എറണാകുളം: കേരള കത്തോലിക്കാസഭയിലെ ആദ്യ സന്ന്യാസിനിയും ആദ്യ സന്ന്യാസിനീസഭാസ്ഥാപികയുമായ മദര്‍ ഏലീശ്വയെ സാര്‍വത്രികസഭ ധന്യ പദത്തിലേക്ക് ഉയര്‍ത്തിയതിനുള്ള കൃതജ്ഞതാബലി ജനുവരി 6ന് ശനിയാഴ്ച വൈകുന്നേരം 4.30ന് മദറിന്റെ സ്മൃതിമന്ദിരം സ്ഥിതിചെയ്യുന്ന വരാപ്പുഴ സെന്റ് ജോസഫ് കോണ്‍വെന്റ് അങ്കണത്തില്‍ അര്‍പ്പിക്കും.
കോണ്ഗ്രിഗേഷന് ഓഫ് തെരേസ്യന്‍ കാര്‍മലൈറ്റ്സ് (സിടിസി) സമൂഹത്തിന്റെ സ്ഥാപിക മദര്‍ ഏലീശ്വയുടെ വീരോചിതമായ പുണ്യങ്ങള്‍ അംഗീകരിച്ചുകൊണ്ട് ഫ്രാന്‍സിസ് പാപ്പായുടെ അനുമതിയോടെ 2023 നവംബര്‍ എട്ടിന് വിശുദ്ധര്‍ക്കായുള്ള വത്തിക്കാന്‍ ഡികാസ്റ്ററി ദൈവദാസി മദര്‍ ഏലീശ്വയെ വിശുദ്ധപദത്തിലേക്ക് ഉയര്‍ത്താനുള്ള നാമകരണനടപടികളുടെ ഭാഗമായി ധന്യയായി പ്രഖ്യാപിച്ചു. കത്തോലിക്കാ സഭയിലെ വിശ്വാസസമൂഹത്തിനു മുഴുവന്‍ അനുകരിക്കാവുന്ന ഉത്തമ മാതൃകയാണ് ധന്യ മദര്‍ ഏലീശ്വയുടെ സുകൃതപൂര്‍ണ്ണമായ ജീവിതം എന്നാണ് ഈ പ്രഖ്യാപനത്തിന്റെ അര്‍ഥം.
ധന്യപദപ്രഖ്യാപനത്തിന് കേരളസഭയുടെയും സിടിസി സമൂഹത്തിന്റെയും കൃതജ്ഞതാപ്രകാശനമാണ് മദര്‍ ഏലീശ്വ തന്റെ പുണ്യജീവിതത്തിന്റെ അന്ത്യപാദത്തിലെ 23 വര്‍ഷം ജീവിച്ച വരാപ്പുഴയില്‍ 2024 ജനുവരി 6ന് നടത്തുന്നത്. മദര്‍ ഏലീശ്വയുടെ ജന്മസ്ഥലമായ വൈപ്പിന്കരയിലെ ഓച്ചംതുരുത്ത് ക്രൂസ് മിലാഗ്രിസ് പള്ളിയില്‍ നിന്ന് രാവിലെ 7.30ന് ആരംഭിക്കുന്ന ഛായാചിത്ര പ്രയാണത്തോടെയാണ് ആഘോഷങ്ങളുടെ തുടക്കം. കുരിശിങ്കല്‍ പള്ളിയങ്കണത്തില്‍ വരാപ്പുഴ അതിരൂപത വികാരി ജനറല്‍ മോണ്‍. മാത്യു ഇലഞ്ഞിമിറ്റം ഛായാചിത്രപ്രയാണം ഫ്ളാഗ് ഓഫ് ചെയ്യും. ചെറായി, ചെറിയപ്പിള്ളി, വള്ളുവള്ളി വഴി എത്തുന്ന ഛായാചിത്രപ്രയാണത്തിന്, മദര്‍ ഏലീശ്വ നിഷ്പാദുക കര്‍മലീത്താ മൂന്നാംസഭയ്ക്കു തുടക്കം കുറിച്ച കൂനമ്മാവിലെ സെന്റ് ഫിലോമിനാ ദേവാലയാങ്കണത്തില്‍ വരവേല്‍പ്പു നല്‍കും. തുടര്‍ന്ന് കൂനമ്മാവ് പള്ളിയില്‍ നിന്നുള്ള ദീപശിഖാ പ്രയാണം ആരംഭിക്കും. കൂനമ്മാവില്‍ നിന്ന് 50 ബൈക്കുകളുടെ അകമ്പടിയോടെ വരാപ്പുഴ സെന്റ് ജോസഫ് കോണ്‍വെന്റിലെ മദര്‍ ഏലീശ്വയുടെ സ്മൃതിമന്ദിരത്തില്‍ ഛായാചിത്രവും ദീപശിഖയും 11 മണിയോടെ എത്തിച്ചേരും. വരാപ്പുഴ മൗണ്ട് കാര്‍മല്‍ സെന്റ് ജോസഫ് ബസിലിക്ക റെക്ടര്‍ ഫാ. ജോഷി കൊടിയന്തറ ഒസിഡിയും സിറ്റിസി സന്ന്യാസിനീസമൂഹത്തിന്റെ സുപ്പീരിയര്‍ ജനറല്‍ മദര്‍ സൂസമ്മയും ചേര്‍ന്ന് ഛായാചിത്രവും ദീപശിഖയും ഏറ്റുവാങ്ങും.
തുടര്‍ന്ന് മദര്‍ ഏലീശ്വയുടെ ജീവിതവും പുണ്യങ്ങളും ആധാരമാക്കി തയ്യാറാക്കിയ വീഡിയോ പ്രദര്‍ശനത്തിനു ശേഷം 4.30ന് കോണ്‍വെന്റ് അങ്കണത്തില്‍ വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ മുഖ്യകാര്‍മികത്വത്തിലും എട്ട് മെത്രാന്മാരുടെയും നൂറോളം വൈദികരുടെയും സഹകാര്മികത്വത്തിലൂം കൃതജ്ഞതാ ദിവ്യബലി അര്‍പ്പിക്കും. തിരുവനന്തപുരം അതിരൂപതാ മെത്രാപ്പോലീത്ത ഡോ. തോമസ് ജെ. നെറ്റൊ ധന്യ മദര്‍ ഏലീശ്വയുടെ ഛായാചിത്രം അനാച്ഛാദനം ചെയ്യും.
ദിവ്യബലിക്കു ശേഷം, സ്ത്രീശക്തിമത്കരണത്തിനും സമൂഹനിര്‍മ്മിതിക്കും പ്രാധാന്യം നല്കുന്ന സാമൂഹ്യപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വനിതയ്ക്ക് അവാര്‍ഡ്ദാനം നടത്തും. വരാപ്പുഴ അതിരൂപതയുടെ മാധ്യമവിഭാഗം ‘കേരളവാണി’ ഒരുക്കുന്ന മദര്‍ ഏലീശ്വാസൂക്തങ്ങളുടെ സംപ്രേഷണത്തിനും തുടക്കമാകും. മദര്‍ ഏലീശ്വയുടെ വീരോചിത സുകൃതജീവിതത്തെക്കുറിച്ച് സിസ്റ്റര്‍ ഡോ. സൂസി കിണറ്റിങ്കല്‍ സിടിസി എഴുതിയ ‘ധന്യ മദര്‍ ഏലീശ്വ: പുണ്യസരണിയുടെ അനശ്വരപ്രയാണം’ എന്ന പുസ്തകവും സിസ്റ്റര്‍ ശോബിത എഡിറ്റ് ചെയ്ത ‘മദര്‍ ഏലീശ്വ, എ സബ്ലൈം ഇനീഷ്യേറ്റര്‍ ഓഫ് ദ് സിനൊഡല് ലൈഫ്’ എന്ന പുസ്തകവും പ്രകാശനം ചെയ്യും.
കേരളസഭയില്‍ ആദ്യമായി മഠത്തോടൊപ്പം പെണ്‍കുട്ടികള്‍ക്കായി സ്കൂളും മറ്റിടങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്കു താമസിച്ചുപഠിക്കാനുള്ള ബോര്‍ഡിംഗ് ഭവനവും പാവപ്പെട്ടവരും അനാഥരുമായ കുട്ടികള്‍ക്കായുള്ള അനാഥമന്ദിരവും കൈത്തൊഴില്‍ പരിശീലനസംവിധാനും സജ്ജമാക്കികൊണ്ട് സ്ത്രീശക്തീകരണത്തിനു ശക്തവും മാതൃകാപരവുമായ നിലപാടുറപ്പിച്ച സ്ത്രീരത്നത്തിന്റെ പുണ്യജീവിതത്തിന്റെ ആഘോഷമാണ് ധന്യപദപ്രഖ്യാപനമെന്ന് സിടിസി സുപ്പീരിയര്‍ ജനറല്‍ റവ. ഡോ. സൂസമ്മയും ജനറല്‍ കണ്‍വീനര്‍ ഫാ. യേശുദാസ് പഴമ്പിള്ളിയും വ്യക്തമാക്കി.