വിശ്വാസ സമൂഹത്തിന്റെ പ്രാര്‍ഥനയ്ക്ക് ദൈവം കനിഞ്ഞു നല്കിയ ഉത്തരമാണ് സീറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവ്. പരിശുദ്ധാത്മാവിന്റെ ഇടപെടലിലൂടെ കാലത്തിന്റെ ഗതിയനുസരിച്ച് ദൈവമയച്ച മാലാഖയാണ് വലിയ ഇടയന്. ആടുകളുടെ ഗന്ഥം ഉണ്ട് അദ്ദേഹത്തിന്. യേശുവിനെ രക്ഷകനാണെന്ന് പ്രഖ്യാപിക്കുന്ന ധീരതയും അഗ്നിയുമുണ്ട് ആ വാക്കുകളില്‍. വേദനിക്കുന്നവരെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും കാണുമ്പോള്‍ ദൈവ സ്നേഹത്താല്‍ അവരെ ആശ്ലേഷിക്കുന്ന ഒരു വിശാലഹൃദയമുണ്ട് അദ്ദേഹത്തിന്. തീര്‍ച്ചയായും ദൈവം തന്ന സമ്മാനം. വിശ്വാസസമൂഹത്തിന്റെ കണ്ണീരില്‍ കുതിര്‍ന്ന പ്രാര്‍ഥനയ്ക്ക് അവിടുന്ന് കൊടുത്ത ഉത്തരമാണ് ഈ ഇടയന്. വിശ്വാസചൈതന്യം ഹൃദയത്തില്‍ കത്തിജ്വലിപ്പിക്കുകയും, അഗാധമായ പാണ്ഡിത്യം കൊണ്ടും വിശ്വാസസാക്ഷ്യം കൊണ്ടും ജനഹൃദയങ്ങളില്‍ ഇടം തേടുകയും ചെയ്ത തട്ടില്‍ പിതാവ് ലാളിത്യത്തിന്റെ മുഖമുദ്രയുള്ള ഇടയനാണ്.
സഭയെ ഒരു കുടുംബമായി കണ്ടുകൊണ്ട് കുടുംബത്തിലെ എല്ലാ അംഗങ്ങളെയും ഐക്യത്തോടും സന്തോഷത്തോടും സമാധാനത്തോടും കൂടെ നമിക്കണം എന്നുള്ള തന്റെ വലിയ സ്വപ്നം മുന്നോട്ടുവയ്ക്കുന്നത് താന്‍ ജീവിതത്തില്‍ മുറുകെ പിടിക്കാന്‍ പോകുന്ന മുഴുവന്‍ തത്വങ്ങളുടെയും ബോധ്യവും കാഴ്ചപ്പാടുമാണ്. മുറിയപ്പെടേണ്ടതാണ് പൗരോഹിത്യജീവിതം എന്ന് ഓര്‍മിപ്പിച്ചുകൊണ്ടുള്ളതായിരുന്നു മെത്രാഭിഷേക കര്‍മത്തിനു ശേഷമുള്ള ശേഷമുള്ള പിതാവിന്റെ മറുപടി പ്രസംഗം. കുടുംബത്തില്‍നിന്ന് പ്രത്യേകിച്ച് അമ്മയില്‍ നിന്നു തനിക്ക് ലഭിച്ച ജപമാലഭക്തി അഭിവന്ദ്യ പിതാവിനെ ഒരു പ്രാര്‍ഥനയുടെ മനുഷ്യനാക്കി മാറ്റി. പരിശുദ്ധ അമ്മയോടുള്ള തന്റെ ആഴമേറിയ സ്നേഹം ഹൃദയത്തോട് ചേര്‍ത്തു വയ്ക്കുമ്പോള്‍ ദൈവം അദ്ദേഹത്തിലൂടെ സീറോ മലബാര്‍ സഭയ്ക്ക് മാത്രമല്ല ഭാരത കത്തോലിക്കാ സഭയ്ക്കും ആഗോള കത്തോലിക്ക സഭയ്ക്കു തന്നെ ധാരാളം അദ്ഭുതങ്ങള്‍ നടത്തുമെന്ന് നമുക്ക് പ്രത്യാശിക്കാം.
വിശ്വാസത്തിനു വേണ്ടി നിലകൊള്ളുകയും വിശ്വാസം പ്രഘോഷിക്കാന്‍ അതീവ താല്പര്യം കാണിക്കുകയും ചെയ്യുന്ന പിതാവ് അനേകം പുരോഹിതരെ പരിശീലിപ്പിക്കുന്നതില്‍ സെമിനാരി റെക്ടര്‍ എന്ന നിലയില്‍ മുഖ്യപങ്ക് വഹിച്ച വ്യക്തിത്വമാണ്. വ്യക്തി ബന്ധങ്ങളെ അങ്ങേയറ്റം പരിപോഷിപ്പിക്കുന്ന ജീവിതശൈലിയാണ് റാഫേല്‍ തട്ടില്‍ പിതാവ് എന്നും കൈവരിച്ചിട്ടുള്ളത്. അഭിവന്ദ്യ പിതാക്കന്മാരുമായും പുരോഹിതരുമായും സമര്‍പ്പിതരുമായും ദൈവജനവുമായി ആഴമേറിയ ഒരു സ്നേഹബന്ധം കാത്തുസൂക്ഷിച്ചു പോരുന്ന അദ്ദേഹത്തിന് ഭാവിയില്‍ താന്‍ ഏറ്റെടുക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളിലും പരിശുദ്ധാത്മാവിന്റെ അഭിഷേകം ഉണ്ടാകട്ടെ എന്ന് നമുക്ക് പ്രാര്‍ഥിക്കാം. ചൈതന്യത്താല്‍ എല്ലാവരെയും വിശ്വാസചൈതന്യത്തില്‍ നാളിതുവരെ സിറോ മലബാര്‍ സഭയെ സംരക്ഷിക്കുകയും നയിക്കുകയും ചെയ്ത മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവിന്റെ പാത പിന്തുടരുമ്പോള് ആ വലിയ നേതൃത്വ ഗുണങ്ങള്‍ ഏറ്റെടുത്തുകൊണ്ട് വിശ്വാസസമൂഹത്തെ ഒറ്റക്കെട്ടായി നയിക്കാനും സ്വര്‍ഗീയ ജറുസലേമിലേക്കുള്ള ഒരു തീര്‍ഥാടക സഭയെ വാര്‍ത്തെടുക്കുന്നതിനുമുള്ള കൃപകള്‍ ദൈവം അദ്ദേഹത്തിന് പ്രദാനം ചെയ്യട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയും ആശംസിക്കുകയും ചെയ്യുന്നു. കോഴിക്കോട് രൂപതയുടെയും കേരള ലത്തീന്‍ കത്തോലിക്കാ സഭയുടെയും പ്രത്യേക ആശംസകളും മംഗളങ്ങളും നേരുന്നു.