ശബരിമല : പൊന്നമ്പല മേട്ടിൽ മകര ജ്യോതി തെളിഞ്ഞു.ശ്രീകോവിലിൽ നിന്നുള്ള മണിനാദത്തിനൊപ്പം ഉയർന്നത് ഒരേ ഒരു മന്ത്രം സ്വാമിയേ ശരണം അയ്യപ്പ. നിമിഷങ്ങളുടെ ഇടവേളയിൽ മൂന്നു തവണ മകര ജ്യോതി തെളിഞ്ഞു. കിഴക്കേ ചക്രവളത്തിൽ മകര നക്ഷത്രവും ഉദിച്ചു കഴിഞ്ഞിരുന്നു. വ്രതശുദ്ധിയുടെ പുണ്യം മനസിൽ തെളിയിച്ചു അയ്യപ്പന്മാർ മലയിറങ്ങുകയായി.
മകര വിളക്കിനായി ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് അടച്ച നട വൈകിട്ട് അഞ്ചിനാണ് തുറന്നത്. വൈകിട്ട് തിരുവാഭരണ ഘോഷയാത്രയെ സ്വീകരിക്കുവാനായി ദേവസ്വം ബോ൪ഡ് പ്രതിനിധികൾ ശരംകുത്തിയിലേക്ക് പോയി. തിരുവാഭരണ ഘോഷയാത്ര ആറ് മണിയോടെ സന്നിധാനത്തെത്തി.കൊടിമരച്ചുവട്ടിൽ മന്ത്രിയുടെ നേതൃത്വത്തിൽ തിരുവാഭരണ ഘോഷയാത്രയെ സ്വീകരിച്ചു. പതിനെട്ടാം പടി കയറി സോപാനത്തു എത്തിയ തിരുവാഭരങ്ങൾ തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേൽ ശാന്തി പി എൻ മഹേഷ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. പിന്നീട് തിരുവാഭരണങ്ങള്‍ ദീപാരാധനയ്ക്കായി ശ്രീകോവിലിലേക്ക് കൊണ്ടുപോയി.
ആറരയോടെ തിരുവാഭരണം ചാർത്തി മഹാദീപാരാധന നടന്നു. ഈ സമയത്തു ആകാശത്തു മകരജ്യോതി ദൃശ്യമായി. സന്നിധാനം ശരണ മന്ത്രങ്ങളാൽ നിറഞ്ഞ് നിൽക്കുമ്പോൾ പൊന്നമ്പലമേട്ടിൽ മകര വിളക്കും തെളിഞ്ഞു.മകര ജ്യോതി ദര്‍ശിക്കാൻ എല്ലാ വ്യൂ പോയിന്റ്റുകളിലും ഡ്രോണ്‍ നിരീക്ഷണമുൾപ്പെടെ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. എട്ട് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലായിരുന്നു സുരക്ഷ ക്രമീകനങ്ങൾ
മൂന്നര ലക്ഷത്തിലധികം ഭക്തർ ശബരിമലയിലും പരിസരത്തുമായി മകര വിളക്ക് ദർശിച്ചതായാണ് കണക്കാക്കുന്നത്