ശ്രീനഗർ : ജമ്മു കശ്മീരിലെ ആദ്യ മിഷനറി സ്കൂൾ അടച്ചുപൂട്ടലിന്റെ വക്കിൽ . ജമ്മു – ശ്രീനഗർ കത്തോലിക്കാ രൂപതയുടെ കീഴിൽ 1905 ൽ ആരംഭിച്ച ബാരാമുള്ള സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളും സ്കൂളിനോടനുബന്ധിച്ചുള്ള ആശുപത്രിയുമാണ് പൂട്ടലിന്റെ വക്കിലുള്ളത്. സർക്കാർ പാട്ടക്കരാർ പുതുക്കാൻ അനുമതി നൽകാത്തതിനെ തുടർന്നാണ് സ്കൂൾ പൂട്ടാനൊരുങ്ങുന്നത്.
സർക്കാർ പാട്ടത്തിനു നൽകിയ 21.25 ഏക്കർ സ്ഥലത്താണ് ഈ രണ്ട് സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത്. ഇതിൽ 2.375 ഏക്കറിന്റെ ഒഴികെ പാട്ടക്കരാർ 2018 ൽ അവസാനിച്ചു. നേരത്തെ തന്നെ കരാർ പുതുക്കാനുള്ള അപേക്ഷ നൽകിയിരുന്നു. എന്നാൽ സർക്കാർ പുതുക്കാൻ കൂട്ടാക്കിയില്ല. പാട്ടക്കരാർ പുതുക്കാത്തതിനാൽ 2018 നു ശേഷം ബോർഡ് പരീക്ഷ എഴുതുന്നതിന് ഇവിടത്തെ കുട്ടികളെ അടുത്തുള്ള സർക്കാർ സ്കൂളുകളിൽ രജിസ്റ്റർ ചെയ്യുകയാണ് ചെയ്തിരുന്നത്.
സ്കൂളിൽ 4000 വിദ്യാർത്ഥികളും ആശുപത്രിയിൽ 390 ജീവനക്കാരും ഉണ്ട്. 2022 ൽ വിദ്യാഭ്യാസ നിയമത്തിൽ കൊണ്ടുവന്ന ഭേദഗതി അനുസരിച്ച് പാട്ടക്കരാർ പുതുക്കാതെ സർക്കാർ ഭൂമിയിൽ പ്രവർത്തിക്കുന്ന എല്ലാ സ്വകാര്യ സ്കൂളുകളും പൂട്ടണമെന്ന് നിയമമുണ്ട്. വിഷയം കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രിയുടെയും ദേശീയ ന്യൂനപക്ഷ കമ്മിഷൻ അധ്യക്ഷന്റെയും ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും അവഗണിക്കുകയായിരുന്നു.