25 വർഷം മുമ്പുള്ള ഒരു ജനുവരി 22 ന് ഓസ്ട്രേലിയൻ പൗരനായിരുന്ന ഗ്രഹാം സ്റ്റൈയിൻസും അദ്ദേഹത്തിന്റെ ഒമ്പതും ഏഴും വയസ് പ്രായമുള്ള രണ്ട് മക്കളെയും ഹിന്ദുത്വവാദികള്‍ തീവെച്ചു കൊലപ്പെടുത്തിയത്.
മതപരിവർത്തനം ആരോപിച്ചായിരുന്നു മിഷനറി പ്രവർത്തകനായിരുന്ന ഗ്രഹാം സ്റ്റെയിനിയെ കൊലപ്പെടുത്തിയത്. 1999 ജനുവരി 22 അർധരാത്രിയിലായിരുന്നു അതിക്രൂരമായ സംഭവമുണ്ടായത്. പത്തു വയസ്സുകാരനായ ഫിലിപ്പ്, ആറ് വയസ്സുകാരൻ തിമോത്തി, എന്നീ രണ്ട് ആൺമക്കളോടൊപ്പം വാഹനത്തിൽ കിടന്നുറങ്ങിയപ്പോഴാണ് ബജ്രംഗ്ദൾ പ്രവർത്തകർ സംഘടിച്ച് പ്രദേശത്ത് എത്തി വാഹനത്തിന് തീവച്ചത്. 35 വർഷത്തോളം ഓഡീഷയിലെ ആദിവാസികൾക്കിടയിലും കുഷ്ഠരോഗികൾക്കിടയിലും പ്രവർത്തിച്ചിരുന്ന സുവിശേഷകൻ ഗ്രഹാം സ്റ്റെയ്ൻസിക്കും ഭാര്യ ഗ്ലാഡിസിനും ഫിലിപ്പും തിമോത്തിയും കൂടാതെ എസ്തർ എന്ന മകളുമുണ്ടായിരുന്നു.
ഒഡീഷയിലെ ക്വഞ്ചാർ ജില്ലയിൽപ്പെടുന്ന മനോഹർപൂർ എന്ന ഗ്രാമത്തിൽ വെച്ചായിരുന്നു സംഭവംനടന്നത്. കെന്ദ്രൂജാർ ഗ്രാമത്തിലേക്ക് സഞ്ചരിക്കുന്നതിനിടെ കഠിനമായ തണുപ്പുകാരണം ഗ്രഹാം സ്റ്റെയിൻസും ആൺകുട്ടികളും വഴിയരികിൽ വണ്ടിയൊതുക്കി ഉറങ്ങി. ഇതിനിടെയാണ് ബജ്രംഗ്ദൾ പ്രവർത്തകർ സംഘടിച്ച് ആ പ്രദേശത്തേക്ക് എത്തുന്നതും ജയ് ശ്രീറാം വിളികൾ ഉയർത്തി സ്റ്റെയിൻസും മക്കളും ഉറങ്ങിക്കിടന്നിരുന്ന വാഹനം ആക്രമിക്കുകയും വാഹനം കത്തിക്കുകയുമായിരുന്നു. ഗ്ലാഡിസും എസ്തറും ആ യാത്രയിൽ അവർക്കൊപ്പം ഉണ്ടായിരുന്നില്ല. സ്റ്റെയിൻസും മക്കളും രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ആൾകൂട്ടം അതിന് സമ്മതിച്ചില്ല.
മയൂർഭഞ്ജിലെ ഇവാഞ്ചലിക്കൽ മിഷനറി സൊസൈറ്റി 1892-ൽ ബാരിപാഡയിൽ സ്ഥാപിച്ച മയൂർഭഞ്ച് ലെപ്രസി ഹോമിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് 1965 ൽ തന്റെ 24-ാം വയസിലായിരുന്നു ഗ്രഹാം സ്റ്റെയിൻസ് പ്രവർത്തിച്ച് തുടങ്ങിയത്.
സംഭവത്തിൽ 2003ൽ, ബജ്രംഗ്ദൾ പ്രവർത്തകൻ ദാരാ സിംഗ് കൊലപാതകികളെ നയിച്ചതിന് കുറ്റക്കാരനാണെന്ന് ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറിലെ വിചാരണ കോടതി കണ്ടെത്തുകയും തൂക്കിക്കൊല്ലാൻ വിധിക്കുകയും ചെയ്തു. ആദിവാസികളെ നിർബന്ധിത മതപരിവർത്തനത്തിന് സ്റ്റെയിൻസ് വിധേയമാക്കുന്നുവെന്നാണ് ദാരാ സിംഗ് അവകാശപ്പെടുന്നത്. എന്നാൽ സ്റെയിനിയുടെ ഭാര്യ ഗ്ലാഡിസ് തന്റെ ഭർത്താവ് ആരെയും മതപരിവർത്തനം നടത്തുകയോ അതിന് നിര്‍ബന്ധിക്കുകയോ ചെയ്തിട്ടില്ലായെന്ന വാദത്തിൽ ഉറച്ചു നിന്നു. 2005ൽ ഒറീസ ഹൈക്കോടതി ധാര സിംഗിന്റെ ശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്തു. 2011 ജനുവരി 21-ന് ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു.
പിന്നീട് സിബിഐ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ജസ്റ്റിസ് പി സദാശിവം, ജസ്റ്റിസ് ബിഎസ് ചൗഹാൻ എന്നിവരുടെ ബെഞ്ച് ഹർജി തള്ളി അദ്ദേഹത്തിന്റെ കുറ്റകൃത്യം അപൂർവങ്ങളിൽ അപൂർവമായ വിഭാഗത്തിൽ പെടുന്നില്ലെന്ന ഒറീസ ഹൈക്കോടതിയുടെ കണ്ടെത്തലിനെ അംഗീകരിക്കുകയും ചെയ്തു. ഇതിനിടയിൽ ഗ്ലാഡിസ് തന്റെ ഭർത്താവിന്റെയും മക്കളുടെയും മരണത്തിന് കരണമായവരോട് ക്ഷമിച്ചിരിക്കുന്നതായി പറഞ്ഞു. 2005ൽ കുഷ്ഠരോഗികളുടെ ക്ഷേമത്തിനായുള്ള പ്രവർത്തനങ്ങൾ മുൻനിർത്തി ഗ്ലാഡിസിന് പത്മശ്രീ പുരസ്ക്കാരം നൽകി ആദരിച്ചു. 2019 ൽ ഗ്രഹാമിന്റെയും കുഞ്ഞുങ്ങളുടെയും കൊലപാതകം ആസ്പദമാക്കി The Least of These: The Graham Staines Story എന്ന സിനിമ പുറത്തിറങ്ങുകയും ചെയ്തു.
courtesy-anveshanam.com