ബംഗളൂരു: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിക്കെതിരായ എസ്എഫ്ഐഒ അന്വേഷണത്തിന് സ്റ്റേ ഇല്ല. അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് എക്സാലോജിക് കമ്പനി നല്കിയ ഹർജി കർണാടക ഹൈക്കോടതി തള്ളി.
കര്‍ണാടക ഹൈക്കോടതിയുടെ ബംഗളുരു പ്രിന്‍സിപ്പല്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ജസ്റ്റിസ് എം. നാഗപ്രസന്ന അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഒറ്റ വരി വിധിയാണ് പുറപ്പെടുവിച്ചത്. ‘ഹർജി തള്ളുന്നു, നാളെ രാവിലെ 10.30ന് വിശദമായ വിധിപ്പകർപ്പ് നൽകാം’ എന്നാണ് കോടതി പറഞ്ഞത്.
കമ്പനി നിയമത്തിലെ 21ആം വകുപ്പ് കരിനിയമമായി ഉപയോഗിക്കുന്നുവെന്നായിരുന്നു എക്സാലോജികിന്റെ പ്രധാന വാദം. അതിന്റെ ഭാഗമാണ് എസ്എഫ്ഐഒ അന്വേഷണം.എക്സാ ലോജിക് കമ്പനിക്ക് വേണ്ടി സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് അരവിന്ദ് പി ദത്തര്‍ ആണ് ഹാജരായത്.