തിരുവനന്തപുരം: തിരുവനന്തപുരം: നിയമസഭ ബഹിഷ്കരിച്ച് പ്രതിപക്ഷം. ക്ഷേമ പെന്ഷന് മുടങ്ങിയതിനെതിരെ പ്രതിപക്ഷ എംഎല്‍എമാര്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി. അടിയന്തരപ്രമേയം തള്ളിയതിന് പിന്നാലെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.
സ്പീക്കറുടെ ചേമ്പറിന് മുന്നിലാണ് പ്രതിഷേധിച്ചത്. എന്നാല്‍ ഇത് ഗൗനിക്കാതെ സ്പീക്കർ സഭാനടപടികള്‍ തുടര്‍ന്നതോടെ പ്രതിപക്ഷം സഭ വിട്ടിറങ്ങുകയായിരുന്നു. നിയമസഭാ മന്ദിരത്തിന് പുറത്തും പ്ലക്കാർഡുകളുമായി പ്രതിപക്ഷം പ്രതിഷേധിച്ചു.
സര്‍ക്കാരിന്റെ മുന്‍ഗണന എന്താണെന്നാണ് തങ്ങളുടെ ചോദ്യമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് മാധ്യമങ്ങളോട് പറഞ്ഞു. അഞ്ച് മാസമായി പെന്ഷന് മുടങ്ങികിടക്കുന്നു. സ്കൂളില്‍ കുട്ടികളുടെ ഉച്ചക്കഞ്ഞിക്ക് പോലും പണമില്ല.
ഇതിനെല്ലാം ഇടയിലാണ് നവകേരള സദസും കേരളീയവും നടത്തി സര്‍ക്കാര്‍ ധൂര്‍ത്ത് നടത്തുന്നതെന്ന് സതീശന് വിമര്‍ശിച്ചു.അതേസമയം പെന്ഷന് വിതരണത്തിന്റെ താളംതെറ്റാന്‍ കാരണം കേന്ദ്രസര്‍ക്കാരാണെന്ന് പറഞ്ഞുകൊണ്ട് മന്ത്രി ബാലഗോപാല്‍ രാഷ്ട്രീയ ആരോപണങ്ങളിലേക്ക് വന്നു. കേന്ദ്രത്തിന് എതിരെ പ്രതിപക്ഷം ഒന്നും പറയുന്നില്ല എന്നായിരുന്നു മന്ത്രിയുടെ വിമര്‍ശനം. ധനമന്ത്രിയുടെ മറുപടിയോടെയാണ് അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചത്.