ന്യൂഡൽഹി:‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന സംഘപരിവാർ അജൻഡയോടുള്ള എതിർപ്പ് രേഖാമൂലം അറിയിച്ച് സിപിഐ എം. ഇക്കാര്യം അടിച്ചേൽപ്പിക്കുന്നതിൽ വിയോജിപ്പ് വ്യക്തമാക്കി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമിതിയുടെ സെക്രട്ടറിക്ക് കത്ത് അയച്ചു.
ലോക്സഭയിലേക്കും നിയമസഭകളിലേക്കും ഒന്നിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നതിനെതിരെ നിയമ കമീഷന് 2018ൽ സമർപ്പിച്ച കുറിപ്പിന്റെ പകർപ്പും സമിതിക്ക് കൈമാറി. കേന്ദ്രം നിയോഗിച്ച കോവിന്ദ് സമിതി രാഷ്ട്രീയ പാർടികളുടെ അഭിപ്രായം തേടിയിരുന്നു.
‘ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം’ അതിന്റെ ഉള്ളടക്കം കൊണ്ടുതന്നെ ജനാധിപത്യവിരുദ്ധവും ഭരണഘടനയുടെ മൗലിക സവിശേഷതയായ ഫെഡറൽ തത്വങ്ങളെ ഇകഴ്ത്തുന്നതുമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പുകൾ ഒന്നിച്ചാക്കാൻ തീരുമാനം എടുത്തുവെന്ന് ഉന്നതതല സമിതിയുടെ പരിഗണനാ വിഷയങ്ങളിൽനിന്ന് വ്യക്തമാണ്. നിയമപരവും ഭരണഘടനാപരവുമായ ചട്ടക്കൂട് തയ്യാറാക്കുകയാണ് ഉന്നതതല സമിതിയുടെ ഉത്തരവാദിത്വം.
അജൻഡയും ഉദ്ദേശ്യലക്ഷ്യവും മുൻകൂട്ടി നിശ്ചയിച്ചതാണ്. ഇത്തരത്തിൽ സമിതിക്ക് രൂപം നൽകിയതിനോടുള്ള ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തുന്നു–- യെച്ചൂരി കത്തിൽ പറഞ്ഞു.