ആലപ്പുഴ: അഡ്വ. രഞ്ജിത്ത് ശ്രീനിവാസ് കൊലപാതക കേസിൽ 15 പ്രതികൾക്കും വധശിക്ഷ. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയുടേതാണ് അപൂർവമായ വിധി. ഇത്രയധികം പ്രതികൾക്ക് ഒരുമിച്ച് വധശിക്ഷ വിധിക്കുന്നത് ആദ്യമായാണ്.ബിജെപി സംസ്ഥാന സെക്രട്ടറിയും അഭിഭാഷകനുമായിരുന്നു രഞ്ജിത്ത്.
കേസിൽ ആകെ 35 പ്രതികളാണുള്ളത്. ഇതിൽ 15 പേരാണ് ആദ്യഘട്ട വിചാരണ നേരിട്ടത്. പ്രതികൾ ഒരു ദയയും അർഹിക്കുന്നില്ലെന്നാണ് 10 മിനിറ്റ് നീണ്ട വിധിപ്രസ്താവത്തിൽ ജസ്റ്റീസ് വി.ജി. ശ്രീദേവി പറഞ്ഞത്.
പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ നൈസാം, അജ്മൽ, അനൂപ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, അബ്ദുൾ കലാം, സഫറുദ്ദീൻ, മുൻഷാദ്, ജസീബ് രാജ, നവാസ്, ഷമീർ, നസീർ, സക്കീർ ഹുസൈൻ, ഷാജി പൂവത്തിങ്കൽ, ഷെർണാസ് അഷ്റഫ് എന്നിവരാണ് കേസിലെ പ്രതികൾ. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കാളികളായ 12 പേരും മുഖ്യ ആസൂത്രകരായ മൂന്നുപേരുമാണ് ആദ്യ ഘട്ടത്തിൽ വിചാരണ നേരിട്ടവർ.
സ്പെഷ്യൽ പ്രോസിക്യൂട്ടർ പ്രതാപ് ജി. പടിക്കൽ ആണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്.വിധി കേൾക്കാൻ രഞ്ജിത് ശ്രീനിവാസന്റെ അമ്മയും ഭാര്യയും രണ്ടു പെൺമക്കളും കോടതിയിലെത്തിയിരുന്നു. വിധിയിൽ പൂർണതൃപ്തരാണെന്ന് കുടുംബാംഗങ്ങൾ പ്രതികരിച്ചു.
2021 ഡിസംബർ 19ന് രഞ്ജിത് ശ്രീനിവാസനെ ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടിൽ കയറി കുടുംബാംഗങ്ങളുടെ മുന്നിലിട്ടു വെട്ടിക്കൊലപ്പെടുത്തി എന്നാണ് പ്രോസിക്യൂഷൻ കേസ്. തലേന്ന് എസ്ഡിപിഐ നേതാവ് കെ. എസ്. ഷാൻ കൊല്ലപ്പെട്ട് മണിക്കൂറുകൾക്കകമായിരുന്നു രഞ്ജിത്തിനെ വധിച്ചത്.