കോഴിക്കോട്: എം ടി വാസുദേവൻ നായർ പറഞ്ഞതിൽ പുതുമയില്ലെന്ന് വിലയിരുത്തി സിപിഐഎം. ഇതേ കാര്യം മുൻപും എം ടി എഴുതിയിട്ടുണ്ട്. ഉള്ളടക്കത്തിലുള്ളത് ചെറിയ വ്യത്യാസം മാത്രമെന്നും സിപിഐഎം വിലയിരുത്തൽ. വിവാദത്തിൽ കക്ഷിചേരേണ്ട കാര്യമില്ലെന്ന നിലപാടിലാണ് സിപിഐഎം.
കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന കെഎൽഎഫ് ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി അമിതാധികാരത്തിനെതിരെ വിമർശനവുമായി സാഹിത്യകാരൻ എം ടി വാസുദേവൻ നായർ രംഗത്ത് വന്നിരുന്നു.
നേതൃപൂജകളിൽ ഇഎംഎസ്സ് വിശ്വസിച്ചില്ലെന്നും ഇഎംഎസ്സാണ് യഥാർഥ കമ്യൂണിസ്റ്റെന്നും എം ടി ചൂണ്ടിക്കാണിച്ചു. അധികാരത്തിലുള്ളവർ അത് ഉൾക്കൊള്ളണം. അധികാരം എന്നാൽ ആധിപത്യമോ, സർവ്വാധിപത്യമോ ആയി മാറിയെന്നും അധികാരം ജനസേവനത്തിന് എന്ന സിദ്ധാന്തം കുഴിച്ചു മൂടിയെന്നും എം ടി കുറ്റപ്പെടുത്തി. വിപ്ലവം നേടിയ ജനാവലി ആൾക്കൂട്ടം ആയി മാറുന്നു. ഈ ആൾക്കൂട്ടത്തെ, ആരാധകരും, പടയാളികളും ആക്കുന്നു എന്ന ശക്തമായ വിമർശനവും എം ടി ഉന്നയിച്ചിരുന്നു.
എം ടി യുടെ വിമർശനം പിണറായി വിജയനെതിരെയാണെന്ന നിലയിലാണ് പിന്നീട് ഈ വിഷയത്തിൽ പ്രതികരണങ്ങൾ ഉണ്ടായത്. അമിതാധികാരത്തിനെതിരെ എം ടി വാസുദേവൻ നായർ നടത്തിയ പ്രസംഗം മോദിക്കെതിരെയാണെന്ന വ്യാഖ്യാനവുമായി ഇ പി ജയരാജൻ രംഗത്തെത്തിയതോടെ വിഷയം ചൂട് പിടിച്ചു.
മുഖസ്തുതി കമ്മ്യൂണിസ്റ്റ് ശൈലിയല്ലെന്നും എം ടി പറഞ്ഞത് അതിലേക്കുള്ള സൂചനയുമാവാമെന്നും സച്ചിദാനന്ദൻ പറഞ്ഞു. നരേന്ദ്ര മോദി ഭരണവുമായി കേരളത്തിലെ സാഹചര്യത്തെ താരതമ്യപ്പെടുത്താനാകില്ല. പറയപ്പെടുന്ന ചില മൂല്യച്യുതികൾ ഉണ്ടായേക്കാം പക്ഷെ അത് താരതമ്യപ്പെടുത്താനാകില്ല. എം ടി നടത്തിയത് ഒരു പൊതു പ്രസ്താവനയാണ്. അതിന് പല സൂചനകളുണ്ട്. വിവക്ഷകൾ കേൾക്കുന്നയാളുടേതാണെന്നും സച്ചിദാനന്ദൻ പ്രതികരിച്ചു.