ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ബെയ്ലി റോഡിലെ റസ്റ്റോറന്റിലുണ്ടായ തീപിടിത്തത്തിൽ 43 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 12 പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. വ്യാഴാഴ്ച രാത്രി 9.50 ഓടെയാണ് ഏഴ് നില കെട്ടിടത്തിന് തീ പിടിച്ചത്. 13 യൂണിറ്റ് അഗ്നിരക്ഷാ സേനയെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
ഇതുവരെ 43 പേർ തീപിടിത്തത്തിൽ മരിച്ചുവെന്ന് ബംഗ്ലാദേശ് ആരോഗ്യമന്ത്രി സാമന്ത ലാൽ സെൻ പറഞ്ഞു. പരിക്കേറ്റ 40 പേർ നഗരത്തിലെ പ്രധാന ആശുപത്രികളിൽ ചികിത്സയിലാണെന്നും സെൻ പറഞ്ഞു.
വ്യാഴാഴ്ച രാത്രി പ്രാദേശിക സമയം 9.50 ന് ധാക്കയിലെ ബെയ്ലി റോഡിലെ ഒരു പ്രശസ്തമായ ബിരിയാണി റെസ്റ്റോറന്റിലാണ് തീപിടിത്തമുണ്ടായത്. പിന്നീട് തീ മുകളിലത്തെ നിലകളിലേക്ക് പടരുകയുമായിരുന്നു.
അഗ്നിശമന സേനാംഗങ്ങൾ രണ്ട് മണിക്കൂർ കൊണ്ടാണ് തീ നിയന്ത്രണ വിധേയമാക്കിയതെന്ന് ഫയർ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥൻ മുഹമ്മദ് ഷിഹാബ് പറഞ്ഞു. 75 പേരെ അവർ ജീവനോടെ രക്ഷിച്ചതായി അഗ്നിശമനസേനയുടെ പ്രസ്താവനയിൽ പറയുന്നു.