെ നിയമിക്കാതിരിക്കാനും കേന്ദ്രസർക്കാർ ഇടപെടുന്നു. മുസ്ലിം ജഡ്ജിമാർ നിയമിക്കപ്പെടുന്നില്ല.
ജഡ്ജിമാരെ അന്വേ ഷണ ഏജൻസികളുടെ നിരീക്ഷത്തിലാക്കി ഭയപ്പെടുത്തി സർക്കാറിന് അനു കൂലമായി വിധികൾ രൂപപ്പെടുത്തുകയാണ്. ജുഡീഷ്യറി പൂർണമായും അഴിമതിമുക്തമാണെന്ന് പറയാനാകില്ല. നിർണായക വിഷയങ്ങളിൽ സുപ്രീംകോടതിയിൽ നിന്നടക്കം നിഷ്പക്ഷ വിധികൾ പുറത്തുവരുന്നുണ്ട്. ഇത്തരം വിധിന്യായങ്ങളെക്കൂടി സ്വാധീനിക്കാനുള്ള ‘കെണിയായി’ നിയമനങ്ങൾ മാറാമെന്നും അദ്ദേഹം പറഞ്ഞു. ദർശന സാംസ്കാരിക കേന്ദ്രം സംഘടിപ്പിച്ച പ്രഭാഷണത്തിൽ “ഇന്ത്യൻ റിപ്പബ്ലിക്കിന്റെ വീണ്ടെടുക്കൽ’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിൽ നടക്കുന്നു എന്ന് പറയപ്പെടുന്ന തട്ടിപ്പുകൾ ജനാധിപത്യത്തെ അട്ടിമറിക്കുന്നു. പണവും സ്വാധീനവും ഉപയോഗിച്ച് മാധ്യമങ്ങളിൽ പരസ്യം നൽകി തെരഞ്ഞെടുപ്പിനെ വിലയ്ക്കുവാങ്ങുകയാണ്. മാധ്യമങ്ങൾ മോദിമാധ്യമങ്ങളായി മാറുന്നുവെന്നും അദ്ദേഹം പറഞ്ഞു.