തൃശ്ശൂർ: കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ പങ്കെടുക്കുന്ന മഹാജന സഭ ഇന്ന് തൃശ്ശൂരിൽ നടക്കും. ഒരുലക്ഷം പ്രവർത്തകരെ അണിനിരത്തിയുള്ള മഹാജന സഭ സമ്മേളനം കോൺഗ്രസിൻ്റെ ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ തുടക്കമാകും. തൃശ്ശൂർ തേക്കിൻകാട് മൈതാനത്താണ് ബൂത്ത് പ്രസിഡൻ്റുമാർ മുതൽ എഐസിസി അംഗങ്ങൾ വരെ പങ്കെടുക്കുന്ന മഹാജന സഭ സമ്മേളനം നടക്കുന്നത്.
തൃശ്ശൂരിൽ നടക്കുന്ന മഹാജന സഭ കോൺഗ്രസിൻ്റെ സംഘടനാ സ്വാധീനം വിളിച്ചുപറയുന്ന ചടങ്ങായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു ലക്ഷത്തിലധികം പ്രവർത്തകർ പങ്കെടുക്കുമെന്നാണ് നേതാക്കൾ അവകാശപ്പെടുത്തത്. കോൺഗ്രസിൻ്റെ സിറ്റിങ്ങ് സീറ്റായ തൃശ്ശൂരിൽ സുരേഷ് ഗോപിയെ മുന്നിൽ നിർത്തി ബിജെപി ശക്തമായ നീക്കങ്ങൾ നടത്തുന്ന സാഹചര്യത്തിലാണ് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷനെ തന്നെ തൃശ്ശൂരിൽ എത്തിച്ചിരിക്കുന്നത്. കോൺഗ്രസിൻ്റെ ദേശീയ അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായാണ് മല്ലികാർജ്ജുൻ ഖാർഗെ തൃശ്ശൂരിലെത്തുന്നത്.