കോട്ടപ്പുറം രൂപതയുടെ നിയുക്തമെത്രാന് റവ. ഡോ. അംബ്രോസ് പുത്തന്‍വീട്ടിലിന്റെ ആപ്തവാക്യം തന്റെ ജനത്തെ സ്നേഹിക്കുവാനും അവര്‍ക്കു സാന്ത്വനമേകാനും എന്ന ഏശയ്യാ പ്രവാചകന്റെ വചനമാണ് (ഏശയ്യ 40 : 1). ഈ വചനം അടിസ്ഥാനപ്പെടുത്തിയാണ് പ്രമുഖ മാധ്യമ പ്രവര്‍ത്തകനും കലാകാരനുമായ ഫാ. വില്യം നെല്ലിക്കല്‍, ഡോ. അംബ്രോസിന്റെ സ്ഥാനിക ചിഹ്നം തയ്യാറാക്കിയിട്ടുള്ളത്.
കത്തോലിക്കാ സഭയില്‍ ഒരു വൈദികനെ മെത്രാനായി നിയമിക്കുമ്പോള്‍, ഒരു ആപ്തവാക്യം തിരഞ്ഞെടുക്കുന്ന രീതി വളരെ പുരാതനമായ പാരമ്പര്യമാണ്. സാധാരണ പുരോഹിതനില്‍ നിന്നു വ്യത്യസ്തനായി മെത്രാനെന്ന നിലയിലുള്ള പുതിയ ചുമതലകള്‍, സഭയ്ക്കുള്ളിലെ കാഴ്ചപ്പാടുകള്‍ എന്നിവയുടെ പ്രതിഫലനമായിരിക്കും ഈ ആപ്തവാക്യം. ഒരു ആപ്തവാക്യം തിരഞ്ഞെടുക്കുന്നത്, രൂപതയുടെ ഇടയനെന്ന നിലയിലുള്ള അവരുടെ അജപാലന ദൗത്യത്തോടുള്ള ആഴത്തിലുള്ള പ്രതിബദ്ധതയെയും അധികാരശ്രേണിയിലെ അവരുടെ അതുല്യമായ പങ്കിനെയും സൂചിപ്പിക്കുന്നു. നിയുക്ത മെത്രാന് തിരഞ്ഞെടുക്കുന്ന ആപ്തവാക്യം തന്റെ ആത്മീയ അഭിലാഷങ്ങള്‍ വ്യക്തമാക്കുന്നതായിരിക്കും.
സഭയുടെ ഇടയന് എന്ന നിലയിലുള്ള ദൗത്യം, മാര്‍ഗ്ഗനിര്‍ദ്ദേശ തത്വങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഒരു ചെറിയ വാക്യമായിരിക്കും ഈ ആപ്തവാക്യം. മെത്രാന്റെ ദൈവശാസ്ത്രപരമായ വിശ്വാസങ്ങള്‍ അല്ലെങ്കില്‍ അവരുടെ ശുശ്രൂഷയുടെ ഒരു പ്രത്യേക വശത്തോടുള്ള സമര്‍പ്പണം എന്നിവ ആപ്തവാക്യം പ്രതിഫലിപ്പിക്കുന്നു. ദൈവവുമായുള്ള അവരുടെ വ്യക്തിപരമായ ബന്ധം, ഒരു പ്രത്യേക വിശുദ്ധനോടോ സദ്ഗുണത്തോടോ ഉള്ള അവരുടെ ഭക്തി, അല്ലെങ്കില്‍ സുവിശേഷത്തിന്റെ ഒരു കാഴ്ചപ്പാടിനോടുള്ള അവരുടെ പ്രതിബദ്ധത എന്നിവ പ്രതിഫലിപ്പിച്ചേക്കാം. മെത്രാന് പ്രത്യേക പ്രാധാന്യമുള്ള ദൈവശാസ്ത്ര ആശയങ്ങള്‍ അല്ലെങ്കില്‍ വിശ്വാസങ്ങള്‍ ഊന്നിപ്പറയുന്നതുമാകാം. ഉദാഹരണത്തിന്, കരുണ, സ്നേഹം, വിശ്വാസം, പ്രത്യാശ, അല്ലെങ്കില്‍ ദിവ്യബലി തുടങ്ങിയ വിഷയങ്ങളെ ഉയര്‍ത്തിക്കാട്ടുന്ന ഒരു ആപ്തവാക്യം തിരഞ്ഞെടുത്തേക്കാം.
ആപ്തവാക്യം തിരുവെഴുത്തുകളില്‍ നിന്നോ ആരാധനക്രമ ഗ്രന്ഥങ്ങളില്‍ നിന്നോ സഭാപിതാക്കന്മാരുടെ രചനകളില്‍ നിന്നോ സ്വീകരിച്ചതാകാം. ദൈവവചനത്തോടും സഭയുടെ പഠിപ്പിക്കലുകളോടും ഉള്ള മെത്രാന്റെ ആഴത്തിലുള്ള ഇടപഴകലിന്റെ പ്രതിഫലനമായിരിക്കാം അവ. ഒരു ആപ്തവാക്യം തിരഞ്ഞെടുക്കുന്നത് പ്രാര്‍ഥനയിലൂടെയാണ്. നേരത്തെ തന്നെ അവരുടെ ഹൃദയത്തില്‍ ഇടം തേടിയിട്ടുള്ള ഒരു വിഷയമോ വചനമോ പ്രാര്‍ഥനയിലൂടെ കൂടുതല്‍ വെളിപ്പെട്ടുവരും.
താന്‍ തിരഞ്ഞെടുത്ത ആപ്തവാക്യത്തെയും സ്ഥാനിക ചിഹ്നത്തേയും കുറിച്ച് നിയുക്ത മെത്രാന് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ തന്നെ വ്യക്തമാക്കുന്നു, ‘എന്റെ ജനത്തെ സ്നേഹിക്കാനും അവര്‍ക്ക് സാന്ത്വനമേകാനും’ എന്ന ആപ്തവാക്യമാണ് ഞാന്‍ സ്വീകരിച്ചിട്ടുള്ളത്. ഏശയ്യ പ്രവാചകന്റെ പുസ്തകം 40 : 1 ആണ് അതിന് ആധാരം. അജപാലന അനുഭവങ്ങളില്‍ ആശ്വാസം തേടിയെത്തുന്ന ഒരുപാട് പേരെ കണ്ടുമുട്ടിയിട്ടുണ്ട്. പ്രത്യേകിച്ച് ചെട്ടിക്കാട് സെന്റ് ആന്റണീസ് തീര്‍ഥാടന കേന്ദ്രത്തില്‍ സേവനം ചെയ്യുമ്പോള്‍. എല്ലാ ദിവസവും രോഗവും, കടബാധ്യതയും ഒക്കെയായി നിസ്സഹായാവസ്ഥയില്‍ ആയിരിക്കുന്ന വളരെയധികം പേരെ കാണാനും സംസാരിക്കാനുമെല്ലാം സാധിച്ചിട്ടുണ്ട്. അതൊക്കെയാണ് ആശ്വസിപ്പിക്കാനുള്ള ദൗത്യത്തെ കുറിച്ചുള്ള ചിന്ത മനസ്സില്‍ ഉതിപ്പിച്ചത്. അതുപോലെ എന്റെ ആത്മീയ പിതാവ് എനിക്കുവേണ്ടി പ്രാര്‍ഥിച്ച അവസരത്തില്‍ ഒരു വിശറി കാണുന്നതിനെക്കുറിച്ച് പറയുകയുണ്ടായി. അതും ആശ്വസിപ്പിക്കാനുള്ള ദൗത്യം എന്റെ മനസ്സില്‍ ഉറപ്പിച്ചു. ബൗദ്ധികമായി ഒന്നും കൊടുത്തില്ലെങ്കില്‍ പോലും കേള്‍ക്കാനുള്ള മനസ്സുണ്ടെങ്കില്‍ അത് വലിയ ആശ്വാസം നല്‍കുമെന്ന് പലപ്പോഴും അനുഭവം പഠിപ്പിച്ചിട്ടുണ്ട്.
സ്ഥാനികചിഹ്നത്തില് ആദ്യഘടകം ക്രിസ്തുവിന്റെ മുറിപ്പെട്ട കരമാണ്. ഇന്ത്യന്‍ നാട്യശാസ്ത്രത്തിലെ അഭയമുദ്രയാണത്. തന്റെ ജനത്തിന് ക്രിസ്തുവിന്റെ സ്നേഹസാന്ത്വനം ഏകുന്ന മെത്രാന്റെ ജീവിതദൗത്യം ഇത് വെളിപ്പെടുത്തുന്നു. അഭയ മുദ്രയ്ക്ക് സമീപം ഇംഗ്ലീഷിലെ ‘ പി ‘ എന്ന അക്ഷരമാണ്. ഗ്രീക്കില്‍ അത് ‘Xpistos’ ക്രിസ്തോസ് (Xristos) ആണ്. ക്രിസ്തു സാന്നിധ്യത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. കൂടാതെ മെത്രാന്റെ അംശവടിയെയും, അജപാലകന്റെ നേതൃസ്ഥാനത്തെയും ഈ ചിഹ്നം വ്യക്തമാക്കുന്നു. മുറിക്കപ്പെട്ട അപ്പം, അജഗണങ്ങള്‍ക്കായി മുറിക്കപ്പെടുന്ന ഇടയന്റെ സ്വയാര്‍പ്പണത്തെ ദൃശ്യവല്‍ക്കരിക്കുന്നു’.