തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗം പൂർണ്ണമായി വായിക്കാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമ സഭയെ ഞെട്ടിച്ചു . നയപ്രഖ്യാപനം അവസാന ഖണ്ഡിക മാത്രമാണ് ഗവർണർ വായിച്ചത്. ഒരു മിനിറ്റിൽ നയ പ്രഖ്യാപന പ്രസംഗം അവസാനിപ്പിച്ചു. സർക്കാരുമായി ഇടഞ്ഞുനിൽക്കുന്നതിനിടെ കേന്ദ്രത്തിനെതിരായ വിമർശനമടക്കം ഉൾക്കൊണ്ട നയപ്രഖ്യാപന പ്രസംഗം ഗവർണർ വായിക്കുമോ എന്നത് ആകാംഷയോടെയാണ് കേരളം കാത്തിരുന്നത്.
മുഖ്യമന്ത്രിയും സ്പീക്കറും നേരിട്ടെത്തി ഗവർണറെ സ്വീകരിച്ചെങ്കിലും ഇരുവരും തമ്മിൽ സംവാദിച്ചില്ല. കേവലം ഒരു മിനിറ്റും 17 സെക്കന്റും മാത്രമാണ് ഗവർണർ പ്രസംഗം വായിക്കാനായി ചെലവഴിച്ചത്. അവസാന ഖണ്ഡിക വായിച്ച് തീർത്ത ഉടൻ ഗവർണർ സഭ വിട്ടു. ഗവർണർ വായിക്കാത്ത ഭാഗത്താണ് കേന്ദ്രത്തിനെതിരായ വിമർശനമടക്കം ഉൾപ്പെട്ടിരിക്കുന്നത്.
അതേസമയം, കേരള സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തില്‍ കേന്ദ്രത്തിന് വിമര്‍ശനം. സാമ്പത്തിക കാര്യങ്ങളില്‍ കേന്ദ്രവും സംസ്ഥാനവും തമ്മില്‍ അസമത്വമുണ്ടെന്നും അതുമൂലം പണ ഞെരുക്കം ഉണ്ടാകുന്നുണ്ടെന്നും നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കുന്നു. കാലക്രമേണ ഇത് കൂടുതല്‍ തീവ്രമായി സംസ്ഥാനങ്ങളുടെ ധനസ്ഥിതിയെ പരിമിതപ്പെടുത്തിയെന്നും ഫെഡറല്‍ സംവിധാനത്തിലെ വലിയ അസമത്വമാണ് ഇത് ചൂണ്ടിക്കാണിക്കുന്നതെന്നും നയപ്രഖ്യാപനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനങ്ങള്‍ വരുമാന പരിധി കടന്ന് വികസന ചെലവുകള്‍ ഏറ്റെടുക്കാന്‍ നിര്‍ബന്ധിതരാകുകയാണ്. കാലാകാലങ്ങളിലുള്ള ധനകാര്യ കമ്മീഷനുകളുടെ അവാര്‍ഡുകളില്‍ വരുന്ന സ്ഥായിയായ കുറവ് ശ്രദ്ധ പിടിച്ചുപറ്റേണ്ട വസ്തുതയാണ്. പത്താം ധനകാര്യ കമ്മീഷന്റെ കാലയളവില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള നികുതി വിഹിതം 3.88% ആണ്.
പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ കാലയളവില്‍ അത് കേവലം 1.92 ശതമാനമായി കുറഞ്ഞു. ജിഎസ്ടി നഷ്ടപരിഹാരം നിര്‍ത്തലാക്കിയതും, റവന്യൂ കമ്മീ ഗ്രാന്‍ഡില്‍ വന്ന കുറവും, സംസ്ഥാനത്തിന്റെ ബജറ്റിന് പുറത്തുള്ള കടമെടുപ്പില്‍ കേന്ദ്രം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയെ പ്രതികൂലമായി ബാധിച്ചു.