ഈ രാജ്യം ഈ നിലയില്‍ നിലനില്‍ക്കുമോ അതോ ഇതൊരു മതരാഷ്ട്രമായി മാറുമോ എന്ന ആശങ്ക ഉയരുന്നൊരു ഘട്ടത്തിലാണ് ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. അന്നേരം കേരളത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുഡിഎഫില്‍ നിന്നു നമ്മള് മിനിമം പ്രതീക്ഷിക്കുന്നതെന്താണ്?
എന്തായാലും അത് കെ. സുധാകരനും വി.ഡി സതീശനും കൂടി ഇപ്പോള്‍ നടത്തുന്ന ചക്കളത്തിപ്പോരല്ല. എല്‍ഡിഎഫ് ഇരുപതു സീറ്റുകളിലും അവര്‍ക്ക് ഒപ്പിക്കാവുന്നതില് ഏറ്റവും മികച്ച സ്ഥാനാര്‍ഥികളെ അണിനിരത്തി ആഴ്ചകള്‍ക്കു മുന്നേ കളം പിടിക്കുമ്പോള്‍, കാട്ടിലെ ആനയും പോത്തും പന്നിയും കൊണ്ടുതരുന്ന അവിചാരിതവും ഒരാഴ്ചപോലും ആയുസ്സില്ലാത്തതുമായ വിഷയങ്ങള്‍ ഉയര്‍ത്തി, ഒരു പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ നേരിടുന്ന ലാഘവത്വത്തോടെ ഇത്രയും നിര്‍ണായകമായ ഒരു ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നു എന്നു വരുന്നത് നാടിന്റെ ശാപമാണ്; അത് കേരളത്തിലെ കോണ്‍ഗ്രസിന്റെയും ഗതികേടാണ്.
മനുഷ്യനും വന്യജീവികളും തമ്മിലുള്ള പോരാട്ടത്തിനും അതിജീവനത്തിനും മനുഷ്യോല്പത്തിയോളം തന്നെ പഴക്കമുണ്ടാവണം. മനുഷ്യന്റെ കൂടെയെന്നോണം ഒത്തിണങ്ങിനില്ക്കുന്നവയും, മനുഷ്യനെ ശത്രുവായി കാണുന്നവയും വന്യജീവികളിലുണ്ട്. സുസ്ഥിരമായ പ്രകൃതിയുടെ ആവാസവ്യവസ്ഥയെ പരിപാലിക്കുന്നതിന് മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ബന്ധത്തിന് വളരെയേറെ പ്രാധാന്യമുണ്ടെങ്കിലും മനുഷ്യന്റെ ആക്രാന്തം മൂലമുള്ള പ്രവര്‍ത്തനങ്ങള്‍ ഈ കൊടുക്കല്‍ വാങ്ങല്‍ പ്രക്രിയയ്ക്ക് തടസങ്ങള്‍ സൃഷ്ടിക്കുകയാണ്. അതിന് വലിയ വിലയൊടുക്കേണ്ടിവരുന്നത് കാടുകളില്‍ താമസിക്കുന്ന ആദിവാസികളും കാടിന്റെ ഓരത്ത് ജീവിക്കുന്ന മനുഷ്യരുമാണ്. വന്യമൃഗങ്ങള്‍ തങ്ങളുടെ ആവാസവ്യവസ്ഥയില്‍ നിന്നു പുറന്തള്ളപ്പെടുകയും, മനുഷ്യന് തന്റെ അടങ്ങാത്ത വികസന മോഹത്തിനു വേണ്ടി കാടുകള്‍ കയ്യേറുന്നതുമാണ് യഥാര്‍ഥ പ്രശ്നമെന്നത് പകല്‍ പോലെ വ്യക്തമാണെങ്കിലും നിരവധി തവണ വന സംരക്ഷണ നിയമങ്ങളും, വന്യമൃഗ സംരക്ഷണ നിയമങ്ങളും ഏര്‍പ്പെടുത്തിയ നമ്മുടെ ഭരണ സംവിധാനങ്ങള്‍ക്ക് എന്തുകൊണ്ട് ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരമാവുന്നില്ല എന്നു കണ്ടെത്താന്‍ തീരെ താല്പര്യമില്ല.
2023 ല്‍ കേരള വനം വകുപ്പ് മന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചതു പ്രകാരം 637 മനുഷ്യജീവനുകളാണ് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ വന്യമൃഗങ്ങളുടെ അക്രമണത്തില്‍ പൊലിഞ്ഞത്. ആനകളുടെ ആക്രമണത്തില്‍ മാത്രം കൊല്ലപ്പെട്ടവരുടെ എണ്ണം നൂറിനു മുകളിലുമാണ്. മരിച്ചവരില്‍ പകുതിയിലേറെ പേരും ആദിവാസികളാണ്. 38 പേര് അട്ടപ്പാടിയുള്‍പ്പെടെയുള്ള പാലക്കാട് താമസിക്കുന്നവരും, 17 പേര് ആറളത്തു നിന്നുമാണെന്നത് ആദിവാസികള്‍ അനുഭവിക്കുന്ന ഭയവിഹ്വലമായ അവസ്ഥാന്തരങ്ങളുടെ നേര്‍ക്കാഴ്ചയാണ് വരച്ചുകാണിക്കുന്നത്. ഈ വര്‍ഷത്തെ കണക്ക് ഇതില്‍ ഉള്‍പ്പെട്ടിട്ടില്ല.
എന്താണ് വന്യജീവികള്‍ കാടിറങ്ങുന്നത് എന്നതാണ് ചോദ്യം. മനുഷ്യരുടെ കയ്യേറ്റമാണ് വന്യജീവികള്‍ നാട്ടിന്‍പുറങ്ങളിലേക്ക് നീങ്ങുന്നതിന് പ്രധാനമായും കാരണമായത് എന്നതാണ് ഉത്തരം. ലോകത്തെ 35 പ്രധാന ജൈവസമ്പന്ന മേഖലകളിലൊന്നാണ് പശ്ചിമഘട്ടം. ദക്ഷിണേന്ത്യയിലെ ആറു സംസ്ഥാനങ്ങള്‍ പശ്ചിമഘട്ടത്തില്‍നിന്ന് ഉത്ഭവിക്കുന്ന നദികളെ ആശ്രയിച്ചാണ് നിലനിക്കുന്നത്. കേരളത്തിന്റെ തനതായ കാലാവസ്ഥയ്ക്കു കാരണം പശ്ചിമഘട്ടത്തിന്റെ സാമീപ്യമാണ്. അഗസ്ത്യമലയിലെ കാണിക്കാര്‍ തുടങ്ങി പൈതല്‍മലയിലെ കൊറഗര്‍ വരെയുള്ള 35 ഗോത്രവര്‍ഗക്കാര്‍ പശ്ചിമഘട്ടത്തിന്റെ കാവല്ക്കാരായിരുന്നു. ഇവര്‍ കാടിനെ ചൂഷണം ചെയ്യാതെ, കാട്ടരുവികളെ മലിനപ്പെടുത്താതെ വരുംതലമുറയ്ക്കായി കാത്തുവെക്കുകയും ചെയ്തു. കുടിയേറ്റത്തിന്റെയും വികസന പ്രവര്‍ത്തനങ്ങളുടെയും ഫലമായി ഇവരെല്ലാം കാട്ടില്‍നിന്നു കുടിയിറക്കപ്പെടുകയാണുണ്ടായത്.
വിഷയത്തിന്റെ ഗൗരവവും ആഴവും ഇത്രത്തോളം ഉണ്ടെന്നിരിക്കെ, ആനകുത്തിക്കൊന്ന ഒരു വയോധികയുടെ മൃതദേഹവും പേറി തെരുവില്‍ സമരം നടത്തുന്നതാണ് രാഷ്ട്രീയപ്രവര്‍ത്തനം, വിശിഷ്യാ രാജ്യം നമ്മുടെ കയ്യില്‍ നിന്നു പോകുമോ എന്ന ആശങ്ക ഉയരുന്ന ഘട്ടത്തിലെ രാഷ്ട്രീയ പ്രവര്‍ത്തനം എന്നു കരുതുന്ന കുഴല്നാടന്മാര് കോണ്‍ഗ്രസിനെയും ജനാധിപത്യം എന്ന ആശയത്തെയും കുറിച്ച് ഒരു തരിപോലും വിചാരമുള്ളവരല്ല എന്നത് സത്യത്തില്‍ ഉറക്കം കെടുത്തുന്ന ഒരു സംഗതിയാണ്.