തിരുവനന്തപുരം: വയനാട്ടിലെ വന്യജീവി ആക്രമണത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ എംഎല്‍എമാര്‍ വനംമന്ത്രി എ കെ ശശീന്ദ്രന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി.മാര്‍ച്ച് മസ്ക്കറ്റ് ഹോട്ടലിന് മുന്നില്‍ പോലീസ് തടഞ്ഞു. വിഷയത്തില്‍ കഴിഞ്ഞദിവസം നിയമസഭയില്‍ പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയിരുന്നു.
അതേസമയം, വടക്കേ വയനാട്ടിലെ പയ്യന്പള്ളി ചാലിഗദ്ദയില്‍ കര്ഷകന് അജീഷിന്റെ ജീവനെടുത്ത ബേലൂര്‍ മഖ്ന എന്ന മോഴയെ മയക്കുവെടിവച്ച് പിടിക്കാനുള്ള ദൗത്യം ഇന്നും തുടരും.
വന്യജീവി ആക്രമണം നിരന്തരമായി ആവര്‍ത്തിക്കുകയാണ്. വളരെ ഭീതിനിറഞ്ഞ സാഹചര്യമാണ് കേരളത്തിലെ വനാതിര്‍ത്തി പ്രദേശങ്ങളിലുള്ളതെന്ന് വി ഡി സതീശന് പറഞ്ഞു. വന്യജീവി ആക്രമണങ്ങള്‍ക്ക് ശാശ്വത പരിഹാരം വേണമെന്നാണ് ആവശ്യം. വനംമന്ത്രിയുടെ നിസംഗതയും നിഷ്ക്രിയത്വവും വലിയ ദോഷം ഉണ്ടാക്കുകയാണെന്നും പ്രതിഷേധവുമായി രംഗത്തെത്താന്‍ പ്രതിപക്ഷത്തെ പ്രേരിപ്പിക്കുന്നത് ഇതാണെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശന് പറഞ്ഞു.
വളരെ സാധാരണക്കാരാണ് ആക്രമണങ്ങള്‍ക്ക് ഇരയാകുന്നത്. സ്വന്തം പറമ്പില്‍ കൃഷിപ്പണിക്ക് ഇറങ്ങാന്‍ വയ്യാത്ത സാഹചര്യമാണ് . റബ്ബര്‍ കര്‍ഷകര്‍ക്ക് വെട്ടാന്‍ പോകാനാകുന്നില്ല. കുട്ടികള്‍ക്ക് സ്കൂളില്പോകാനാകുന്നില്ല. വനംമന്ത്രിയുടേത് പൂര്‍ണ നിഷ്ക്രിയത്വമാണെന്നും വി.ഡി. സതീശന് ആരോപിച്ചു.
ജനങ്ങള്‍ക്ക് കൃഷി ചെയ്യാന്‍ പോലുമാകാത്ത സാഹചര്യമാണ്. കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടും നഷ്ടപരിഹാരം നല്‍കിയില്ല. അവര്‍ക്ക് ആവശ്യമായ നഷ്ടപരിഹാരം നല്‍കുന്നതിനുള്‍പ്പടെ ഒരു പദ്ധതിയും സര്‍ക്കാരിന്റെ കൈവശമില്ലെന്നും പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്, ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി, ടി സിദ്ദിഖ്, പി സി വിഷ്ണുനാഥ് തുടങ്ങിയ നേതാക്കള്‍ മാർച്ചിൽ പങ്കെടുക്കുന്നുണ്ട്.