മൂന്നാർ :മൂന്നാറില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഓട്ടോ റിക്ഷാ ഡ്രൈവര്‍ സുരേഷ് കുമാറിന്റെ കുടുംബത്തിന് പത്തുലക്ഷം രൂപ നഷ്ടപരിഹാരം നല്കി. എംഎല്‍എ എ രാജയാണ് ചെക്ക് കൈമാറിയത്. കുടുംബത്തില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കും.
ഇടുക്കി മൂന്നാറില്‍ കാട്ടാന ആക്രമണത്തില്‍ ഓട്ടോ ഡ്രൈവറായ സുരേഷ് കുമാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ അവസാനിപ്പിച്ചു. കഴിഞ്ഞദിവസം രാത്രി 9.30ഓടെയായിരുന്നു കാട്ടാനയുടെ ആക്രമണം. ആക്രമണത്തില്‍ പരിക്കേറ്റ എസക്കി രാജ, ഭാര്യ റജീന എന്നിവര്‍ മൂന്നാര്‍ ടാറ്റാ ടീ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ സുരേഷ് കുമാറിന്റെ ഓട്ടോയിലെ യാത്രക്കാരായിരുന്നു.
എസക്കി രാജയുടെ മകളുടെ സ്കൂളിലെ പരിപാടി കഴിഞ്ഞ് തിരികെ വരുമ്പോഴാണ് ഇവര്‍ കാട്ടാനയുടെ മുന്നില്‍പ്പെട്ടത്. ഇവര്‍ക്കൊപ്പം രണ്ട് ഇതരസംസ്ഥാന തൊഴിലാളികളുമുണ്ടായിരുന്നു. ഓട്ടോ കുത്തി മറിച്ചിട്ട കാട്ടാന വാഹനത്തില്‍ നിന്നും തെറിച്ചു വീണ മണിയെ തുമ്പിക്കൈയ്യില്‍ ചുഴറ്റിയെടുത്ത് എറിഞ്ഞു. തെറിച്ചു വീണ മണിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.