ന്യൂഡൽഹി: ഹോങ്കോങ്ങിൽ നിന്ന് ഇന്ത്യയിലേക്ക് പാഴ്സൽ വഴി കടത്തിയ കോടിക്കണക്കിന് രൂപ വിലവരുന്ന സ്വർണവും വെള്ളിയും പിടിച്ചെടുത്തു. 16.67 കിലോ സ്വർണവും 39.73 കിലോ വെള്ളിയുമാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻ്റലിജൻസ് (ഡിആർഐ) ഉദ്യോഗസ്ഥർ പിടികൂടിയത്. ഇലക്ട്രിക് മീറ്ററുകളുടെ ഉള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണവും വെള്ളിയും. ഇവയ്ക്ക് ഏകദേശം 10.66 കോടി രൂപ വിപണി മൂല്യമുള്ളതായി ഡിആർഐ പത്രക്കുറിപ്പിൽ പറഞ്ഞു.
ഇന്നലെയാണ് മീറ്ററുകൾ അടങ്ങിയ പാഴ്സൽ ഹോങ്കോങ്ങിൽ നിന്ന് ന്യൂഡൽഹിയിലെ ഫോറിൻ പോസ്റ്റ് ഓഫീസിൽ എത്തിയത്. എട്ട് പെട്ടികളിലായി 56 ഇലക്ട്രിക് മീറ്ററുകളാണ് ഇറക്കുമതി ചെയ്തത്. പരിശോധിച്ചപ്പോൾ ഇലക്ട്രിക് മീറ്ററുകൾ പ്രവർത്തനക്ഷമമാണെന്ന് കണ്ടെത്തി, യഥാർത്ഥ സർക്യൂട്ട് ബോർഡുകൾ തന്നെയാണ് ഇതിനുള്ളിൽ ഉണ്ടായിരുന്നത്. പ്രാഥമിക പരിശോധനയിൽ ഇവയ്ക്ക് അസാധാരണമായ ഭാരം അനുഭവപ്പെട്ടതാണ് സംശയം ജനിപ്പിച്ചത്