ന്യൂഡൽഹി: കഴിഞ്ഞ പത്ത് വർഷങ്ങളിലെ നേട്ടങ്ങൾ എണ്ണി പറഞ്ഞാണ് ലോക് സഭാ തിരഞ്ഞെടുപ്പിൻ്റെ പ്രചാരണ ധ്വനിയിൽ ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിച്ചത്. വലിയ പ്രഖ്യാപനങ്ങൾ ഒന്നിമില്ല. സമ്പൂർണ ബജറ്റ് അല്ലാത്തതിരിക്കെ നേട്ടങ്ങളുടെ പട്ടിക നിരത്തുകയാണ് ചെയ്തത്. 58 മിനിട്ടുകൊണ്ട് അവസാനിപ്പിച്ച ബജറ്റില്‍ പറഞ്ഞതിലേറെയും കഴിഞ്ഞ പത്ത് വര്‍ഷത്തെ നേട്ടങ്ങളാണ്. തെരഞ്ഞെടുപ്പിന് ശേഷം വരുന്ന സർക്കാർ ജൂലൈയിൽ സമ്പൂർണ്ണ ബജറ്റ് അവതരിപ്പിക്കാൻ ബാധ്യസ്ഥമാവും.
പലിശ നിരക്ക് ഉയർത്തിയില്ല എന്നത് മാത്രമാണ് ഇടത്തരക്കാർക്ക് ആശ്വാസമായത്. സാധാരണക്കാർക്ക് ഗുണമുള്ള ഒരു പ്രഖ്യാപനവും ബജറ്റിൽ ഉൾപ്പെടുത്തിയില്ല. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ തുക 6000-ത്തിൽ നിന്നു 9,000 ആയി വർധിപ്പിക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ബജറ്റിൽ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടായില്ല.
ലോക്സഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കേ ഇന്ധന വില കുറയ്ക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ബജറ്റിൽ അതുമുണ്ടായില്ല. അതിനിടെ ഇന്ന് രാവിലെ എണ്ണക്കമ്പനികൾ വാണിജ്യ സിലിണ്ടറുകൾക്ക് 15 രൂപ വർധിപ്പിക്കുക കൂടി ചെയ്തു.
ടൂറിസം രംഗത്ത് സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുമെന്ന് നിർമല സീതാരാമൻ ബജറ്റില്‍ പ്രഖ്യാപിച്ചു. ലക്ഷദ്വീപിലെ ടൂറിസം സാധ്യത വിപുലമാക്കും. ടൂറിസം മേഖലയിൽ വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കും. ടൂറിസം വികസനത്തിന് പലിശ രഹിത വായ്പ പ്രഖ്യാപിച്ച ധനമന്ത്രി ടൂറിസം വികസനത്തിന് സംസ്ഥാനങ്ങൾക്ക് സഹായം നല്‍കുമെന്നും പറഞ്ഞു.
രാജ്യത്ത് ആത്മീയ ടൂറിസം ശക്തമാക്കുമെന്നും അത് പ്രാദേശിക മേഖലകളില്‍ ടൂറിസം വഴി വികസനം സാധ്യമാകുമെന്നും നിർമല സീതാരാമൻ പറഞ്ഞു. അടുത്ത അഞ്ച് വര്‍ഷം വികസിത കാലത്തിന്റെ സുവര്‍ണ കാലമാണെന്നും ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.