ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കപ്പെട്ട തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്രയ്ക്ക് ഔദ്യോഗിക വസതിയൊഴിയാന്‍ കേന്ദ്രത്തിന്റെ നോട്ടീസ്. ടെലഗ്രാഫ് ലെയ്നിലെ വസതി സ്വമേധയ ഒഴിയാന്‍ തയ്യാറായില്ലെങ്കില്‍ ആവശ്യമെങ്കില്‍ പോലീസിനെ ഉപയോഗിച്ച് ബലമായി ഒഴിപ്പിക്കുമെന്നും നോട്ടീസില്‍ പറയുന്നു.
സര്‍ക്കാര്‍ വസതികളുടെ സംരക്ഷകനായ ഡയറക്ടറ്റേ് ഓഫ് എസ്റ്റേറ്റ് ആണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. പാര്‍ലമെന്റിനു യോജിക്കാത്ത പെരുമാറ്റ ദൂഷ്യത്തിന്റെ പേരിലാണ് ഒരു മാസം മുന്‍പ് മഹുവയെ ലോക്സഭയില്‍ നിന്ന് പുറത്താക്കിയത്. ഒരു ബിസിനസുകാരനില്‍ നിന്ന് വിലയേറിയ പാരിതോഷികങ്ങള്‍ കൈപ്പറ്റിയെന്നും പാര്‍ലമെന്റ് ലോഗിന്‍ ഐഡി അയാളുമായി പങ്കുവച്ചുവെന്നും കണ്ടെത്തിയാണ് നടപടി.
മഹുവയ്ക്ക് വസതിയൊഴിയാന്‍ മതിയായ സമയം നല്‍കിയെന്നും അനധികൃതമായല്ല താമസിക്കുന്നതെന്ന് തെളിയിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടുവെന്നും ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ് അറിയിച്ചു. വസതി ഒഴിപ്പിക്കുന്നതിനെതിരെ മഹുവ നല്കി ഹര്‍ജിയില്‍ പണം ഈടാക്കി ആറ് മാസം കൂടി താമസം അനുവദിക്കുന്നതില്‍ ചട്ടം തടസ്സമില്ലെന്ന് വ്യക്തമാക്കിയിരുന്നു. കേസിന്റെ മെറിറ്റിലേക്ക് കടന്ന് ഒരു പരാമര്‍ശവും നടത്താന്‍ കോടതി തയ്യാറായതുമില്ല. ഇതോടെ മഹുവ ഹര്‍ജി പിന്‍വലിക്കുകയായിരുന്നു.