കോഴിക്കോട്: അനേകരുടെ ഹൃദയത്തില്‍ സ്നേഹത്തിന്റേയും കാരുണ്യത്തിന്റേയും മണിമുത്തുകള്‍ വിതറിയ ഇടയന് വര്‍ഗീസ് ചക്കാലക്കല്‍ നിരവധി മെത്രാപ്പോലീത്തമാരുടേയും മെത്രാന്മാരുടെയും വൈദികരുടേയും സന്ന്യസ്തരുടേയും സാധാരണക്കാരുടേയും സാന്നിധ്യത്തില്‍ ദൈവത്തിന് കൃതജ്ഞതാബലി അര്‍പ്പിച്ച് മെത്രാഭിഷേക രജതജൂബിലി ആഘോഷിച്ചു. കോഴിക്കോട് ദേവമാതാ കത്തീഡ്രലില്‍ ഇന്ന് (ഫെബ്രുവരി 8) വൈകീട്ട് 4ന് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ കേരള ലത്തീന്‍ സഭയിലേയും മറ്റു സഹോദര സഭകളിലേയും നിരവധി മേലധ്യക്ഷന്മാര് സംബന്ധിച്ചു.
ഇടയശുശ്രൂഷയുടെ തെളിമയാര്‍ന്ന നന്മയും ശ്രേഷ്ഠതയുമാണ് ബിഷപ് ചക്കാലക്കലിന്റെ മുഖമുദ്രയെന്ന് വചന പ്രഘോഷണം നടത്തിയ കേരള കത്തോലിക്ക മെത്രാന് സമിതി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് ബാവ പറഞ്ഞു. മെത്രാഭിഷേകത്തിനെന്ന പോലെ കേരള കത്തോലിക്ക സഭയിലെ മിക്കവാറും മെത്രാന്മാരും മറ്റു സഭകളിലെ മെത്രാന്മാരും വൈദികരും സാധാരണക്കാരും ജൂബിലിക്കായി എത്തിച്ചേര്‍ന്നിരിക്കുന്നത് ചക്കാലക്കല്‍ പിതാവിനോടുള്ള നിസീമമായ സ്നേഹത്തിനു തെളിവാണെന്ന് കര്‍ദിനാള്‍ വ്യക്തമാക്കി. ദൈവത്തില്‍ വിശ്വസിക്കുന്ന നന്മയെ ഇഷ്ടപ്പെടുന്ന എല്ലാവരും ചക്കാലക്കല്‍ പിതാവിന്റ ജൂബിലിക്ക് ഒത്തുകൂടിയിരിക്കുന്നു. വിസ്മയിപ്പിക്കുന്ന ദൈവത്തിന്റെ വാത്സല്യത്തിന്റെ മുദ്രകളാണ് അദ്ദേഹം പേറുന്നത്.
ചക്കാലക്കല്‍ പിതാവിനെ പോലെ സ്നേഹത്തിന്റെ ആഴപ്പെടലാണ് ദൈവം ആഗ്രഹിക്കുന്നത്. ‘നിന്റെ ഇഷ്ടം നിറവേറട്ടെ’ എന്നതാണ് ചക്കാലക്കല്‍ പിതാവിന്റെ ആപ്തവാക്യം. തന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ദൈവത്തിനു സമര്‍പ്പിക്കുന്ന ശ്രേഷ്ഠതയുടെ സാക്ഷ്യമാണത്. പഴയ നിയമത്തില്‍ ദൈവം അബ്രാത്തിനും പുതിയ നിയമത്തില്‍ യേശു പത്രോസിനും പൗലോസ് അപ്പസ്തോലന് കൊറീത്തോസുകാര്ക്കും പകര്‍ന്നു നല്കുന്ന വാഗ്ദാനങ്ങളും ചുമതലപ്പെടുത്തലും വാക്യങ്ങളും സ്നേഹത്തില്‍ അധിഷ്ഠിതമാണ്. സ്നേഹമാണ് സര്‍വോത്കൃഷ്ടം, അതിന്റെ വ്യാപനം നടക്കണമെന്നാണ് വര്‍ഗീസ് ചക്കാലക്കല്‍ പിതാവ് ആഗ്രഹിക്കുന്നത്.
അനുരഞ്ജനത്തിന്റേയും ബന്ധങ്ങളുടേയും ഇടയനാണ് ചക്കാലക്കല്‍ പിതാവ്. ഏതു വേദിയിലും പൊസിറ്റീസ് എനര്‍ജി പ്രസരിപ്പിക്കാനുള്ള പ്രത്യേക കഴിവ് അദ്ദേഹത്തിനുണ്ട്്. അത് ആത്മാവിന്റെ വ്യാപനമാണ്. അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ നമ്മുടെ പിരിമുറുക്കങ്ങള്‍ അനായാസം മാരിപ്പോകുന്നത് ഈ ആത്മീയതയുടെ തെളിവാണെന്നും കര്‍ദിനാള്‍ വ്യക്തമാക്കി.
വിസ്മയങ്ങളുടെ ദൈവത്തെയാണ് താന്‍ ചെറുപ്പം മുതലേ കണ്ടുവരുന്നതെന്ന് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ പറഞ്ഞു. ദൈവം സ്നേഹവും കാരുണ്യവാനും കൃപാലുവുമാണ് എന്നാണ് തന്റെ അനുഭവം. രണ്ടു രൂപതകളില്‍ സേവനം ചെയ്യാന്‍ ശക്തനായ ദൈവം തന്നെ തിരഞ്ഞെടുത്തതില്‍ നന്ദിയുള്ളവനാണെന്നും അദ്ദേഹം വ്യക്തമാക്കി.
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, സിബിസിഐ പ്രസിഡന്റ് ആര്‍ച്ച്ബിഷപ് മാര്‍. ആന്‍ഡ്രൂസ് താഴത്ത്, ആര്‍ച്ച്ബിഷപ്പുമാരായ ഡോ. ജോസഫ് കളത്തിപറമ്പില്‍, ഡോ. തോമസ് ജെ. നെറ്റോ, മാര്‍ ജോസഫ് പാംപ്ലാനി, മാര്‍ ജോസ് പൊരുന്നേടം, മാര്‍ മാത്യു മൂലക്കാട്ട്, ബിഷപ്പുമാരായ ഡോ. പീറ്റര്‍ അബീര്‍ അന്തോണി സ്വാമി, ഡോ. അലക്സ് വടക്കുംതല, ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, ഡോ. ജെയിംസ് റാഫേല്‍ ആനാപറമ്പില്‍, ഡോ. പോള്‍ ആന്റണി മുല്ലശേരി, ഡോ. സെബാസ്റ്റിയന് തെക്കത്തേച്ചേരില്‍, ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍, ഡോ. ജോസഫ് കാരിക്കശേരി, തോമസ് മാര്‍ കുറിലോസ്, മാര്‍ ജോര്‍ജ് വലിയമറ്റം, ജോസഫ് മാര്‍ തോമസ്, ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, മാര്‍ ജോര്‍ജ് നെല്ലിക്കുന്നേല്‍, മാര്‍ ടോണി നീലങ്കാവില്‍, വികാരി ജനറല്‍മാര്‍, കെസിബിസി-കെആര്‍എല്‍സിസി പ്രതിനിധികള്‍, വിവിധ അല്മായ സംഘടനാ പ്രതിനിധികള്‍, സന്നന്യസ്തസഭാ മേലധികാരികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കോഴിക്കോട് രൂപത വികാരി ജനറല്‍ മോണ്‍. ജന്സന് പുത്തന്‍വീട്ടില്‍ സ്വാഗതം പറഞ്ഞു.
കണ്ണൂര്‍ രൂപതയുടെ പ്രഥമ മെത്രാനായിരുന്ന ഡോ. വര്‍ഗീസ് ചക്കാലക്കല്‍ 13 വര്‍ഷത്തെ സേവനത്തിനു ശേഷം കോഴിക്കോട് രൂപതയുടെ മെത്രാനായി 2012ല്‍ നിയമിതനായി. രണ്ടു രൂപതകളിലും നിരവധി സേവനപ്രവര്‍ത്തനങ്ങള്‍ നടത്തി.