പത്തനംതിട്ട : വിവാഹം ക്ഷണിക്കാനെത്തിയ സ്നേഹിതയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി . കൊല്ലം സ്വദേശിയായ യുവാവാണ് ഈ മാസം വിവാഹിതയാകാനിരുന്ന കോന്നി സ്വദേശിയായ പെണ് സുഹൃത്തിനെ സിംഗപ്പൂരിൽ വച്ച് കൊലപ്പെടുത്തിയത്. ശേഷം യുവാവ് ജീവനൊടുക്കുകയായിരുന്നു.
കോന്നി മങ്ങാരം മേപ്രത്ത് പരേതനായ കെ എന്‍ സലീമിന്റെ മകൾ അമിത സലീം (29) ആണ് കൊല്ലപ്പെട്ടത്. അമിതയെ കൊലപ്പെടുത്തിയ ശേഷം സുഹൃത്തായ കൊല്ലം അഞ്ചല്‍ ജങ്ഷൻ തേജസില്‍ കെ വി ജോണിന്റെ മകനും സിംഗപ്പൂർ നാൻയാങ് യൂണിവേഴ്സിറ്റി വിദ്യാർഥിയുമായ ജോജി ജോണ്‍ വർഗീസ് (29) ജീവനൊടുക്കുകയായിരുന്നു എന്നാണ് വിവരം.
ഇരുവരും ദീർഘകാലമായി അടുത്ത സുഹൃത്തുക്കളാണ്. ഫെബ്രുവരി 22 നാണ് എറണാകുളം തൃക്കാക്കര സ്വദേശിയായ യുവാവുമായി അമിതയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. ഇതിന്റെ സത്കാര ചടങ്ങുകള്‍ 25 ന് അടൂർ ഗ്രീൻവാലി ഓഡിറ്റോറിയത്തില്‍ നടത്താനും തീരുമാനിച്ചിരുന്നു. വിവാഹം ക്ഷണിക്കാൻ ജോജിയുടെ താമസ സ്ഥലത്ത് ചെന്ന അമിതയെ ആസിഡ് ഒഴിച്ച് ആക്രമിച്ച ശേഷം കൊലപ്പെടുത്തി കെട്ടിത്തൂക്കിയെന്നുമാണ് വിവരം.