തിരുവനന്തപുരം:മകൾക്കെതിരായ മാസപ്പടി ആരോപണത്തിൽ മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് പച്ചക്കള്ളമെന്ന് തെളിഞ്ഞതായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനി എക്സാലോജിക്കിനെതിരായ രജിസ്ട്രാർ ഓഫ് കമ്പനീസ് റിപ്പോർട്ട് പുറത്തുവന്നത് പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
ഇൻകം ടാക്സ് ഇന്ററിംഗ് ബോർഡ് റിപ്പോർട്ട് പ്രതിപക്ഷം സഭയിൽ ഉന്നയിച്ചപ്പോൾ കെഎംആർഎൽന് വീണ വിജയന്റെ കമ്പനിയായ എക്സാലോജിക് സോഫ്റ്റ്വെയർ സേവനങ്ങൾ നൽകിയിരുന്നുവെന്നും എക്സാലോജിക്കിന്റെ വാദങ്ങൾ കേൾക്കാനുള്ള സാവകാശം ഇൻകം ടാക്സ് ഇന്ററിംഗ് ബോർഡ് നൽകിയില്ല എന്നുമായിരുന്നു മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയത്.എന്നൽ മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമാണെന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞദിവസം പുറത്തുവന്ന ആർഒസി റിപ്പോർട്ട്. കെഎംആർഎൽന് സോഫ്റ്റ്വെയർ നിർമ്മിച്ചു നൽകിയത് സംബന്ധിച്ച് ഒരു രേഖയും സമർപ്പിക്കാൻ എക്സാലോജിക്കിന് കഴിഞ്ഞിട്ടില്ലെന്നും സ്റ്റാറ്റ്യൂട്ടറി ബോഡിയായ രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ റിപ്പോർട്ടിൽ പറയുന്നു. ഒരു സേവനവും നൽകാതെ മുഖ്യമന്ത്രിയുടെ മകൾക്കും കമ്പനിക്കുമായി 1.72 കോടി രൂപ കെഎംആർഎൽ നൽകിയെന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നതാണ് ആർ.ഒ.സിയുടെ കണ്ടെത്തൽ.