സ്നേഹം നിറഞ്ഞ വര്‍ഗീസ് ചക്കാലക്കല്‍ പിതാവിന് ഒരു കൈക്കുടന്ന പൂക്കള്‍! അത് നന്ദിയുടെയും കടപ്പാടിന്റെയും അഭിനന്ദനത്തിന്റെയും ഒക്കെ പൂക്കളാണ്. ആ പൂക്കളുടെ പരിമളം എന്നെ തഴുകാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി.
റോമിലെ പഠനകാലത്ത് ഞങ്ങള്‍ ഒരേ കോളജിലാണ് താമസിച്ചിരുന്നത്. ഒരിക്കല്‍ ഞങ്ങളിരുവരും അവിടെ ഒരു ഇടവക പള്ളിയില്‍ ഒരു വിവാഹാഘോഷത്തിനു പോയി. പിതാവ് വിശുദ്ധബലി അര്‍പ്പിച്ചു. ഞാന്‍ വിവാഹാശീര്‍വ്വാദം നടത്തി. ആഘോഷം കഴിഞ്ഞ് മടങ്ങിയതിന്റെ അടുത്ത ദിവസം എനിക്ക് കലശലായ പനി. ഡോക്ടറുടെ അടുത്തു ചെന്നപ്പോള്‍ അദ്ദേഹം സ്ഥിരീകരിച്ചു, അത് ചിക്കന്‍പോക്സ് ആണെന്ന്. ഇറ്റലിയില്‍ അത് കുട്ടിക്കാലത്ത് വന്നുപോകേണ്ട രോഗമാണ്. മുതിര്‍ന്നവരില്‍ കണ്ടാല്‍ കൂടുതല്‍ കരുതലെടുക്കാന് നിര്‍ദ്ദേശിക്കും. അതിനാല്‍ തന്നെ മുറിയില്‍ നിന്നു പുറത്തിറങ്ങരുത് എന്ന കര്‍ശന നിബന്ധനകളുണ്ടായിരുന്നു. അങ്ങനെ നാലുചുവരുകള്‍ക്കുള്ളില്‍ ഏകാന്തവാസമായി.
രണ്ടുനാള്‍ കഴിഞ്ഞപ്പോള്‍ ഒരു ഫോണ്‍ കോള്‍! ‘ഹലോ’ കേട്ടപ്പോള്‍ തന്നെ ആളെ തിരിച്ചറിഞ്ഞു. വാത്സല്യവും കരുതലും കൂടികലര്‍ന്ന ഘനഗാംഭീര്യസ്വരം! പക്ഷെ, പങ്കുവച്ചതു കേട്ടപ്പോള്‍ അതിശയവും തെല്ലൊരു ആശ്വാസവും: ”ദേ, കമ്പനിക്ക് ഇനി ഞാനും കൂടെയുണ്ടാവും. എനിക്കും ‘ലോട്ടറി’ അടിച്ചിട്ടുണ്ട്!”
അങ്ങനെ, മൊബൈലും വാട്സ്ആപ്പും മുറിയില്‍ ടിവിയും ഒന്നുമില്ലാത്ത ആ കാലത്ത് തുല്യദുഃഖത്തില് രോഗാതുരരായ ഞങ്ങള്‍ ഇരുവര്‍ക്കും പരസ്പരം ആശ്വാസം. ഇന്റര്‍കോമിലൂടെയുള്ള സംസാരവും പങ്കുവയ്ക്കലും അപരിചിത നാട്ടില്‍ രോഗാവസ്ഥയിലെ വലിയ സൗഭാഗ്യം.
അതുപോലുള്ള ആ സൗഹൃദപൂക്കളുടെ സൗരഭ്യം ഇന്നും എന്നെ തഴുകുന്നു.
പത്തുവര്‍ഷം മുമ്പ് കണ്ണൂരില്‍ ആദ്യമായി ഞാന്‍ വന്നെത്തിയപ്പോള്‍, ഒരു രൂപതയുടെ ഭരണഭാരം പൊടുന്നനവേ പരിമിതികള്‍ ഏറെയുള്ള എന്റെ ചുമലില്‍ വന്നു നിപതിച്ചപ്പോഴും ആത്മഹര്ഷമായി എന്നില്‍ ഒരു പൂ വിരിഞ്ഞുനിന്നിരുന്നു. തൊട്ടടുത്ത് കോഴിക്കോട് വടവൃക്ഷം പോലെ വളര്‍ന്നു പന്തലിച്ച് പൂത്തുലഞ്ഞുനില്ക്കുന്ന ഒരു ജ്യേഷ്ഠസഹോദര സാമീപ്യം ആശ്രയമായി ഉണ്ടെന്നുള്ള ഓര്മ്മപ്പൂ! തീരുമാനങ്ങളെടുക്കാന്‍ കണ്ണൂരിലെ പശ്ചാത്തല സാഹചര്യം കരതലമലകം പോലെ സ്വന്തമാക്കിയിരുന്ന ഒരാളോടുള്ള ചര്‍ച്ച എന്നും സഹായകമായിരുന്നു. സാമ്പത്തികമായി ഇപ്പോഴും പരാധീനതയിലുള്ള കണ്ണൂര്‍ രൂപത അത്യാവശ്യ കാര്യനിര്‍വ്വഹണത്തിന് കടംവാങ്ങിക്കാന്, പലിശയില്ലാ വായ്പ വാങ്ങാന്‍, കൈയെത്തും ദൂരത്ത് അപേക്ഷിച്ചാല്‍ ഉപേക്ഷിക്കാത്ത ഒരു ‘ബാങ്കര്‍’ ഉള്ളത് ഒരു ആശ്വാസമല്ലേ! (വാങ്ങിയ കടം ഇതുവരെ കൃത്യമായി തിരിച്ചടച്ചിട്ടുമുണ്ട്!) ആഘോഷാവസരങ്ങളില്‍ ഔദ്യോഗികമായി, താല്പര്യത്തോടെ വന്നെത്തുന്ന വീട്ടുകാരനായ ഒരു ‘വിഐപി’ ഉള്ളത് വലിയ അനുഗ്രഹമല്ലേ! വന്നെത്തിയാലോ, കണ്ണൂരിലെ കേള്‍വിക്കാരുടെ കണ്ണും കരളും ഗൃഹാതുരത്വത്തോടെ കീഴടക്കി, മധുരിക്കും ഓര്‍മ്മകള്‍ സമ്മാനിക്കുന്ന ഒരാള്‍! ആ സ്നേഹസാന്നിധ്യം കണ്ണൂരിലെ ആരാമത്തില്‍ എപ്പോഴും വാടാമലരുകള്‍ വിരിയിക്കുന്നു.
2001-ല്‍ ചെന്നൈയില്‍ സി.ബി.സി.ഐ. യോഗം നടക്കുകയായിരുന്നു. കണ്ണൂരില്‍ നിന്ന് ചക്കാലക്കല്‍ പിതാവും ഹെല്‍ത്ത് കമ്മീഷന് സെക്രട്ടറി എന്ന നിലയ്ക്ക് ഞാനും അതില്‍ സംബന്ധിച്ചിരുന്നു. ഒരുദിവസം കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ ഒരു കാത്തലിക് നഴ്സിങ് കോളജില്‍ നിന്നു വന്നെത്തിയ വിദ്യാര്‍ഥിനികള്‍, അരങ്ങുതകര്‍ത്തു നൃത്തച്ചുവടുകള്‍ വച്ചു നിറഞ്ഞാടി. അവതരണത്തിനു ശേഷം അതിലൊരാള്‍, ഓടിവന്ന് ചക്കാലക്കല്‍ പിതാവിന്റെ അടുത്തെത്തി. ആ കുട്ടി പറഞ്ഞു: ”പിതാവേ, ഞാന്‍ കണ്ണൂരില്‍ നിന്നാണ്!” പിതാവിന്റെ മുഖം സന്തോഷം കൊണ്ട് വികസിതമായി. തലയില്‍ കൈവച്ച് അനുഗ്രഹിച്ച്, പോക്കറ്റില്‍ നിന്ന് രണ്ടു മൂന്ന് അഞ്ഞൂറിന്റെ നോട്ടുകള്‍ എടുത്തുകൊടുത്തുകൊണ്ടുപറഞ്ഞു: ”ദേ, മോളേ, നന്നായി പഠിച്ചോണം!” കണ്ണൂരിനോടുള്ള കരുതലിന്റെ ഒരു അനുഭവം മാത്രമാണിത്!
കണ്ണൂര്‍ രൂപതയുടെ തുടക്കം മുതല്‍ കഠിനാധ്വാനത്തോടും ത്യാഗത്തോടുംകൂടി പിതാവ് എല്ലാവിധത്തിലും ഈ രൂപതയെ വളര്‍ത്തി, ഉയര്‍ത്തി. ഞാനിപ്പോള്‍ താമസിക്കുന്ന ബിഷപ്സ്ഹൗസും ബര്‍ണ്ണശ്ശേരി കത്തീഡ്രലും പിലാത്തറ സെന്റ്ജോസഫ്സ് കോളജും അനേകായിരങ്ങള്‍ക്ക് അത്താണിയായ സാമൂഹികസേവന വിഭാഗമായ കയ്റോസും ഒട്ടനവധി പള്ളികളും പള്ളിക്കൂടങ്ങളും വിരിയിച്ച സൗഭാഗ്യത്തിന്റെ സഹസ്രദളപുഷ്പങ്ങള് പടര്‍ത്തുന്ന സാന്ത്വനവും വഴി സൗരഭ്യവും വലിയ കടപ്പാടോടെ ഓര്‍ക്കുന്നു, ഈ രൂപതാമക്കള്‍.
മഹിതമായ ആ ഓര്‍മ്മകളെല്ലാം ഉള്ളിലൊതുക്കി, നിറഞ്ഞ നന്ദിയോടും കടപ്പാടോടും, അതോടൊപ്പം സൗഹാര്ദതയുടെയും സ്നേഹത്തിന്റെയും വികാരവായ്പോടെ, ‘ഇനിയും എന്നും അനുഗ്രഹിക്കണേ!’ എന്ന പ്രാര്‍ഥനയോടെ, ഒരുകൈക്കുടന്ന പൂക്കള്‍ പ്രിയമുള്ള ചക്കാലക്കല്‍ പിതാവിന് സമര്‍പ്പിക്കുന്നു. ജൂബിലി മംഗളങ്ങള്‍!