ലോക്സഭ തെരഞ്ഞെടുപ്പ് : കോണ്ഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
തിരുവനന്തപുരം : ലോക്സഭ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിൻ്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. തൃശ്ശൂർ മണ്ഡലത്തിൽ, കെ. മുരളീധരൻ മത്സരിക്കുന്നുന്നു എന്നതാണ് സർപ്രൈസ് . നേമത്തെ ബിജെപിയുടെ അക്കൗണ്ട് പൂട്ടിക്കുന്നതിൽ നിർണായക പങ്കുവഹിച്ച കെ മുരളീധരന്റെ സ്ഥാനാർഥിത്വം, തൃശ്ശൂരിലും ബിജെപി വിരുദ്ധ രാഷ്ട്രീയത്തിന് കോൺഗ്രസിന് ശക്തി പകരുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ .
മുരളി ഒഴിയുന്ന വടകരയിൽ കെ കെ ശൈലജയെ നേരിടുന്നത് ഷാഫി പറമ്പിലാണ് . സാമുദായിക പരിഗണന കൂടി കണക്കിലെടുത്താണ് പാലക്കാട്ട് നിന്നുള്ള ഷാഫി പറമ്പിൽ എംഎൽഎയെ വടകരയിൽ മത്സരിപ്പിക്കുന്നത്. വയനാട്ടിൽ രാഹുൽ ഗാന്ധി തുടരും. കണ്ണൂരിൽ കെ സുധാകരന് വീണ്ടും മത്സരിക്കും. ബാക്കി സിറ്റിംഗ് എംപിമാർ എല്ലാവരും തുടരും.
തിരുവനന്തപുരത്ത് ശശി തരൂരും, ആറ്റിങ്ങലിൽ അടൂർ പ്രകാശും, പത്തനംതിട്ടയിൽ ആന്റോ ആന്റണിയും, മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷും, എറണാകുളത്ത് ഹൈബി ഈഡനും, ഇടുക്കിയിൽ ഡീൻ കുര്യാക്കോസും, ചാലക്കുടിയിൽ ബെന്നി ബെഹനാനും, പാലക്കാട് വികെ ശ്രീകണ്ഠനും, ആലത്തൂരിൽ രമ്യ ഹരിദാസും, കോഴിക്കോട് എംകെ രാഘവനും, കാസർകോട് രാജ്മോഹൻ ഉണ്ണിത്താനും മത്സരിക്കും.ടി എൻ പ്രതാപന് സീറ്റ് നഷ്ടമായി എന്നതാണ് ശ്രദ്ധേയമായ സംഗതി .