തിരുവനന്തപുരം: പ്രതിസന്ധി നേരിടുന്ന കൈത്തറി മേഖലയ്ക്ക് കരുത്ത് പകരുന്നതായി സംസ്ഥാന ബജറ്റ്. കൈത്തറി മേഖലയ്ക്കായി 66.68 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയത്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഹാന്‍വീവ്, ഹാന്‍ടെക്സ് എന്നിവയ്ക്ക് ഓഹരി വിഹിതവും പ്രഖ്യാപിച്ചു.
യൂണിഫോം പദ്ധതി ആവിഷ്കരിച്ച് കൈത്തറി മേഖലയെ വീഴ്ചയില്‍ നിന്നും കരകയറ്റിയ എല്‍ ഡി എഫ് സര്‍ക്കാര്‍ 2024- 25ലെ ബജറ്റിലും കൈത്തറിയെ കൈവിട്ടില്ല. കൈത്തറി യന്ത്രത്തറി മേഖലയ്ക്കായി 51.89 കോടി രൂപയാണ് മാറ്റിവെച്ചത്. ഇതിന് പുറമേ കൈത്തറി സഹകരണ സംഘങ്ങള്‍, ഹാന്‍വീവ്, ഹാന്‍ടെക്സ് എന്നിവയ്ക്ക് ഓഹരി വിഹിതമായി 5.29 കോടി രൂപയും വകയിരുത്തി.
നെയ്ത്തുകാരുടെ ഉത്പ്പാദന ക്ഷമത വര്‍ദ്ധിപ്പിക്കാനായുള്ള പ്രോത്സാഹന പദ്ധതിക്കായി 4.50 കോടി രൂപയും മാറ്റിവെച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ബജറ്റില്‍ കൈത്തറിക്ക് മുന്തിയ പരിഗണനയാണ് നല്‍കിയിരിക്കുന്നതെന്ന് ഹാന്‍വീവ് ചെയര്മാന് ടി കെ ഗോവിന്ദന് മാസ്റ്റര്‍ പറഞ്ഞു. കൈത്തറി ഗ്രാമങ്ങള്‍ രൂപീകരിക്കുന്ന പദ്ധതിക്കായി 4 കോടി രൂപയും മാറ്റിവെച്ചിട്ടുണ്ട്. സ്കൂള്‍ യൂണിഫോം പദ്ധതിക്കായി 155.34 കോടി രൂപ വകയിരുത്തിയതും കൈത്തറി മേഖലയ്ക്ക് ആശ്വാസമാകും.