തിരുവനന്തപുരം: പിണറായി വിജയന്റെ മകളെന്ന നിലയിലാണ് എക്സാലോജിക്കിൽ കേന്ദ്ര അന്വേഷണമെന്നും അന്വേഷണം നടക്കട്ടെയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കമാണിത്. പാർട്ടിക്കൊന്നും ഭയക്കാനില്ലെന്നും എന്തുവേണമെങ്കിലും അന്വേഷിക്കട്ടെയെന്നും ഗോവിന്ദൻ തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വീണക്കെതിരായ അന്വേഷണത്തിൽ സി.പി.എം പ്രതികൂട്ടിലല്ല. പാർട്ടി പ്രതികൂട്ടിലാണെന്ന് വരുത്താൻ മാധ്യമങ്ങൾ ശ്രമിക്കേണ്ട. ബി.ജെ.പിയുമായി ബന്ധമുള്ള നേതാവിന്റെ മകനാണ് വീണക്കെതിരെ പരാതി നൽകിയത്. കേന്ദ്ര ഏജൻസികളുടെ അന്വേഷണം സംബന്ധിച്ച് കോൺഗ്രസിന് അവസരവാദ നിലപാടാണ് ഉള്ളത്. അവരുടെ നേതാക്കൾക്കെതിരെ അന്വേഷണം വരുമ്പോൾ കോൺഗ്രസ് അതിനെ എതിർക്കുന്നു. എന്നാൽ, മറ്റ് പ്രതിപക്ഷ പാർട്ടി നേതാക്കൾക്കെതിരെ അന്വേഷണം വരുമ്പോൾ അത് അവർ സ്വാഗതം ചെയ്യുന്നു. ആം ആദ്മി പാർട്ടിക്കെതിരെ കേന്ദ്ര ഏജൻസികൾ നടത്തിയ നടപടികളെ കോൺഗ്രസ് സ്വാഗതം ചെയ്യുകയാണ് ചെയ്യുന്നതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി പ്രതിപക്ഷ പാർട്ടികൾക്കെതിരെ കേന്ദ്രം നിലപാട് സ്വീകരിക്കുകയാണ്. ഇതിൽ കോണ്‍ഗ്രസിന്റെ നിലപാട് സൂക്ഷമമായി പരിശോധിച്ചാൽ അവസരപരമായാണ്. കോണ്‍ഗ്രസിനു എതിരെ ഇഡി വരുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് പറയും.
എക്സാലോജിക്ക് സിപിഎമ്മിന് എക്സ്ട്രാ ബാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും പിന്തുണയുള്ള ഒരാളാണല്ലോ ഈ വിഷയത്തിൽ പരാതി നൽകിയിരിക്കുന്നത്. അയാളുടെ പേരു പറയേണ്ടല്ലോ എന്നും എം. വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.