കിരീടവും ചെങ്കോലും ആള് ദൈവങ്ങളും വാഴുന്ന തിരഞ്ഞെടുപ്പു രംഗം ഉണര്‍ന്നു കഴിഞ്ഞു. ബിജെപി എന്തായാലും ഇക്കുറി അയോധ്യ മുഖ്യപ്രമേയമാക്കിത്തന്നെ തിരഞ്ഞെടുപ്പിനെ നേരിടുകയാണ്. കൂട്ടത്തില്‍ നരേന്ദ്ര മോദി എന്ന ഐക്കണും. കേരളത്തിലും മന്ത്രിമുഖ്യന് ഇപ്പോള്‍ ഒന്നാം തരം ആള് ദൈവമായി ക്കഴിഞ്ഞു. ഇരട്ടചങ്കന്റെ ആള് ദൈവപരിണാമം നാളേക്കുള്ള രാഷ്ട്രിയ ഭീഷണിയായി രൂപപ്പെടുന്നു.
സൂര്യതേജസാരോപിക്കുന്ന ആള്‍ദൈവത്തിന്റെ കുടെ കുറെ ഉപഗ്രഹങ്ങളും കൂടുമ്പോള്‍ കേരളത്തിന്റെ രാഷ്ട്രീയ ഗതി ഊഹിക്കാവുന്നതേയുള്ളു.
മതവിചാരങ്ങളുണര്ത്തിയും ആള് ദൈവങ്ങളെ പ്രതിഷ്ഠിച്ചും തിരഞ്ഞെടുപ്പില്‍ കടന്നു കൂടാമെന്നാണ് കേന്ദ്രത്തില്‍ ബിജേപിയും കേരളത്തില്‍ ഇടതുപക്ഷവും തിരുമാനിച്ചുറച്ചിരിക്കുന്നത്. നരേന്ദ്ര മോദി സര്‍ക്കാര്‍ ക്രിസ്ത്യന്‍ ലീഡേഴ്സിനെ വിളിച്ച് ക്രിസ്മസ് ആഘോഷിച്ചതും ബിഷപ്പുമാരെ സന്ദര്‍ശിച്ചതുമെല്ലാം രാഷ്ട്രീയ വിവാദകോലാഹലങ്ങള് ഉയര്‍ത്തിയതാണ്. കേരളത്തിലും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ക്രിസ്തീയ നേതാക്കളെവിളിച്ച് ക്രിസ്മസ് ആഘോഷിച്ചിട്ടുണ്ട്. അതോടൊപ്പം ഇടതുപക്ഷത്തിന്റെ മുസ്ലീം ലീഗിനോടുള്ള ചങ്ങാത്തം വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കുന്നുണ്ട്. ഇവയെല്ലാം മതപ്രീണനരാഷ്ട്രീയത്തിന്റെ നാള് വഴികള്‍ സൃഷ്ടിക്കുന്നു.
മതം പറഞ്ഞ് കിരീടം കയ്യാളുന്നവര്‍ മതരാഷ്ട്രം കെട്ടിപ്പടുക്കാന്‍ നിര്‍ബന്ധിതരാകും. ആള്ദൈവങ്ങളോടുചേര്ന്നു ഭരണം കൈയാളാന്‍ ശ്രമിക്കുന്നവര്‍ പ്രീണന ഭരണചക്രം തിരിക്കുന്നവരായി തീരും. ഒരു ഇടവേളയില്‍ രൂപപ്പെട്ട ഇന്ത്യാ മുന്നണി ഇന്ത്യയുടെ സെക്കുലര്‍ ഫാബ്രിക്കിന് പ്രതീക്ഷ പകര്‍ന്നതാണ്. എന്നാല്‍ ബിജെപിയുടെ അയോധ്യ തന്ത്രത്തില്‍ അവരും തകിടം മറിയുമ്പോള്‍ രാജ്യം വീണ്ടും ദുര്‍ബലമാകുന്നു. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഭാരതീയര്‍ക്ക് വലിയ പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ അവിടെയും ബിജെപിയുടെ അയോധ്യാ അമ്പുകള്‍ അക്ഷരാര്‍ത്ഥത്തില്‍ വിള്ളലുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. അതിനാല്‍ ഇപ്പോള്‍ നടത്തുന്ന ഭാരത് ജോഡോ ന്യായ് യാത്ര എന്തെങ്കിലും ഫലം ചെയ്യുമോ എന്ന് കണ്ടറിയണം. അയോധ്യാ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ ഉള്ളില്‍ തന്നെ അന്തഃഛിദ്രം വരുത്തിയിരിക്കുന്ന സാഹചര്യത്തില്‍ ഈ യാത്ര ഉദ്ദേശിക്കുന്ന ഫലം ചെയ്യുമോ എന്ന് ആകുലപ്പെടുന്നവരുണ്ട്. സമാനമായ യാത്രകളും റോഡ് ഷോകളും കൊണ്ട് ദിവ്യപരിവേഷം ആര്‍ജ്ജിച്ച നരേന്ദ്രമോദി കൂടുതല്‍ ശോഭയേറിയ നേട്ടങ്ങളെ കൊണ്ടുവരില്ലേ എന്നാണ് എല്ലാവരും സംശയിക്കുന്നത്. ഇവിടെ വോട്ടിനു വേണ്ടി എല്ലാവരും മതവികാരങ്ങളെയും ആള്‍ദൈവ സങ്കല്പങ്ങളെയും ആശ്രയിക്കുമ്പോള്‍ ഭരണഘടനയുടെ സെക്കുലറിസത്തില്‍ അടിയുറച്ച് നില്ക്കുന്ന നിലപാടെടുക്കാന്‍ കോണ്‍ഗ്രസിനോ ഇന്ത്യാമുന്നണിക്കോ കഴിയാതെ പോകുന്നു. ഒരു ജനാധിപത്യ സെക്കുലര്‍ രാഷ്ട്രത്തിന് ഇത് വലിയ ഭീഷണിയായി രൂപപ്പെടുകയാണ്. ഇന്ത്യയുടെ ഭരണഘടന അപ്പാടെ തകര്‍ക്കാനുള്ള തത്രപ്പാട് പലരില്‍ നിന്നും കുറേക്കാലമായി ഉണ്ടാകുന്നുണ്ട്. ഇന്ത്യയുടെ സെക്കുലറിസം മതരാഷ്ട്ര സങ്കല്പം കൊണ്ട് താറുമാറാക്കുന്ന രീതികളാണ് എല്ലായിടത്തും കണ്ടുവരുന്നത്.
പള്ളി പൊളിച്ച് ക്ഷേത്രം നിര്‍മ്മിച്ച് അതിന്റെ പ്രതിഷ്ഠാ കര്‍മം വോട്ട് വഴിയിലേക്ക് നീട്ടിയെടുക്കുന്നവര് എന്തുതരം രാഷ്ട്രനിര്മ്മിതിയായിരിക്കും നടത്തുക എന്നത് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.
സ്വന്തക്കാരുടെ കാര്യം മാത്രം അന്വേഷിക്കുന്ന ഭരണകൂടഭീകരത അതിരൂക്ഷമായി കേരളത്തിന്റെ രാഷ്ട്രീയ നഭോമണ്ഡലത്തെ വല്ലാണ്ട് ബാധിച്ചിരിക്കുന്നു. ഇവിടെ പട്ടിണിക്കാരനും ദരിദ്രനും അധികാരവും അപ്പവും അറിവും ഇല്ലാത്തവനും ജീവിതത്തിന്റെ വഴിവരമ്പുകളിലേക്ക് ഒതുങ്ങി കൊടുക്കേണ്ട സാഹചര്യമാണ് വളര്‍ന്നുവരുന്നത്. പെന്ഷന് തേടി അധികാര കേന്ദ്രങ്ങളിലേക്ക് കടന്നു ചെല്ലുന്ന മറിയക്കുട്ടിമാരുടെ നാടായി നമ്മുടെ കേരളം മാറിയിട്ടുണ്ട്.
താലൂക്ക് സഭകളില്‍ പെന്ഷന് തരാതെ മറ്റു നടപടികളുമായി മുന്നോട്ടുപോകാന്‍ ഞങ്ങള്‍ അനുവദിക്കില്ല എന്ന് പറഞ്ഞ് എഴുന്നേറ്റു നില്ക്കുന്ന വൃദ്ധരും രോഗികളും ഉള്‍പ്പെടുന്ന ഒരു വലിയ സംഘം കേരളത്തിന്റെ പുതിയ കാഴ്ചയായി മാറുന്നു. ഒരു വിധത്തില്‍ പറഞ്ഞാല്‍ ഇല്ലായ്മക്കാരനും പട്ടിണിക്കാരനും അധികാരത്തിന്റെ കിരീടങ്ങള്‍ക്ക് വെല്ലുവിളിയായി മാറുന്നുണ്ട്. പക്ഷേ ആശ്രിതരെ വളര്‍ത്തിയെടുക്കുന്ന ഭരണകൂടത്തിന്റെ തന്ത്രങ്ങള്‍ വിജയം കാണുന്നു. ഭരണചക്രം തിരിക്കുന്ന രാജ്യത്തിന്റെ നെടുംതുണുകളായ ലെജിസ്ലേറ്റീവ് എക്സിക്യൂട്ടിവ്, ജൂഡീഷ്യറി, മാധ്യമം എന്നിവയെല്ലാം തന്നെ ആശ്രിത തന്ത്രത്തില്‍ വീണുകഴിഞ്ഞു. സാംസ്കാരിക നേതാക്കള്‍ എന്നറിയപ്പെടുന്ന എഴുത്തുകാര്‍ പോലും
നിലനില്പിന്റെ ഭീഷണിയിലും അവാര്‍ഡുകള്‍ കരസ്ഥമാക്കുന്നതിന്റെ മോഹവലയങ്ങളിലുമാണ്. അതിനൊരപവാദമായി ഇക്കഴിഞ്ഞ ദിവസം എംടി വാസുദേവന്‍ നായരും എം. മുകുന്ദനും രംഗത്തുവരികയുണ്ടായി. രണ്ടു പേരും പുതിയ വാഴ്ത്തുപാട്ട് സംഘങ്ങള്‍ക്കെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ത്തി. എംടി പറഞ്ഞ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
എഴുത്തച്ഛന് ജീവിച്ചിരുന്നത് രാജാക്കന്മാരുടെ കാലത്താണ്. എന്നിട്ടുപോലും അദ്ദേഹം വാഴ്ത്തുപാട്ടിന്റെ പിന്നാലെ പോയില്ല. ഇന്നത്തെ വാഴ്ത്തുപാട്ടു സംഘങ്ങള്‍ അപലപനീയമാം വിധം രാജ്യദ്രോഹികളാണ്.
സുപ്രീം കോടതിയില്‍ നിന്നു വിരമിക്കുന്ന ജഡ്ജസിനെ പോലും പുതിയ നിയമന സാധ്യതകളുയര്‍ത്തി പ്രലോഭിപ്പിച്ചു കൊണ്ടിരിക്കുന്നു. കേരളത്തില്‍ പോലും ചീഫ് സെക്രട്ടറി ഉള്‍പ്പടെയുള്ള സിവില്‍ സര്‍വന്റസ് എല്ലാംതന്നെ അവര്‍ സര്വിസിലായിരുന്നപ്പോള് ലഭിച്ചിരുന്ന തുകയ്ക്കു സമാനമായ ശമ്പളവും മറ്റാനുകൂല്യങ്ങളും കൈപ്പറ്റുന്ന ഔദ്യോഗിക മേഖലകളിലേക്ക് ചേക്കേറുന്നു. രാജകൊട്ടാരങ്ങളുടെ അന്നദാനങ്ങളില്‍ കണ്ണു വയ്ക്കാത്ത ഒരു ഉദ്യോഗസ്ഥനും ഇല്ലാതായിരിക്കുന്നു. സ്വതന്ത്ര ചിന്തയും സ്വതന്ത്രനിലപാടുകളും ഇല്ലാത്ത ബഹുഭൂരിപക്ഷത്തെ സൃഷ്ടിക്കുന്ന ന്യൂനപക്ഷത്തിന്റെ കരങ്ങളിലാണ് ഇപ്പോള്‍ ഭരണയന്ത്രം. ഇത് അതിരൂക്ഷമായ പ്രതിസന്ധി തന്നെ സൃഷ്ടിക്കുന്നുണ്ട്. കേരള ഭരണകൂടം മുന്നോട്ട് വച്ച നവകേരള നിര്‍മിതി ഒരു പ്രതിക്ഷയും നല്‍കാതെ തകര്‍ന്നടിയുന്നു.
മൊത്തത്തില്‍ കേരളത്തിന്റെ ഭാവി, പിണറായി വിജയന് അഭിപ്രായപെട്ട രക്ഷാപ്രവര്‍ത്തനത്തിന്റെ ഗതിയിലെത്തിയിരിക്കയാണ്. ഒരു രാഷ്ട്രനിര്മ്മിതിയെക്കുറിച്ച് എന്തെങ്കിലും ദര്‍ശനങ്ങള്‍ ഉള്ള ഒരു ഭരണാധികാരിയും ജീവിച്ചിരിപ്പില്ലാത്ത കാലത്താണ് നമ്മള് ജീവിക്കുന്നത.് എല്ലാവരും അവരവരുടെ താല്പര്യങ്ങളും കക്ഷിരാഷ്ട്രീയ നേട്ടങ്ങളും മാത്രം മുന്നില്‍ കാണുകയും അതിനു വേണ്ടി ആരെയും എന്തിനെയും വിറ്റു തുലയ്ക്കാന്‍ തയ്യാറാകുകയും ചെയ്യുന്ന രാഷ്ട്രീയ കാലാവസ്ഥയെ കുറിച്ച് പരിതപിക്കുകയല്ലാതെ മറ്റെന്തു ചെയ്യാനാണ്? ഭരണകൂടങ്ങള്‍ പള്ളിയും അമ്പലവും മോസ്കും സ്വന്തമായി കൊണ്ടുനടക്കുമ്പോള്‍ ഈ രാജ്യത്തിന്റെ ഭാഗധേയും ഇനി ആരുടെ കൈയില്‍ ആകും എന്ന ആകുലത നമുക്കെല്ലാവര്‍ക്കും ഉണ്ട്. ഇന്ത്യാ രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പില്‍ ആര് നമ്മെ നയിക്കണമെന്ന് പ്രബുദ്ധരായ പൗരസമൂഹം നിശ്ചയിക്കട്ടെ.