മരണശിക്ഷ ഒഴിവാക്കി തരണമെന്ന് നീതിന്യായ പീഠത്തോട് യാചിക്കുന്ന കുറ്റവാളികളെ നാം കണ്ടിട്ടുണ്ട്. ജീവിതത്തോടുള്ള ഒടുങ്ങാത്ത അഭിലാഷമായിരിക്കാം അവരെ യാചിക്കാന്‍ പ്രേരിപ്പിക്കുന്നത്. എന്നാല്‍ ചില തടവുശിക്ഷകള്‍ മരണത്തേക്കാള്‍ ക്രൂരവും കഠോരവുമാണ്. ജയില്‍വാസത്തേക്കാള്‍ എത്രയോ ഭേദമാണ് മരണമെന്ന് തടവുപുള്ളികള്‍ ചിന്തിച്ചുപോകുന്ന വിധത്തിലുള്ള ജീവിതമായിരിക്കും അവരവിടെ അനുഭവിച്ചിരിക്കുക. ഓഹിയോ സ്റ്റേറ്റ് റിഫോര്‍മേറ്ററി, അല്‍കാട്രസ്, ഹോയേലൂ, തിയോള് സെങ്, എല്മിന കാസില്‍, മെല്‍ബോണ്‍ ഗൗള്‍, റോബന് ഐലന്‍ഡ്, ടവര്‍ ഓഫ് ലണ്ടന്‍ തുടങ്ങിയ കുപ്രസിദ്ധങ്ങളായ ജയിലുകളില്‍ ഒടുങ്ങിയ ജീവിതങ്ങള്‍ നിരവധിയാണ്. സ്വാതന്ത്ര്യത്തിന്റെ യഥാര്‍ഥ വില എന്തായിരിക്കുമെന്ന് അവിടങ്ങളിലെ അന്തേവാസികള്‍ പറഞ്ഞുതരും!
ഫ്രഞ്ച് ഗയാനയിലെ ഡെവിള്‍സ് ഐലന്‍ഡ് ഒരുപക്ഷേ തടവറയുടെ ചരിത്രത്തിലെ ഏറ്റവും ക്രൂരവും ഭയാനകവുമായ ശിക്ഷാ കോളനിയായിരുന്നു. നെപ്പോളിയന് ചക്രവര്‍ത്തിയുടെ കാലത്ത് 1852-ല്‍ ഐലെ ഡി സലൂട്ട് എന്നറിയപ്പെടുന്ന പ്രധാന ഭൂപ്രദേശത്തും കടല്‍ത്തീരത്തും നിരവധി ചെറിയ ദ്വീപുകള്‍ ചേര്‍ന്ന കോളനി തുറന്നു. ഫ്രഞ്ച് രാഷ്ട്രീയ തടവുകാരെ നാടുകടത്താന്‍ ഉദ്ദേശിച്ചുള്ളതായിരുന്നു ഈ ജയില്‍. എന്നാല്‍ കുപ്രസിദ്ധ മോഷ്ടാക്കളേയും കൊലപാതകികളെയും കൂടി ഇവിടെ പാര്‍പ്പിക്കാന്‍ പിന്നീട് തീരുമാനിച്ചു. ദ്വീപില്‍ നിന്ന് രക്ഷപ്പെടാന്‍ ഒട്ടും എളുപ്പമായിരുന്നില്ല. സദാ സമയവും ആയുധധാരികളായ കാവല്ക്കാര് ഉണ്ടെന്നു മാത്രമല്ല, കടലില്‍ കൂറ്റന്‍ പാറക്കെട്ടുകളില്‍ കെട്ടിപ്പൊക്കിയിരിക്കുന്ന ജയിലിനു ചുറ്റും പ്രകൃതിയുടെ പ്രത്യേകത മൂലം എപ്പോഴും കൂറ്റന്‍ തിരമാലകളുണ്ടായിരുന്നു. കടലില്‍ ആളെക്കൊല്ലി സ്രാവുകളും. അതെല്ലാം മറികടന്ന്
രക്ഷപ്പെടാന്‍ ശ്രമിക്കുന്നവര്‍ക്ക് ലഭിക്കുന്ന ശിക്ഷകളായിരുന്നു മറ്റൊരു പ്രത്യേകത. ജയിലിന്റെ മട്ടുപ്പാവില്‍ തന്നെ ഒരു കൂറ്റന്‍ ഗില്ലറ്റിന് സ്ഥാപിച്ചിരുന്നു. ജയിലര്‍ക്ക് തോന്നിയാല്‍ ആരുടേയും തലയറുക്കാം, വര്‍ഷങ്ങളോളം ഏകാന്തതടവില്‍ പാര്‍പ്പിക്കാം. ഈ തടവറയില്‍ കുറേക്കാലം കഴിഞ്ഞവര്‍ക്ക് കുഷ്ടരോഗികള് മാത്രമുള്ള മറ്റൊരു ജയിലിലേക്കോ, മാനസിക നില തെറ്റിയവര്‍ മാത്രമുള്ള മറ്റൊരിടത്തേക്കോ പ്രമോഷന് ലഭിക്കും, ഒരു ലക്ഷത്തോളം തടവുകാരെയാണ് ഇവിടെ പലപ്പോഴായി പാര്‍പ്പിച്ചിരുന്നത്. രോഗം, പട്ടിണി, ക്രൂരത എന്നിവയാല്‍ വലിയൊരു വിഭാഗം മരിച്ചു. ശിക്ഷ പൂര്‍ത്തിയാക്കിയവരെ ഫ്രാന്‍സില്‍ നിന്ന് പുറത്താക്കി. എക്കാലത്തെയും കഠിനമായ ശിക്ഷാ കോളനി 1953-ല്‍ സ്ഥിരമായി അടച്ചു. ഇപ്പോഴവിടമൊരു വിനോദസഞ്ചാര കേന്ദ്രമാണ്.
ദ്വീപിലെ ഏറ്റവും പ്രശസ്തനായ തടവുകാരായിരുന്നു ഹെന്റി ഷാരിയേര്‍. കഠിനമായ ജയില്‍ ജീവിതത്തെ അതിജീവിച്ചവരില്‍ ഒരാള്‍. ഹെന്റി ഷാരിയേര്‍ എഴുതിയ ആത്മകഥ പിന്നീട് ലോകമെങ്ങും ഏറ്റവും വില്‍പ്പനയുള്ള പുസ്തകങ്ങളിലൊന്നായി മാറി. പാപ്പിയോണ്‍ എന്നായിരുന്നു അതിന്റെ പേര്, 30ല്‍ അധികം ഭാഷകളില്‍ ഇതു പരിഭാഷ ചെയ്യപ്പെട്ടു. പാപ്പിയോണ്‍ എന്നാല്‍ ഫ്രഞ്ചില്‍ ചിത്രശലഭം എന്നാണര്‍ത്ഥം. 1973ല്‍ പുസ്തകത്തിന്റെ സിനിമാ രൂപം പുറത്തിറങ്ങി. ഫ്രാങ്ക്ലിന് ജെ. ഷാഫ്നര്‍ സംവിധാനം ചെയ്ത സിനിമയില്‍ അന്നത്തെ പ്രമുഖ താരങ്ങളായിരുന്ന സ്റ്റീവ് മക്വീനും ഡസ്റ്റിന് ഹോഫ്മാനുമാണ് അഭിനയിച്ചിരുന്നത്. ഒരു ക്ലാസിക് സിനിമയായാണ് ഇതിനെ കണക്കാക്കിയിരുന്നത്. 2018ല്‍ പാപ്പിയോണിന്റെ റീമേക്ക് പുറത്തിറങ്ങി. റീമേക്കില്‍ ഹെന്റിയായി ചാര്‍ലി ഹുന്നവും ഹെന്റിയുടെ സമ്പന്നനായ സുഹൃത്ത് ലൂയിസ് ദേഗയായി റാമി മാലെക്കും അഭിനയിക്കുന്നു. ഡാനീഷ് സംവിധായകന് മൈക്കേല്‍ നോറയാണ് സംവിധാനം.
1931ലെ പാരീസ് നഗരമാണ് സിനിമയില്‍ ആദ്യം കാണിക്കുന്നത്. കുപ്രസിദ്ധ മോഷ്ടാവായ ഹെന്റി ഷാരിയേര്‍ എന്ന പാപ്പിയോണ്‍ (ചാര്‍ലി ഹുന്നം) അതിവിദഗ്ദമായി ഒരു സേഫ് തുറക്കുന്നതാണ് കാണിക്കുന്നത്. ഏകദേശം 24-25 വയസാണ് അയാളുടെ പ്രായം. വൈരക്കല്ലുകളും ആഭരണങ്ങളുമാണ് അതിലുണ്ടായിരുന്നത്. അയാള്‍ അതുമായി ഒരു അധോലോക നായകനെ കാണാന്‍ പോകുന്നു. പാപ്പിയോണിന്റെ സ്ഥിരം കസ്റ്റമറാണയാള്. മോഷ്ടിക്കുന്ന സാധനങ്ങളൊന്നും അടിച്ചുമാറ്റാതെ അതേപടി അയാള്‍ക്കു കൊടുക്കണമെന്നാണ് വ്യവസ്ഥ. അതനുസരിക്കാഞ്ഞ ഒരാളെ പാപ്പിയോണിന്റെ മുമ്പില്‍ വച്ചുതന്നെ ക്രൂരമായി മര്‍ദിക്കുന്നുണ്ട്. മോഷണമുതല്‍ കൈമാറ്റം കഴിഞ്ഞ് ചെറിയൊരു പ്രതിഫലവും വാങ്ങി പാപ്പിയോണ്‍ അടുത്തുള്ള ബാറിലേക്കു പോകുന്നു. അവിടെ അയാളുടെ സുന്ദരിയായ കാമുകി നെനെറ്റെ (ഈവ് ഹ്യൂസണ്‍) ഉണ്ട്. കാമുകിക്ക് താന്‍ സേഫില്‍ നിന്നു അടിച്ചുമാറ്റിയ വൈരക്കല്ലുകളില്‍ ചിലത് പാപ്പിയോണ്‍ കൈമാറുന്നു. ഏതു മോഷണത്തിന്റെ പങ്കും പാപ്പിയോണ്‍ അടിച്ചുമാറ്റി കാമുകിയുടെ കൈകളില്‍ ഏല്‍പ്പിക്കാറുണ്ട്. അവരുടെ സമ്പാദ്യം അങ്ങിനെ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇരുവരും ചേര്‍ന്ന് അവരുടെ താമസസ്ഥലത്തേക്കു പോകുന്നു. പിറ്റേ ദിവസം രാവിലെ പാപ്പിയോണിനെ വരവേല്‍ക്കുന്നത് ഫ്രഞ്ച് പൊലീസാണ്. മോഷണകുറ്റത്തിനല്ല, മറിച്ച് കൊലപാതക കുറ്റത്തിനാണ് അയാളെ പിടികൂടിയിരിക്കുന്നത്. മോഷണവസ്തുവില്‍ നിന്ന് ഒരു പങ്ക് പാപ്പിയോണ്‍ അടിച്ചുമാറ്റിയതറിഞ്ഞ അധോലോക നായകന് അയാളെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി അയാളുടെ ആളുകള്‍ മര്‍ദിച്ചവശനാക്കിയ മനുഷ്യനെ കൊന്ന് കൊലക്കുറ്റം പാപ്പിയോണിന്റെ ചുമലില്‍ ചാര്‍ത്തി. ചെയ്ത കുറ്റങ്ങളില്‍ നിന്നു വിദഗ്ദമായി രക്ഷപ്പെട്ടിരുന്ന പാപ്പിയോണ്‍ ചെയ്യാത്ത കുറ്റത്തില്‍ കുടുങ്ങി.
ജയിലില്‍ രണ്ടുപേര്‍ പാപ്പിയോണിന്റെ സുഹൃത്തുക്കളായി ജൂലോട്ടും ലൂയിസ് ദേഗയും. പാപ്പിയോണ്‍ ജയില്‍ ചാടണമെന്ന ആഗ്രഹവുമായാണ് തടവറക്കുള്ളില്‍ പ്രവേശിക്കുന്നതു തന്നെ. മറ്റു രണ്ടുപേരുടെ അവസ്ഥയും വ്യത്യസ്തമല്ല. ലൂയീസ് ദേഗ സ്വതവേ ദുര്‍ബലനായ മനുഷ്യനാണ്. അയാള്‍ ധനവാനുമാണ്. പണമെല്ലാം ചുരുളുകളാക്കി മാറ്റി വിഴുങ്ങിയിരിക്കുകയാണെന്നു മാത്രം. ജയിലിലെ പല തടവുകാര്‍ക്കും ഈ വിവരം അറിയാം. അതുകൊണ്ടു തന്നെ തന്റെ ജീവന് അപകടത്തിലാണെന്ന് ദേഗയ്ക്കു മനസിലാകുന്നു. തടവുചാടാന്‍ സഹായിച്ചാല്‍ ദേഗയുടെ സംരക്ഷണം ഏറ്റെടുക്കാമെന്ന് പാപ്പിയോണ്‍ പറയുന്നു. ആദ്യമതിന് തയ്യാറാകുന്നില്ലെങ്കിലും ജീവന് രക്ഷിക്കാന്‍ മറ്റു മാര്‍ഗമില്ലെന്നു കാണുന്ന ദേഗ ഒടുവില്‍ സമ്മതിക്കുന്നു. ജയിലിലെ പല ആക്രമണങ്ങളില്‍ നിന്നും പാപ്പിയോണ്‍ അയാളെ സംരക്ഷിക്കുന്നു. തടവുചാടാന്‍ ശ്രമിക്കുമ്പോള്‍ പാപ്പിയോണ്‍ പിടിക്കപ്പെടുന്നു. ജയിലിലെ മറ്റൊരു സുഹൃത്തായ ജൂലോട്ടിനെ ഗില്ലറ്റിനില്‍ തലയറുത്ത് കൊല്ലുന്നത് നേരിട്ട് അയാള്‍ക്കു കാണേണ്ടിവന്നു. ആ മൃതദേഹം സംസ്കരിക്കാനായി പാപ്പിയോണിനേയും ദേഗയേയും ഏല്‍പ്പിക്കുന്നു. ജയില്‍ ചാട്ടത്തിന് അതൊരു അവസരമായി കണ്ട പാപ്പിയോണിനെ കൈക്കൂലി വാങ്ങി സഹായിച്ച ഗാര്‍ഡ് ചതിച്ചു. അയാള്‍ വീണ്ടും പിടിയിലായി. രണ്ടാമത്തെ തവണയായതു കൊണ്ട് 5 വര്‍ഷം ഏകാന്തതടവിന് ശിക്ഷിക്കപ്പെട്ടു. സൂപ്പെന്ന പേരില്‍ വെറും കഞ്ഞിവെള്ളം മാത്രമായിരുന്നു അവിടെ ആഹാരം. പക്ഷേ സുഹൃത്ത് ദേഗ കാവല്‍ക്കാര്‍ക്ക് കൈക്കൂലി നല്കി എല്ലാ ദിവസവും ആ സൂപ്പില്‍ ഒരു തേങ്ങാക്കഷണം ഇടാന്‍ തുടങ്ങി. ഒരു തേങ്ങാപ്പൂളിന്റെ വില പ്രേക്ഷകന് വ്യക്തമായി മനസിലാകും.
ജയിലിലെ മറ്റൊരാളുമായി ദേഗയും പാപ്പിയോണും ചങ്ങാത്തത്തിലാകുന്നു. സിലിയര് എന്നായിരുന്നു അയാളുടെ പേര്. ജയില്‍ കഠിനമായ ജോലി ചെയ്ത് ഒരാള്‍ മരിക്കുമ്പോള്‍ അധികൃതരെ അറിയിക്കണ്ടേ എന്ന് പാപ്പിയോണ്‍ സിലിയറോട് ചേദിക്കുന്നുണ്ട്. ‘ആദ്യം മരിച്ചവന്റെ കയ്യിലിരിക്കുന്ന ബ്രെഡ് എടുക്കൂ’ എന്നാണ് സിലിയറുടെ മറുപടി. മറ്റൊരു ചെറുപ്പക്കാരനും അവരുടെ സുഹൃത്തായി സംഘത്തില്‍ ഇപ്പോള്‍ അഞ്ചു പേരുണ്ട്. 5000 ഡോളര്‍ നല്കി സിലിയര് വഴി അവര്‍ ഒരു വഞ്ചി തരപ്പെടുത്തുന്നു. പഴഞ്ചന്‍ വഞ്ചിയില്‍ 5 പേര് യാത്ര ചെയ്യുന്നത് അപകടമാണെന്ന് സിലിയര് പറയുന്നു. ദേഗയെ കടലിലെറിയാന്‍ അയാള്‍ പാപ്പിയോണിനോട് ആവശ്യപ്പെടുന്നു. പാപ്പിയോണ്‍ അത് അനുസരിക്കുന്നില്ല. സിലിയര് പാപ്പിയോണിനെ ആക്രമിക്കുമ്പോള്‍ ദേഗ അയാളെ കുത്തിക്കൊല്ലുന്നു. സിലിയറുടെ മൃതദേഹം കടലിലെറിഞ്ഞ് അവര്‍ വഞ്ചിയില്‍ മറ്റോരു ദ്വീപിലെത്തി. അവിടെയുള്ള ഒരു കന്യസ്ത്രീ ഒറ്റിയതിനെ തുടര്‍ന്ന് പൊലീസ് വീണ്ടും അവരെ പിടികൂടുന്നു. കൂടെയുള്ള ചെറുപ്പക്കാരന് വെടിയേറ്റു മരിക്കുന്നു. ദേഗയെ കാണുന്നില്ല.
പാപ്പിയോണിനെ ഭ്രാന്തന്മാരുടെ ദ്വീപിലേക്ക് നാടുകടത്തുന്നു. അവിടെ കഠിനമായ ജീവിതമാണെങ്കിലും ദേഗയെ അവിടെ വച്ചു കണ്ടുമുട്ടിയതില്‍ പാപ്പിയോണ്‍ അതിയായി സന്തോഷിക്കുന്നു. ദേഗയുടേയും മാനസിക നില തകരാറിലായ നിലയിലാണ്. ഇരുവരും ചേര്‍ന്ന് തേങ്ങകളും അതിന്റെ മടലുകളുമുപയോഗിച്ച് ഒരു ചങ്ങാടം നിര്‍മിക്കുന്നു. അതില്‍ രക്ഷപ്പെടാനാണ് ശ്രമം. പാപ്പിയോണിനോട് രക്ഷപ്പെട്ടോളാന്‍ അവാസന നിമിഷത്തില്‍ ദേഗ പറയുന്നു. മനസില്ലാ മനസോടെ പാപ്പിയോണ്‍ ദ്വീപില്‍ നിന്ന് രക്ഷപ്പെട്ട് വെനസ്വേലയിലെത്തുന്നു. പിന്നീടാണ് അയാള്‍ പുസ്തകം പ്രസിദ്ധീകരിക്കുന്നത്. പുസ്തകത്തിനു ലഭിച്ച വലിയ സ്വീകാര്യത സര്‍ക്കാരിന്റെ മനസുപോലും മാറ്റി. ഫ്രാന്‍സില്‍ താമസിക്കാന്‍ പാപ്പിയോണ്‍ അനുവദിക്കപ്പെടുന്നു. വിയ ധനവാനായാണ് അയാള്‍ ശിഷ്ടകാലം കഴിച്ചുകൂട്ടുന്നത്.
ആദ്യചിത്രത്തെ അപേക്ഷിച്ച് റീമേക്കിനുള്ള പ്രത്യേകത, സാങ്കേതിക തികവ് മാത്രമാണ്. പാപ്പിയോണ്‍ പുസ്തകത്തിലെ പല കാര്യങ്ങളും, വിസ്താരഭയത്താലാകാണം സിനിമയില്‍ ചേര്‍ത്തിട്ടില്ല. പാപ്പിയോണിനോടൊപ്പം വായനക്കാരനും ജയിലില്‍ താമസിക്കുകയാണെന്ന വികാരമുയര്‍ത്താന്‍ പുസ്തകത്തിനായെങ്കില് സിനിമ ഇവിടേയും പരാജയപ്പെടുകയാണ്. ഭാഷയിലെ സത്യസന്ധതയും പച്ചയായ ജീവിതാവിഷ്കാരവും എഴുത്തിലുടനീളം വെച്ചുപുലര്‍ത്തിയ നിഷ്കളങ്കതയും പാപ്പിയോണിനെ ലോകക്ലാസ്സിക്കുകളില്‍ ഒന്നായി പ്രതിഷ്ഠിച്ചെങ്കില് രണ്ടു തവണ നിര്‍മിച്ച സിനിമകള്‍ക്കും ആ ഭാഗ്യം ലഭിച്ചില്ല എന്നു പറയേണ്ടിവരും. ഒരു ചിത്രശലഭത്തെ പോലെ സ്വതന്ത്രനായി പാറിപ്പറക്കാന്‍ ആഗ്രഹിച്ചിരുന്നതു കൊണ്ടാണോ ഹെന് റി ഷാരിയേര്‍ പാപ്പിയോണ്‍ എന്ന പേര് സ്വീകരിച്ചതെന്ന് അറിയില്ല.