ന്യൂഡൽഹി: സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ ഫാലി എസ്. നരിമാൻ അന്തരിച്ചു. 95 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രിയിലായിരുന്നു അന്ത്യം. ഭരണഘടനാ തത്വങ്ങളെ എന്നും ഉയർത്തി പിടിച്ച വ്യക്തിയാണ് ഫാലി എസ്. നരിമാൻ.
പാഴ്സി വിഭാഗക്കാരായ സാം ബരിയംജി നരിമാൻ- ബാനു നരിമാൻ ദമ്പതികളുടെ മകനായി 1929ൽ ബർമയിലായിരുന്നു ഫാലി എസ്. നരിമാന്റെ ജനനം. മുംബൈയിൽ കുടിയേറിയ അദ്ദേഹം നിയമവിദ്യാഭ്യാസം അടക്കം പൂർത്തിയാക്കി. തുടർന്ന് ബോംബെ ഹൈകോടതിയിൽ പ്രാക്ടീസ് തുടങ്ങി. 1971 മുതൽ സുപ്രീംകോടതിയിൽ അഭിഭാഷകനായി. കേന്ദ്ര സർക്കാറിനായി നിരവധി കേസുകളിൽ ഹാജരായി.
1972 മുതൽ 1975 ജൂൺ വരെ അഡ്വക്കേറ്റ് സോളിസിറ്റർ പദവി വഹിച്ചിരുന്നു. എന്നാൽ, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതിഷേധ സൂചകമായി പദവി രാജിവെച്ചു. 1991 മുതൽ ബാർ അസോസിയേഷൻ ഇന്ത്യ പ്രസിഡന്റ് ആയിരുന്നു.
ഇന്ത്യൻ എക്സ്പ്രസുമായി ബന്ധപ്പെട്ട മാധ്യമ സ്വാതന്ത്ര്യ കേസ്, കൊളീജിയം കേസ്, ഭോപ്പാൽ ദുരന്ത കേസ് അടക്കമുള്ളവയിൽ ശക്തമായ വാദമുഖങ്ങൾ ഉന്നയിച്ച അഭിഭാഷകനാണ് ഫാലി എസ്. നരിമാൻ. ഒരു ജനപ്രതിനിധിക്ക് ആറ് മാസത്തിൽ കൂടുതൽ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റത്തിന് ശിക്ഷപ്പെട്ടാൽ അംഗത്വം റദ്ദാകുമെന്ന ചരിത്ര വിധിക്ക് കാരണമായ ലില്ലി തോമസ് കേസിൽ സുപ്രീംകോടതിയിൽ ഹാജരായത് നരിമാൻ ആയിരുന്നു.