ന്യൂഡൽഹി: കാശിവിശ്വനാഥ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഗ്യാൻവാപി മസ്ജിദിനുള്ളിൽ മൂന്നാം ദിവസവും പൂജകൾ നടന്നു . കനത്ത സുരക്ഷയിലാണ് പൂജകൾ നടത്തിയത്. 20,000 പോലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്.
ആരാധനാലയ സംരക്ഷണ നിയമം അട്ടിമറിക്കുന്നതായി മുസ്ലിം വ്യക്തി ബോർഡ് ആരോപിച്ചു. അതേസമയം സമുച്ചയത്തിലെ നിലവറയിൽ ഹിന്ദു വിഭാഗത്തിന് ആരാധന നടത്താൻ അനുമതി നൽകിയ വാരാണസി ജില്ലാ കോടതിയുടെ ഉത്തരവ് സ്റ്റേചെയ്യാൻ അലഹബാദ് ഹൈക്കോടതി വിസമ്മതിച്ചിരുന്നു.
ഇടക്കാല സ്റ്റേ ആവശ്യപ്പെട്ട് ഗ്യാൻവാപി മസ്ജിദ് കമ്മിറ്റിയാണ് ഹൈക്കോടതിയെ സമീപിച്ചത്. മസ്ജിദ് സ്ഥിതിചെയ്യുന്ന മേഖലയിൽ ക്രമസമാധാനം പാലിക്കണമെന്ന നിർദേശം മാത്രം നൽകിയാണ് കമ്മിറ്റിയുടെ ആവശ്യം ജസ്റ്റീസ് രോഹിത് രഞ്ജൻ അഗർവാളിന്റെ ബെഞ്ച് തള്ളിയത്.
ജില്ലാ മജിസ്ട്രേറ്റിനെ റിസീവറായി നിയമിച്ച ഉത്തരവിനെയാണ് ആദ്യം മസ്ജിദ് കമ്മിറ്റി ചോദ്യംചെയ്യേണ്ടത്. ജനുവരി 17ലെ ഉത്തരവ് എന്തുകൊണ്ട് ഹർജിക്കാർ ചോദ്യംചെയ്യുന്നില്ല. ഈ ഉത്തരവിനു ശേഷമാണ് മസ്ജിദ് സമുച്ചയത്തിൽ ഹിന്ദുവിഭാഗത്തിന് ആരാധന നടത്താൻ അനുമതി നൽകിയതെന്നും കോടതി വ്യക്തമാക്കി.