ചെന്നൈ: തമിഴ്നാട്ടില്‍ ഇന്ത്യ മുന്നണി സീറ്റ് വിഭജന ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തില്‍. കോണ്‍ഗ്രസിന് കഴിഞ്ഞ തവണത്തെ സീറ്റ് വിഹിതം നല്‍കാനാവില്ലെന്ന നിലപാടില്‍ ഡി എം കെ. സംസ്ഥാനത്തെ ഇതര പാര്‍ട്ടികളുമായുളള മുന്നണി ധാരണകള്‍ രൂപപ്പെട്ട് കഴിഞ്ഞിട്ടുണ്ട്.
കോണ്‍ഗ്രസും കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യവുമായുള്ള ചര്‍ച്ചകളാണ് നീളുന്നത്. കമല്‍ഹാസന്റെ പാര്‍ട്ടിയെ ഉള്‍ക്കൊള്ളുന്നത് കോണ്‍ഗ്രസ് അവകാശപ്പെട്ട വിഹിതത്തില്‍ നിന്നാവണം എന്ന ഉപാധി ഡി എം കെ മുന്നോട്ട് വെച്ചു.
കഴിഞ്ഞതവണ തമിഴ്നാട്ടില്‍ ഒമ്പതുസീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിച്ചത്. ഇത്തവണ ഏഴുസീറ്റില്‍ കൂടുതല്‍ നല്‍കാനാകില്ലെന്ന നിലപാടിലാണ് ഡി.എം.കെ. മാത്രമല്ല അനുവദിക്കുന്ന സീറ്റുകളില്‍ ഒന്ന് കമലിന് നല്‍കണമെന്ന ഉപാധിയും മുന്നോട്ട് വെച്ചു.
ഇടതുപാര്‍ട്ടികള്‍, മുസ്ലിം ലീഗ് തുടങ്ങി മുന്നണിയിലെ കക്ഷികളുമായി ഇതിനകം ധാരണയിലെത്തിയിട്ടുണ്ട്.
സി പി എം., സി പി ഐ., രണ്ടുവീതം, മുസ്ലിംലീഗ്, കൊങ്കുനാട് മക്കള്‍ ദേശീയ കക്ഷി ഒന്നുവീതം എന്നിങ്ങനെയാണ് മറ്റുപാര്‍ട്ടികളുമായി ഡി എം കെയുണ്ടാക്കിയ ധാരണ. 39 ലോക്സഭാ മണ്ഡലങ്ങളാണ് തമിഴ്നാട്ടിലുള്ളത്.