തിരുവനന്തപൂരം: കേരളത്തിലെ ലത്തീൻ കത്തോലിക്കരുടെ പ്രശ്നങ്ങളും ആവശ്യങ്ങളും പരിശോധിച്ചു പരിഹരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ ലത്തീൻ കത്തോലിക്ക ജനസമൂഹം നേരിടുന്ന പ്രശ്നങ്ങളും സമൂഹത്തിൻ്റെ ആവശ്യങ്ങളും സർക്കാരിൻ്റെ മുൻപിൽ അവതരിപ്പിക്കാൻ ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച കെആർഎൽസിസി നേതൃസംഘത്തോടാണ് മുഖ്യമന്ത്രി ഇത് വ്യക്തമാക്കിയത്. ബിഷപ്പ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, കെആർഎൽസിസി ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ, രാഷ്ട്രീയ കാര്യസമിതി കൺവീനർ ജോസഫ് ജൂഡ്, ജോയിൻ്റ് കൺവീനറും കെഎൽസിഎ പ്രസിഡൻ്റുമായ ഷെറി ജെ. തോമസ്, കെആർഎൽസിസി ഭാരവാഹികളായ ബിജു ജോസി, പാട്രിക് മൈക്കിൾ, പ്രബല്ലദാസ് എന്നിവരാണ് മുഖ്യമന്ത്രിയെ സന്ദർശിച്ചത്.
കേരള സർക്കാരിൻ്റെ ദൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ. വി. തോമസും സന്നിഹിതനായിരുന്നു.
ലത്തീൻ കത്തോലിക്കർക്ക് സമുദായ സർട്ടിഫിക്കറ്റ് നിഷേധിക്കപ്പെടുന്ന റവന്യു ഉദ്യോഗസ്ഥരുടെ നടപടി ഒഴിവാക്കാൻ 2012 ലെ സർക്കാർ ഉത്തരവിൽ സ്പഷ്ടീകരണം വേണമെന്നും 1947 എന്ന സൂചനാ വർഷം ഒഴിവാക്കണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. അധികാരത്തിലും ഉദ്യോഗത്തിലും മതിയായ പ്രാതിനിധ്യവും പങ്കാളിത്തവും ഉറപ്പക്കാനുള്ള അടിസ്ഥാന വിവരമാ ജാതി സെൻസസ്സ് നടപ്പിലാക്കണമെന്നും കെആർഎൽസിസി ആവശ്യപ്പെട്ടു. വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട അന്യായമായി രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുന്ന കാര്യം സർക്കാർ പരിശോധിച്ചു വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.