ന്യൂഡൽഹി> ബിൽകീസ് ബാനു കൂട്ടബലാത്സംഗ കേസിലെ പ്രതികൾ പൊലീസിനു മുന്നിൽ കീഴടങ്ങി. സുപ്രീംകോടതി നിർദേശിച്ച സമയപരിധി അവസാനിക്കാനിരിക്കെയാണ് ഞായറാഴ്ച്ച രാത്രി ഗുജറാത്തിലെ ഗോധ്ര സബ് ജയിലിലെത്തി 11 പ്രതികളും കീഴടങ്ങിയത്. ജനുവരി 21ന് അർദ്ധരാത്രിക്ക് മുമ്പ് കീഴടങ്ങാനായിരുന്നു സുപ്രീംകോടതി നിർദേശം. രാത്രി ഏകദേശം 11.45 നാണ് പ്രതികൾ രണ്ട് സ്വകാര്യ വാഹനങ്ങളിലായി ഗോദ്ര സബ് ജയിലിൽ എത്തിയത്.
2002ലെ ഗുജറാത്ത് കലാപത്തിനിടെ ബിൽക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത പ്രതികളെ ജീവപര്യന്തം തടവ് ശിക്ഷ ഇളവ് ചെയ്ത ഗുജറാത്ത് സർക്കാരിന്റെ നടപടി ജനുവരി എട്ടിനാണ് സുപ്രീം കോടതി റദ്ദാക്കിയത്. 2022ൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഇവരെ മോചിപ്പിച്ചതിനെതിരെ ബിൽക്കീസ് ബാനുവും സിപിഐ എം നേതാവ് സുഭാഷിണി അലിയും തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയും നൽകിയ ഹർജികളിലാണ് കോടതി വിധിപറഞ്ഞത്.