ഡ്രോണുകള്‍ കൃഷിയിടങ്ങളില്‍ വിന്യസിക്കുന്ന ഹൈ-ടെക് സാങ്കേതികവിദ്യയുടെ പ്രചാരകനായി പ്രത്യക്ഷപ്പെടാറുള്ള പ്രധാനമന്ത്രി മോദിയുടെ ഭരണകൂടം ആളില്ലാതെ പറക്കുന്ന അത്തരം വ്യോമയാനങ്ങളില്‍ നിന്ന് കണ്ണീര്‍വാതക ഷെല്ലുകള്‍, പഞ്ചാബില്‍ നിന്ന് ‘ദില്ലി ചലോ’ പ്രക്ഷോഭത്തിനിറങ്ങിയ ‘അന്നദാതാക്കള്‍ക്കു’ നേരെ വിക്ഷേപിച്ച് ജനാധിപത്യ സമരങ്ങളെ അടിച്ചമര്‍ത്താനുള്ള നവീന തന്ത്രങ്ങള്‍ പരീക്ഷിക്കുകയാണിപ്പോള്‍. ആയിരക്കണക്കിന് ട്രാക്ടര്‍ ട്രോളികളും ട്രക്കുകളുമായി രാജ്യതലസ്ഥാന മേഖലയിലേക്ക് മാര്‍ച്ച് ചെയ്യുന്ന കര്‍ഷകര്‍ ഹരിയാനയിലേക്കു കടക്കാതിരിക്കാന്‍ പട്യാല-അംബാല അതിര്‍ത്തിയിലെ ശംഭുവിലും സംഗ്രൂര്‍-ഹിസാര്‍ അതിര്‍ത്തിയിലെ ഖനൗരിയിലും ഫത്തേഹാബാദിലും ദബ് വാലിയിലും കോണ്‍ക്രീറ്റ് ജേഴ്സി ബാരിക്കേഡുകളും റേസര്‍ബ്ലേഡ് മുള്ച്ചുരുള്വേലികളും വഴിനീളെ കൂര്‍ത്ത ഇരുമ്പാണികളുടെ അള്ളുപാളികളും കണ്ടെയ്നറുകളും കിടങ്ങുകളും അടക്കം പത്തുപന്ത്രണ്ട് അടുക്കുകളായുള്ള മാര്‍ഗതടസങ്ങള്‍ സൃഷ്ടിച്ചിട്ടും അവര്‍ അവയോരോന്നും പിഴുതെറിഞ്ഞ് ഡല്‍ഹിയിലേക്കു മുന്നേറുമെന്ന ദൃഢനിശ്ചയത്തിലാണ്.
ശൈത്യകാലത്തെ മൂടല്‍മഞ്ഞില്‍ രാത്രി രണ്ടുമണിവരെ ശംഭു ബാരിയറില്‍ മാത്രം രണ്ടായിരത്തിലധികം ടിയര്‍ഗ്യാസ് ഷെല്ലുകള്‍ വഴിമുട്ടിനിന്ന ജനക്കൂട്ടത്തിനു നേരെ പ്രയോഗിച്ചതായാണ് റിപ്പോര്‍ട്ട്. രാസവാതകവും റബര്‍ വെടിയുണ്ടകളും മാത്രമല്ല എസ്എല്‍ആര്‍ ബുള്ളറ്റുകളും വര്‍ഷിക്കപ്പെട്ടതായി കര്‍ഷക പ്രക്ഷോഭം നയിക്കുന്ന സംയുക്ത കിസാന്‍ മോര്‍ച്ച (രാഷ്ട്രീയേതരം), കിസാന്‍ മസ്ദൂര്‍ മോര്‍ച്ച എന്നിവ ആരോപിക്കുന്നു. കണ്ണീര്‍വാതക ഷെല്ലുകള്‍ ചൊരിയുന്ന ഡ്രോണുകളെ നേരിടാന്‍ രണ്ടാം ദിനത്തില്‍ കര്‍ഷകര്‍ ആകാശത്തേക്ക് വലിയ പട്ടങ്ങള്‍ പറത്തി പ്രതിരോധം തീര്‍ക്കുന്നതിന്റെയും, ചങ്ങലകളില്‍ കെട്ടി ബാരിക്കേഡുകള്‍ ക്രെയിനുകള്‍ ഉപയോഗിച്ച് ഫ്ളൈഓവറില്‍ നിന്ന് വലിച്ചുമാറ്റുന്നതിന്റെയും പൊലീസ് നിറയൊഴിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റ്-ബള്‍ക്ക് എസ്എംഎസ് നിരോധനത്തിനിടയിലും പുറത്തുവരുന്നുണ്ട്.
”കര്‍ഷകരുടെ ക്ഷേമത്തിനായി സ്വന്തം ജീവിതം ഉഴിഞ്ഞുവച്ച” ജാട്ട് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ ചൗധരി ചരണ്‍ സിംഗിനും, ”കൃഷിക്കും കര്‍ഷകക്ഷേമത്തിനും രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയ്ക്കും സമൃദ്ധിക്കുമായി മഹത്തായ സംഭാവനകള്‍ നല്കിയ” ഡോ. എം.എസ് സ്വാമിനാഥനും മരണാനന്തര ബഹുമതിയായി രാജ്യത്തെ പരമോന്നത സിവിലിയന്‍ പുരസ്കാരമായ ഭാരതരത്ന പ്രഖ്യാപിച്ച് മോദി ഗ്രാമീണ ഭാരതത്തിന്റെ അതിശക്തിമത്തായ രാഷ്ട്രീയ ഭൂമിക ഒറ്റയടിക്ക് വെട്ടിപ്പിടിച്ചെന്ന് ഊറ്റംകൊണ്ടിരിക്കെയാണ്, കര്‍ഷകരുടെയും കര്‍ഷകതൊഴിലാളികളുടെയും ഇരുന്നൂറ്റമ്പതോളം യൂണിയനുകള്‍ ഉള്‍പ്പെടുന്ന രണ്ടു വലിയ പ്രസ്ഥാനങ്ങള്‍ രണ്ടാംവട്ടം ഡല്‍ഹിയിലേക്ക് ലോങ് മാര്‍ച്ച് നടത്തുന്നത്.
ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി, ഭാരതരത്ന ദേശീയ പുരസ്കാരത്തിന്റെ അനന്യമഹിമയെ തിരഞ്ഞെടുപ്പു രാഷ്ട്രീയതന്ത്രത്തിന്റെ തലത്തിലേക്കു തരംതാഴ്ത്തിയ മോദിക്ക്, ബിഹാറിലെ പിന്നാക്കജാതിക്കാരുടെ പടത്തലവനായിരുന്ന കര്‍പ്പൂരി ഠാക്കുറിന് ഭാരതരത്ന സമ്മാനിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി നിതീഷ് കുമാറിനെ കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യത്തില്‍ നിന്ന് വീണ്ടും എന്‍ഡിഎയിലേക്കു കൊണ്ടുവന്ന് പ്രതിപക്ഷത്തെ ‘ഇന്ത്യ’ സഖ്യത്തെ ഞെട്ടിക്കാന്‍ കഴിഞ്ഞു. അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ നിന്ന് തീര്‍ത്തും ഒഴിവാക്കിയെങ്കിലും, ആര്‍എസ്എസിന്റെ ഹിന്ദുത്വ രാഷ്ട്രീയ മുന്നേറ്റത്തിന്റെ പരമാചാര്യനായ എല്‍.കെ അദ്വാനിക്ക്, ബാബ്റി മസ്ജിദ് തകര്‍ക്കപ്പെട്ട കാലത്തെ കോണ്‍ഗ്രസ് പ്രധാനമന്ത്രിയായിരുന്ന പി.വി നരസിംഹറാവുവിനൊപ്പം ഭാരതരത്ന സമ്മാനിച്ചത് ഹിന്ദുത്വ അജന്‍ഡയുടെ മഹത്വവത്കരണത്തിനുതന്നെയാണ്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന ചൗധരി ചരണ്‍ സിംഗിന് ഭാരതരത്ന പ്രഖ്യാപിച്ചതിന്റെ പ്രാഥമിക രാഷ്ട്രീയ നേട്ടം ചരണ്‍ സിംഗിന്റെ പൗത്രനും രാഷ്ട്രീയ ലോക് ദള്‍ നേതാവുമായ ജയന്ത് ചൗധരിയെ ‘ഇന്ത്യ’ സഖ്യത്തില്‍ നിന്ന് എന്‍ഡിഎയിലേക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞു എന്നതാണ്. പശ്ചിമ ഉത്തര്‍പ്രദേശില്‍ ജാട്ട് വിഭാഗങ്ങള്‍ക്ക് സ്വാധീനമുള്ള അഞ്ച് ലോക്സഭാ മണ്ഡലങ്ങളില്‍ ജയന്ത് ചൗധരിയെക്കൊണ്ട് പ്രയോജനമുണ്ടാകുമെന്നതിനെക്കാള് പ്രതിപക്ഷ ഐക്യനീക്കങ്ങളെ എത്ര എളുപ്പത്തില്‍ തകര്‍ക്കാം എന്നു വീണ്ടും തെളിയിക്കാനാകുന്നു എന്നതിലാകും മോദി ആനന്ദംകൊള്ളുന്നത്.
രാജ്യത്തെ പാര്‍ലമെന്ററി ജനാധിപത്യത്തിനും ഭരണഘടനാ സംവിധാനങ്ങള്‍ക്കും ആഴമേറിയ ക്ഷതങ്ങളേറ്റ പത്തുവര്‍ഷത്തെ തന്റെ വാഴ്ചയ്ക്കിടെ മോദി ആരുടെയെങ്കിലും മുന്പില് കീഴടങ്ങിയിട്ടുണ്ടെങ്കില്‍ അത് ഡല്‍ഹി വളഞ്ഞ് അതിശൈത്യത്തിലും കൊടുംചൂടിലും 2020 നവംബര്‍ മുതല്‍ 2021 ഡിസംബര്‍ വരെ നീണ്ട ഐതിഹാസിക പ്രക്ഷോഭം നയിച്ച പഞ്ചാബിലെയും ഹരിയാനയിലെയും പശ്ചിമ യുപിയിലെയും കര്‍ഷകരുടെ സമരവീര്യത്തിനു മുന്‍പിലാണ്.
2020 സെപ്റ്റംബറില്‍ പാര്‍ലമെന്റ് പാസാക്കിയ മൂന്നു കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടന്ന ജനകീയ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ മോദി ഭരണകൂടവും സംഘപരിവാറും സര്‍വസന്നാഹങ്ങളുമായി രംഗത്തിറങ്ങിയെങ്കിലും ഒടുവില്‍, കാര്‍ഷിക മേഖലയെ കോര്‍പറേറ്റ് വമ്പന്മാര്ക്ക് തീറെഴുതാനായി കൊണ്ടുവന്ന ആ മൂന്നു നിയമങ്ങളും സര്‍ക്കാരിനു പിന്‍വലിക്കേണ്ടതായി വന്നു. ‘തന്റെ തപസ്യയില്‍’ വന്നിട്ടുള്ള വീഴ്ചയില്‍ മാപ്പുചോദിച്ചുകൊണ്ടാണ് മോദി അന്ന് തടിയൂരിയത്. കിസാന്‍ ആന്ദോളന് അവസാനിപ്പിക്കാന്‍ മോദി നല്കിയ വാഗ്ദാനങ്ങള്‍ ഒന്നുംതന്നെ നടപ്പായില്ലെന്ന് ഓര്‍മിപ്പിച്ചുകൊണ്ടാണ് കര്‍ഷകര്‍ വീണ്ടും ദില്ലിയിലേക്ക് മാര്‍ച്ച് ചെയ്യുന്നത്. രണ്ടുവര്‍ഷം മുന്‍പ് നടന്ന കര്‍ഷക പ്രക്ഷോഭത്തിലും പിന്നീട് ഗുസ്തി താരങ്ങള്‍ നടത്തിയ സമരത്തിലും ബിജെപിക്കെതിരെ നിലയുറപ്പിച്ചിരുന്ന ആര്‍എല്‍ഡിയുടെ ജയന്ത് ചൗധരിക്ക്, ഇപ്പോള്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് ഇരകളാകുന്ന കര്‍ഷകരെ ഖലിസ്ഥാന്‍ ഭീകരവാദികളെന്നും രാജ്യദ്രോഹികളെന്നും ബിജെപി ഐടി സെല്‍ ചാപ്പ കുത്തുമ്പോള്‍ മിണ്ടാട്ടമില്ല!
കര്‍ഷകരുടെ പ്രശ്നങ്ങള്‍ പഠിക്കാനായി പ്രധാനമന്ത്രി മന്മോഹന് സിങ് നിയോഗിച്ച ദേശീയ കമ്മിഷന് ചെയര്‍മാനായിരുന്ന ഡോ. സ്വാമിനാഥന് 2004-2006 കാലയളവില്‍ കേന്ദ്രത്തിനു സമര്‍പ്പിച്ച അഞ്ചു റിപ്പോര്‍ട്ടുകളിലെ പ്രധാന ശുപാര്‍ശകളിലൊന്ന് ഖാരിഫ്, റാബി വിളകള്‍ക്ക് മിനിമം താങ്ങുവില നിയമപരമായ അവകാശമായി അംഗീകരിച്ച് നടപ്പിലാക്കണം എന്നായിരുന്നു. കാര്‍ഷിക ചെലവുകള്‍ക്കും വിലകള്‍ക്കും വേണ്ടിയുള്ള കമ്മീഷന് കണക്കാക്കുന്ന ഉത്പാദനച്ചെലവിന്റെ 50 ശതമാനത്തിനു മുകളില്‍ കര്‍ഷകര്‍ക്ക് മിനിമം താങ്ങുവില (എംഎസ്പി) നല്‍കണം. ഇതിനായുള്ള ‘സി2 + 50%’ എന്ന ഫോര്‍മുലയില്‍, കാര്‍ഷിക ജോലികള്‍ക്കുള്ള സാമ്പത്തിക മുതല്‍മുടക്ക് – വിത്ത്, രാസവളം, കീടനാശിനി, കൂലിപ്പണി, വൈദ്യുതി, ഡീസല്‍, ജലസേചനം, യന്ത്രങ്ങള്‍ എന്നിവയ്ക്കുള്ള ചെലവിനൊപ്പം കൂലിയില്ലാത്ത കുടുംബതൊഴിലാളികളുടെ ചെലവും ഭൂമിയുടെ വാടകച്ചെലവും മൂലധനത്തിന്റെ പലിശയും സ്ഥിര മൂലധന ആസ്തികളുടെ മൂല്യശോഷണവും ചേര്‍ക്കേണ്ടതാണ്. ഡോ. സ്വാമിനാഥന് ഭാരതരത്ന സമ്മാനിച്ച മോദി, കര്‍ഷകക്ഷേമത്തിനായി അദ്ദേഹം സമര്‍പ്പിച്ച റിപ്പോര്‍ട്ട് നടപ്പാക്കാന്‍ വിമുഖത കാണിക്കുന്നതെന്തെന്ന് കര്‍ഷകര്‍ ചോദിക്കുന്നു.
”പഞ്ചാബിലെ കര്‍ഷകര്‍ ഇന്ന് ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്യുകയാണ്. പത്ര റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, ഹരിയാനയില്‍ അവര്‍ക്കായി ജയിലുകള്‍ ഒരുക്കുന്നുണ്ട്, ബാരിക്കേഡുകളുണ്ട്, അവരെ തടയാന്‍ പല കാര്യങ്ങളും ചെയ്യുന്നുണ്ട്. അവര്‍ കര്‍ഷകരാണ്; കുറ്റവാളികളല്ല,” ഡോ. സ്വാമിനാഥന്റെ മകള്‍, ഡെവലപ്മെന്റല്‍ ഇക്കണോമിസ്റ്റ് മഥുര സ്വാമിനാഥന് മോദി ഗവണ്മെന്റിനെ ഓര്‍മിപ്പിക്കുന്നുണ്ട്.
കര്‍ഷകരുടെ ഡല്‍ഹി മാര്‍ച്ച് തടയുന്നതിന് ഹരിയാനയിലും രാജസ്ഥാന്, ഉത്തര്‍പ്രദേശ് അതിര്‍ത്തികളിലും പതിനായിരകണക്കിനു പൊലീസ് ഉദ്യോഗസ്ഥരെയും കേന്ദ്ര സായുധസേനാ ബറ്റാലിയനുകളെയും മറ്റു സുരക്ഷാസേനാ വിഭാഗങ്ങളെയും വിന്യസിക്കുകയും, ദേശീയപാതകളില്‍ പലതരത്തിലുള്ള പ്രതിബന്ധങ്ങള്‍ തീര്‍ക്കുകയും – സമരക്കാര്‍ കുതിരപ്പുറത്തെങ്ങാനും വന്നാല്‍ അവയെ വലയ്ക്കാനായി വഴുവഴുപ്പുള്ള ലൂബ്രിക്കന്റുകള്‍ വഴിയിലൊഴിക്കുമെന്നും മൃഗങ്ങളെ വിറളിപിടിപ്പിക്കാനും പ്രതിഷേധക്കാരുടെ കാതടപ്പിക്കാനുമായി ലോങ് റേഞ്ച് അക്കോസ്റ്റിക് ഡിവൈസ് (എല്റാഡ്) ഉപയോഗിച്ച് അസഹ്യമായ ശബ്ദമുണ്ടാക്കുമെന്നുമൊക്കെ മോദി മീഡിയ വൃന്ദങ്ങള്‍ സൂചിപ്പിക്കുന്നുണ്ട് – ആളുകള്‍ കൂട്ടം കൂടുന്നതു തടയാനായി തലസ്ഥാന നഗര മേഖലയോടു ചേര്‍ന്ന ജില്ലകളിലെല്ലാം നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ഇന്റര്‍നെറ്റ് സര്‍വീസുകള്‍ നിര്‍ത്തലാക്കുകയും ചെയ്തു. കര്‍ഷക സമരം തുടങ്ങുന്നതിന് രണ്ടു ദിവസം മുന്‍പേ ഹരിയാനയിലെ പ്രധാന റോഡുകളിലെല്ലാം ബിജെപി സര്‍ക്കാര്‍ ബാരിക്കേഡുകള്‍ തീര്‍ത്തു.
ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടയാന്‍ ആരാണ് ഉത്തരവു നല്‍കിയതെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഡിവിഷന് ബെഞ്ച് ആരായുന്നുണ്ട്. സമാധാനപരമായി സമരം ചെയ്യാനും രാജ്യത്ത് സ്വതന്ത്രമായി സഞ്ചരിക്കാനും പൗരന്മാര്ക്ക് അവകാശമുണ്ടെന്ന് കോടതി ഓര്‍മിപ്പിക്കുന്നു.
ഹരിയാന അതിര്‍ത്തിയില്‍ നിന്ന് ഒട്ടേറെ കര്‍ഷക യൂണിയന് നേതാക്കളെ അറസ്റ്റുചെയ്ത് അജ്ഞാതകേന്ദ്രങ്ങളിലേക്കു മാറ്റി. സംസ്ഥാനത്തെ സിര്‍സയിലെ ചൗധരി ദല്‍ബീര്‍ സിങ് ഇന്‍ഡോര്‍ സ്റ്റേഡിയവും ദബ് വാലിയിലെ ഗുരു ഗോവിന്ദ് സ്റ്റേഡിയവും താത്കാലിക ജയിലുകളാക്കി മാറ്റിയതായി റിപ്പോര്‍ട്ടുണ്ട്. ഡല്‍ഹിയില്‍ ബവാനയിലെ രാജീവ് ഗാന്ധി സ്റ്റേഡിയം ജയിലാക്കി മാറ്റാന്‍ വിട്ടുനല്‍കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ആവശ്യം ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി ഗവണ്മെന്റ് തള്ളി. കര്‍ഷകരുടെ ആവശ്യം ന്യായമാണെന്നും, സമാധാനപരമായി സമരം ചെയ്യാന്‍ കര്‍ഷകര്‍ക്ക് ഭരണഘടനാപരമായ അവകാശമുണ്ടെന്നും അതുകൊണ്ടുതന്നെ അവരെ അറസ്റ്റു ചെയ്യുന്നത് അന്യായമാണെന്നും കേജ് രിവാള്‍ നിലപാടെടുത്തു. ട്രാക്ടറുകള്‍ക്ക് ഡീസല്‍ നല്‍കുന്നതിന് ഹരിയാനയിലെ പെട്രോള്‍ ബങ്കുകള്‍ക്കു വിലക്കുണ്ട്. ഡല്‍ഹിയില്‍ ചിലയിടങ്ങളില്‍ ഒരുമാസത്തേക്കാണ് നിരോധനാജ്ഞ. ഝറോഢ, ഗാസിപുര്‍, സിംഗു, ടിക്രി അതിര്‍ത്തികളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഡല്‍ഹി മെട്രോയുടെ ഒന്‍പതു സ്റ്റേഷനുകളില്‍ ഗേറ്റുകള്‍ അടച്ചു.
രണ്ടുകൊല്ലമായി മരവിച്ചു കിടന്ന കേന്ദ്ര സര്‍ക്കാരിന്റെ എംഎസ്പി കമ്മിറ്റിയുടെ കാര്യത്തില്‍ കര്‍ഷക യൂണിയനുകളുടെ പത്തു പ്രതിനിധികളുമായി ചണ്ഡിഗഢില്‍ കേന്ദ്ര കൃഷിമന്ത്രി അര്ജുന് മുണ്ടയും വാണിജ്യ-വ്യവസായ മന്ത്രി പീയൂഷ് ഗോയലും കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിയും കര്‍ഷക മാര്‍ച്ച് ആരംഭിക്കുന്നതിനു തൊട്ടുമുന്‍പ് ചര്‍ച്ച നടത്തുന്നതിനിടയില്‍തന്നെ കിസാന്‍ മോര്‍ച്ച നേതാക്കളുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ടു.
ഡല്‍ഹി മാര്‍ച്ചില്‍ പങ്കെടുക്കാനായി കര്‍ണാടകയിലെ ഹൂബ്ലിയില്‍ നിന്ന് പുറപ്പെട്ട കര്‍ഷക പ്രതിനിധികളെ ഭോപ്പാല്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് കര്‍ണാടക എക്സ്പ്രസ് ട്രെയിനില്‍ നിന്ന് വെളുപ്പിനു മൂന്നുമണിക്ക് മധ്യപ്രദേശ് പൊലീസ് ബലമായി പിടിച്ചിറക്കി. ക്രമസമാധാനം തകരാറിലാക്കുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഐപിസി 151-ാം വകുപ്പ് ചുമത്തി അവരുടെ ഡല്‍ഹി യാത്ര തടഞ്ഞതെന്ന് ഭോപ്പാല്‍ പൊലീസ് പറയുന്നു. കസ്റ്റഡിയിലെടുത്ത കര്‍ഷകരെ പിന്നീട് ട്രെയിനില്‍ ഉജ്ജൈനിലെത്തിച്ചു.
ഭാരത് ജോഡോ ന്യായ് യാത്രയില്‍ ഛത്തീസ്ഗഢിലെ അംബികാപുരില്‍ എത്തിയ രാഹുല്‍ ഗാന്ധി, ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാല്‍ കര്‍ഷകര്‍ക്ക് മിനിമം താങ്ങുവില നിയമപരമായി ഉറപ്പാക്കുമെന്ന് പ്രഖ്യാപിച്ചു. യുവജനം, സ്ത്രീകള്‍, കര്‍ഷകര്‍, തൊഴിലാളികള്‍ എന്നിവരെ കേന്ദ്രീകരിച്ച് ന്യായ് യാത്രയില്‍ തങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന അഞ്ച് പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നാമത്തേത് എല്ലാ വിളകള്‍ക്കുമുള്ള മിനിമം താങ്ങുവില ഗാരന്റിയാണെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ സാന്നിധ്യത്തില്‍ രാഹുല്‍ വ്യക്തമാക്കി. രാജ്യത്തെ 15 കോടി കര്‍ഷകര്‍ക്ക് തങ്ങള്‍ നല്കുന്ന ഗാരന്റിയാണിതെന്ന് രാഹുല്‍ പറഞ്ഞു. പഞ്ചാബ്-ഹരിയാന അതിര്‍ത്തിയില്‍ കര്‍ഷക മാര്‍ച്ച് തടഞ്ഞ സുരക്ഷാസേന നടത്തിയ വെടിവയ്പ്പില്‍ കണ്ണിനും കൈകള്‍ക്കും പരിക്കേറ്റ മുന്‍സൈനികനായ കര്‍ഷനുമായി രാഹുല്‍ ഫോണില്‍ സംസാരിച്ചു. ഝാര്‍ഖണ്ഡില്‍ ന്യായ് യാത്രയുടെ രണ്ടാം ഘട്ടം തത്കാലത്തേക്കു മാറ്റിവച്ച് രാഹുല്‍ ഗാന്ധി കര്‍ഷക പ്രക്ഷോഭത്തിനു പിന്തുണ പ്രഖ്യാപിക്കാന്‍ ഡല്‍ഹിക്കു പോകുന്നതായി റിപ്പോര്‍ട്ടുണ്ട്.
രാജ്യത്തെ അഞ്ഞൂറോളം കര്‍ഷക യൂണിയനുകളുടെ ഐക്യമുന്നണിയായ സംയുക്ത കിസാന്‍ മോര്‍ച്ച ഫെബ്രുവരി 16ന് ഗ്രാമീണ്‍ ഭാരത് ബന്ദിന് ആഹ്വാനം നല്‍കിയിട്ടുണ്ട്. കര്‍ഷക ആന്ദോളന് അടിച്ചമര്‍ത്താനുള്ള മോദി സര്‍ക്കാരിന്റെ നീക്കങ്ങളില്‍ പ്രതിഷേധിച്ച് പഞ്ചാബില്‍ ട്രെയിന്‍ തടയാനും ദേശീയ പാത ടോള്‍പ്ലാസകള്‍ നിശ്ചിത സമയത്തേക്ക് തുറന്നിടാനും വിവിധ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്. സുഖ്ബീര്‍ സിങ് ബാദല്‍ നയിക്കുന്ന ശിരോമണി അകാലി ദള്‍ നേരത്തെ നിശ്ചയിച്ചിരുന്ന പഞ്ചാബ് ബചാവോ യാത്ര പരിപാടി നിര്‍ത്തിവച്ച് കര്‍ഷകരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പിന് ബിജെപിയുടെ മുഖ്യ പ്രചാരണ വിഷയമാകേണ്ട അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്ക് മുഖ്യ യജമാനനായി തന്റെ സംഘപരിവാര്‍ രാഷ്ട്രീയ അവതാരലക്ഷ്യം സാക്ഷാത്കരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാഴ്ത്തിസ്തുതിക്കാനായി പതിനേഴാം ലോക്സഭയുടെ അവസാനത്തെ ബജറ്റ് സമ്മേളനം ഒരു ദിവസം കൂടി നീട്ടിയത് ഇന്ത്യയുടെ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ രൂപപരിണാമത്തിന്റെ നിദര്‍ശനമായിരുന്നു. ഭരണഘടനയ്ക്കു പകരം രാജചിഹ്നമായ ചെങ്കോലുമായി എഴുന്നള്ളത്തു നടത്തുന്ന ഉഗ്രപ്രതാപിയായ ഗണനായകന്റെ മഹിമാതിരേക പ്രകര്‍ഷം.
1984-ല്‍ രാജീവ് ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി 514 അംഗ ലോക്സഭയില്‍ 414 സീറ്റ് നേടിയ ചരിത്രം മറികടക്കണമെന്ന വലിയ മോഹം മറച്ചുവയ്ക്കാതെ 400 സീറ്റിനുമേല്‍ മൂന്നാമൂഴമുറപ്പിക്കാന്‍ കച്ചകെട്ടുന്ന ഈ ചരിത്രപുരുഷന് പാവം അന്നദാതാക്കളുടെ കലപ്പയും ട്രാക്ടറും കാണുമ്പോള്‍ എന്തിനാണിത്ര കലിപ്പ്?