തിരുവനന്തപുരം: കേരളീയം ധൂര്‍ത്ത് ആയിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നാടിന്റെ നിക്ഷേപം ആയിരുന്നു അത്. കേരളത്തെ ലോകസമക്ഷം അവതരിപ്പിക്കുന്ന പരിപാടിയാണ് കേരളീയം. ഇനിയുള്ള വര്‍ഷവും കേരളീയം നടപ്പാക്കും. ടൂറിസത്തിന് വലിയ മുതല്‍ക്കൂട്ടാവും. കഴിഞ്ഞ തവണ ബഹിഷ്കരിച്ചവര്‍ ഇനി സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കേരളത്തിന് മികച്ച പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. നമ്മള് പുരോഗതിയുടെ പാതയിലാണ്. നമ്മുടെ നാട് മാറുകയാണ്. നാട് തകരണമെന്ന് വിചാരിച്ച് ചിലര്‍ നടക്കുന്നു. കുട്ടികള്‍ക്കറിയാം എവിടെയാണ് പഠിക്കേണ്ടതെന്ന്. ലോകം കുട്ടികളുടെ കൈവെള്ളയിലാണ്. കുറച്ചുപേര്‍ വിദേശത്ത് പഠിക്കുന്നതുകൊണ്ട് കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗം തകരില്ല. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും കുട്ടികള്‍ കേരളത്തില്‍ പഠിക്കാന്‍ എത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.