ഇടുക്കി:ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇടുക്കി പൂപ്പാറ, പന്നിയാര്‍ പുഴയിലെ കൈയ്യേറ്റം ഒഴിപ്പിക്കാന്‍ നടപടികള്‍ തുടങ്ങി . നടപടികള്‍ക്കിടെ വ്യാപാരികള്‍ പ്രതിഷേധമുയർത്തി . ഒരാഴ്ച സമയം വേണമെന്ന് ആവശ്യപ്പെട്ട വ്യാപാരികള്‍ അനുവദിച്ചില്ലെങ്കിൽ കടകൾ സ്വയം കത്തിക്കുമെന്നും ഭീഷണി മുഴക്കി.
ജീവിക്കാന്‍ വേണ്ടിയാണ് തങ്ങള്‍ കട നടത്തുന്നത്. ഒരു കട സീല്‍ ചെയ്താല്‍ കുടുംബങ്ങളുമായി ആത്മഹത്യ ചെയ്യുമെന്നും വ്യാപാരികള്‍ പറഞ്ഞു. പന്നിയാര്‍ പുഴയുടെ തീരത്തെ കയ്യേറ്റങ്ങളാണ് ഇപ്പോള്‍ ഒഴിപ്പിക്കുന്നത്. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ഒഴിപ്പിക്കല്‍. വീടുകളും കടകളും ഉള്‍പ്പടെ 56 കെട്ടിടങ്ങള്‍ ഒഴിപ്പിക്കാനുള്ള നടപടിയുടെ ഭാഗമായി പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
റോഡ്, പുഴ, പുറം പോക്കുകള്‍ എന്നിവ കൈയ്യേറിയെന്ന ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടിലായിരുന്നു ഒഴിപ്പിക്കാനുള്ള ഉത്തരവുണ്ടായത്. ആറ് ആഴ്ച്ചയ്ക്കകം ഉത്തരവ് നടപ്പാക്കണമെന്നും ഹൈക്കോടതി പറഞ്ഞു. പന്നിയാര്‍ പുഴയും ധനുഷ്കൊടി-കൊച്ചി ദേശീയ പാതയും കയ്യേറി നിര്‍മ്മിച്ചെന്നാരോപിച്ചാണ് നടപടി.ഒഴിപ്പിക്കല്‍ നടപടികളുമായി റവന്യൂ സംഘം എത്തുമെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ സംഘടിച്ചിരുന്നു. തങ്ങളുടെ വാദം കേള്‍ക്കാതെയാണ് ഈ നടപടികള്‍ എന്ന് വ്യാപാരികളും നാട്ടുകാരും പറയുന്നു. റവന്യൂ വകുപ്പിന്റെ നടപടികള്‍ തുടരുകയാണ്.