വരാപ്പുഴ: മലയാളക്കരയില്‍ ആദ്യമായി കത്തോലിക്കാ സന്ന്യാസിനീ ജീവിതം ക്രമപ്പെടുത്തി അനേകായിരം സമര്‍പ്പിതരുടെ അമ്മയാവുകയും വിദ്യാദാനത്തിലൂടെ സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനു വഴിതെളിക്കുകയും ചെയ്ത ധന്യയായ മദര്‍ ഏലീശ്വയുടെ വീരോചിത സുകൃതങ്ങള്‍ ദൈവമഹത്വം ലക്ഷ്യമാക്കിയുള്ള സ്നേഹശുശ്രൂഷയുടെ അദ്വിതീയ മുദ്രകളാണെന്ന് വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ അനുസ്മരിച്ചു. കോണ്ഗ്രിഗേഷന് ഓഫ് തെരേസ്യന്‍ കാര്‍മലൈറ്റ്സ് സന്ന്യാസിനീ സമൂഹത്തിന്റെ സ്ഥാപിക പരിശുദ്ധ കന്യകാമറിയത്തിന്റെ ഏലീശ്വയെ സാര്‍വത്രിക സഭ ധന്യയായി അംഗീകരിച്ചതിന് കേരളസഭയുടെയും സമൂഹത്തിന്റെയും കൃതജ്ഞതാപ്രകാശനത്തില്‍ മദര്‍ ഏലീശ്വയുടെ പൂജ്യഭൗതികാവശിഷ്ടങ്ങള് അടക്കം ചെയ്തിട്ടുള്ള വരാപ്പുഴ ദ്വീപിലെ സെന്റ് ജോസഫ് കോണ്‍വെന്റ് അങ്കണത്തില്‍ സാഘോഷ സ്തോത്രബലിയര്പ്പണത്തില് മുഖ്യകാര്‍മികനായി ആമുഖ സന്ദേശം നല്‍കുകയായിരുന്നു ആര്‍ച്ച്ബിഷപ് കളത്തിപ്പറമ്പില്‍.
വിശുദ്ധ അമ്മത്രേസ്യയുടെ തിരുനാളില്‍ ജനിക്കുകയും സവിശേഷ കര്‍മല സിദ്ധിയിലൂടെ കേരളത്തിലെ ആദ്യ സന്ന്യാസിനീ സമൂഹം രൂപപ്പെടുത്തുകയും ചെയ്ത ഏലീശ്വാമ്മ തന്റെ പ്രബോധനങ്ങളിലൂടെ പ്രാര്‍ഥനയില്‍ വളരാനുള്ള സന്ന്യാസിനീ ജീവിതത്തിന്റെ പ്രാഥമിക പാഠങ്ങള്‍ ഭാരതസഭയിലെ സമര്‍പ്പിതര്‍ക്കു പകര്ന്നുനല്കി. കേരളത്തിലെ ആദ്യ കോണ്‍വെന്റ് സ്കൂളും പെണ്‍കുട്ടികള്‍ക്കായുള്ള ബോര്‍ഡിങ് ഹൗസും അനാഥശാലയും സ്ഥാപിച്ച മദര്‍ ഏലീശ്വ പത്തൊമ്പതാം നൂറ്റാണ്ടിലെ സ്ത്രീകളുടെ ജീവിതത്തിലും കുടുംബജീവിതത്തിലും കൊണ്ടുവന്ന പരിവര്‍ത്തനം കേരളത്തിന്റെ സാമൂഹിക, സാംസ്കാരിക മുന്നേറ്റത്തിനു വഴിതെളിച്ചു. വിശ്വാസം, പ്രത്യാശ, സ്നേഹം എന്നീ ദൈവികപുണ്യങ്ങളും മറ്റു മൗലിക പുണ്യങ്ങളും ദൈവത്തിനു സമ്പൂര്‍ണമായി സമര്‍പ്പിച്ച തന്റെ ജീവിതത്തില്‍ സാക്ഷാത്കരിച്ച മദര്‍ ഏലീശ്വയുടെ വീരോചിത സുകൃതങ്ങള്‍ അനുകരിക്കാനുള്ള കൃപയ്ക്കായി നമുക്ക് യാചിക്കാമെന്ന് ആര്‍ച്ച്ബിഷപ് കളത്തിപ്പറമ്പില്‍ ആഹ്വാനം ചെയ്തു.
തിരുവനന്തപുരം ആര്‍ച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോ, വരാപ്പുഴ ആര്‍ച്ച്ബിഷപ് എമരിറ്റസ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍, കോട്ടപ്പുറം ബിഷപ് എമരിറ്റസ് ഡോ. ജോസഫ് കാരിക്കശ്ശേരി, പുനലൂര്‍ ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, സുല്‍ത്താന്‍പേട്ട് ബിഷപ് ഡോ. അന്തോണിസാമി പീറ്റര്‍ അബീര്‍, ഝാന്‍സി ബിഷപ് ഡോ. പീറ്റര്‍ പറപ്പിള്ളില്‍, ലഖ്നൗ ബിഷപ് ഡോ. ജെറാള്‍ഡ് ജോണ്‍ മത്തിയാസ് എന്നിവര്‍ സഹകാര്‍മികരായിരുന്നു.
മദര്‍ ഏലീശ്വയുടെ കബറിടത്തില്‍ നാമകരണത്തിനായുള്ള പ്രാര്‍ഥനയോടെയാണ് തിരുകര്‍മങ്ങള്‍ ആരംഭിച്ചത്. ബിഷപ് ഡോ. പീറ്റര്‍ പറപ്പിള്ളില്‍ നൊവേന പ്രാര്‍ഥന നയിച്ചു. റവ. ഡോ. സൂസി കിണറ്റിങ്കല്‍ സിടിസി ധന്യയായ ഏലീശ്വാമ്മയുടെ പുണ്യജീവിതരേഖ ആമുഖമായി അവതരിപ്പിച്ചു. സ്മൃതിമന്ദിരത്തില്‍ നിന്ന് ആള്ത്താരയിലേക്കുള്ള പ്രദക്ഷിണത്തില്‍, മദര്‍ ഏലീശ്വയെ ധന്യയായി പ്രഖ്യാപിച്ചുകൊണ്ടുള്ള വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാന്‍ ഡികാസ്റ്ററിയുടെ ഡിക്രി സിടിസി സുപ്പീരിയര്‍ ജനറല്‍ മദര്‍ സൂസമ്മ സംവഹിച്ചു. ഏലീശ്വാമ്മയുടെ നാമകരണത്തിനായുള്ള വരാപ്പുഴ അതിരൂപതയിലെ തിയോളജിക്കല്‍ സെന്‍സര്‍ കൂടിയായ നിഷ്പാദുക കര്‍മലീത്താ സഭയുടെ മഞ്ഞുമ്മല്‍ വിശുദ്ധ പത്താം പീയൂസ് പ്രോവിന്സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ റവ. ഡോ. അഗസ്റ്റിന് മുല്ലൂര്‍ ഇറ്റാലിയന്‍ ഭാഷയിലുള്ള ഡിക്രി വായിച്ചു. അതിന്റെ മലയാളം പരിഭാഷ വരാപ്പുഴ അതിരൂപതാ ചാന്‍സലര്‍ ഫാ. എബിജിന്‍ അറയ്ക്കല്‍ അവതരിപ്പിച്ചു.
ധന്യയായ ഏലീശ്വയുടെ ഛായാചിത്രം അള്‍ത്താരയില്‍ ആര്‍ച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോ അനാച്ഛാദനം ചെയ്തു.
കെആര്‍എല്‍സിസി ഡപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. തോമസ് തറയില്‍, കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി, കാര്‍മല്‍ഗിരി സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരി റെക്ടര്‍ റവ. ഡോ. ചാക്കോ പുത്തന്‍പുരയ്ക്കല്‍, കളമശേരി സെന്റ് ജോസഫ് മൈനര്‍ സെമിനാരി റെക്ടര്‍ റവ. ഡോ. ജോബ് വാഴക്കൂട്ടത്തില്‍, വരാപ്പുഴ അതിരൂപത എപ്പിസ്കോപ്പല്‍ വികാരി ജനറല്‍ മോണ്‍. മാത്യു ഇലഞ്ഞിമിറ്റം, വരാപ്പുഴ മൗണ്ട് കാര്‍മല്‍ സെന്റ് ജോസഫ് ബസിലിക്ക വികാരി ഫാ. ജോഷി കൊടിയന്തറ ഒസിഡി എന്നിവര്‍ ഉള്‍പ്പെടെ വിവിധ രൂപതകളില്‍ നിന്നുള്ള വൈദികരും സന്ന്യസ്തരും കൃതജ്ഞതാബലിയില്‍ സഹകാര്‍മികരായി.
ധന്യ മദര്‍ ഏലീശ്വയുടെ നാമത്തില്‍ സിടിസി സമൂഹം സ്ത്രീശക്തികരണത്തിന് ഏര്‍പ്പെടുത്തിയിട്ടുള്ള ഒരു ലക്ഷം രൂപയുടെ അവാര്‍ഡും ട്രോഫിയും മദര്‍ ഏലീശ്വയുടെ ജന്മദേശമായ വൈപ്പിന്കരയിലെ ഓച്ചംതുരുത്തില് പാലിയേറ്റീവ് കെയര്‍ സെന്റര്‍ നടത്തുകയും എറണാകുളം ജനറല്‍ ആശുപത്രിയില്‍ നിര്‍ധന രോഗികള്‍ക്ക് ഭക്ഷണവും സഹായവും നല്‍കുന്നതിന് നിസ്വാര്‍ഥ സേവനം നടത്തുകയും ചെയ്യുന്ന കുളിയത്ത് ലീമ പീറ്ററിന് ആര്‍ച്ച്ബിഷപ് എമരിറ്റസ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ സമ്മാനിച്ചു. സിടിസി ജനറല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ പേഴ്സി അവാര്‍ഡിനെക്കുറിച്ച് സംസാരിച്ചു. സിടിസി മദര്‍ സുപ്പീരിയര്‍ റവ. ഡോ. സൂസമ്മ സന്നിഹിതയായിരുന്നു.
വരാപ്പുഴ അതിരൂപതയുടെ നവമാധ്യമ ചാനല്‍ കേരളവാണി സംപ്രേഷണം ചെയ്യുന്ന മദര്‍ ഏലീശ്വയുടെ സൂക്തങ്ങളുടെ പ്രകാശനം ബിഷപ് എമരിറ്റസ് ഡോ. ജോസഫ് കാരിക്കശേരി നിര്‍വഹിച്ചു.
ഏലീശ്വാമ്മയുടെ നാമകരണത്തിനായുള്ള അഡ്മിനിസ്ട്രേറ്ററും ധന്യയുടെ ജീവചരിത്രകാരിയുമായ റവ. ഡോ. സൂസി കിണറ്റിങ്കല്‍ സിടിസി രചിച്ച ‘ധന്യ മദര്‍ ഏലീശ്വ: പുണ്യസരണിയുടെ അനശ്വര പ്രയാണം’ എന്ന പുസ്തകം ബിഷപ് ഡോ. അന്തോണിസാമി പീറ്റര്‍ അബീര്‍ മദറിന്റെ നാമകരണത്തിനായുള്ള ട്രൈബ്യൂണല്‍ നോട്ടറി കൂടിയായ സിഎസ്എസ്ടി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ഡോ. വിനീതയ്ക്ക് നല്കി പ്രകാശനം ചെയ്തു. സിസ്റ്റര്‍ ശോഭിത സിടിസി എഡിറ്റ് ചെയ്ത ‘മദര്‍ ഏലീശ്വ: എ സബ്ലൈം ഇനീഷ്യേറ്റര്‍ ഓഫ് സിനഡല്‍ ലിവിങ്’ എന്ന പുസ്തകം ഫാ. ഫ്രാന്‍സിസ് സേവ്യര്‍ താന്നിക്കാപ്പറമ്പിലിനു നല്കി ബിഷപ് ജെറാള്‍ഡ് ജോണ്‍ മത്തിയാസ് പ്രകാശനം ചെയ്തു. സിടിസി സുപ്പീരിയര്‍ ജനറല്‍ മദര്‍ സൂസമ്മ നന്ദി പ്രകാശിപ്പിച്ചു.
അതിരൂപതാ ബിസിസി ഡയറക്ടര്‍ ഫാ. യേശുദാസ് പഴമ്പിള്ളി, അതിരൂപതാ യുവജന കമ്മിഷന് ഡയറക്ടര്‍ ഫാ. ജിജു ക്ലീറ്റസ് തീയാടി, ഹേസില്‍ ഡിക്രൂസ്, ജൂഡ് കാട്ടിപ്പറമ്പില്‍ തുടങ്ങിയവര്‍ നേതൃത്വം വഹിച്ചു. മദര്‍ ഏലീശ്വയുടെ പുണ്യജീവിതത്തിന്റെ അന്ത്യപാദത്തില്‍ 23 വര്‍ഷം ജീവിച്ച സെന്റ് ജോസഫ് കോണ്‍വെന്റ് അങ്കണത്തില്‍ പന്തലിന്റെ വിവിധ ഭാഗങ്ങളില്‍ വലിയ ഡിജിറ്റല്‍ ഡിസ്പ്ലേ സ്ക്രീനുകള്‍ ഒരുക്കിയിരുന്നു. ധന്യയായ മദര്‍ ഏലീശ്വയെ വിശുദ്ധപദത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള ഹൃദയാര്ച്ചനകളുമായി ആയിരകണക്കിന് വിശ്വാസികള്‍ പന്തലുകളില്‍ നിറഞ്ഞിരുന്നു.