തിരുവനന്തപുരം : കോട്ടയം എരുമേലിയില്‍ നിന്നും കാണാതായ ജസ്ന തിരോധാനത്തില്‍ അന്വേഷണം അവസാനിപ്പിച്ച് സിബിഐ. ജസ്ന മരിച്ചതിനും മത പരിവര്‍ത്തനം നടത്തിയതിനും തെളിവില്ലെന്നും സിബിഐ റിപ്പോർട്ടിലുണ്ട് . ജസ്ന മതപരിവർത്തനം നടത്തിയിട്ടില്ല. കേരളത്തിലെയും പുറത്തെയും മതപരിവർത്തന കേന്ദ്രങ്ങൾ പരിശോധിച്ചു. ഇവിടെ നിന്ന് തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് സിബിഐ വ്യക്തമാക്കി. ജസ്ന മരിച്ചതിനും തെളിവില്ല. സിബിഐ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.
ജസ്ന കൊവിഡ് വാക്സിൻ സ്വീകരിച്ചിട്ടില്ല. തമിഴ്നാട്ടിലും കർണാടകയിലും മുംബൈയിലും ജസ്നയ്ക്കായി അന്വേഷണം നടത്തി. ഇതിനായി ഇന്റർപോളിന്റെ സഹായം തേടിയെന്നും സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. ജസ്നയുടെ പിതാവിന് തിരുവനന്തപുരം സിജെഎം കോടതി നോട്ടീസ് അയച്ചു. സിബിഐ റിപ്പോർട്ടിൽ മറുപടി നൽകാൻ നിർദ്ദേശിച്ചാണ് നോട്ടീസ്. ജനുവരി 19 നകം മറുപടി നൽകണം. കഴിഞ്ഞ ദിവസമാണ് അന്വേഷണം അവസാനിപ്പിച്ച് കോടതിയിൽ സിബിഐ റിപ്പോർട്ട് നൽകിയത്.
കാഞ്ഞിരപ്പള്ളി എസ് ഡി കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ ജസ്ന മരിയ ജയിംസിനെ 2018 മാര്‍ച്ച് 22 നാണ് കാണാതാവുന്നത്. വീട്ടില്‍ നിന്നും മുണ്ടക്കയത്തെ ബന്ധുവീട്ടിലേക്ക് പോകുന്ന വഴിയായിരുന്നു തിരോധാനം. വീട്ടില്‍ നിന്ന് ഇറങ്ങിയ ജസ്ന ഓട്ടോയില്‍ മുക്കുട്ടുത്തറയിലും ബസില്‍ എരുമേലിയിലും എത്തിയതായി വിവരം ഉണ്ട്. പിന്നീട് കാണാതാവുകയായിരുന്നു
ജസ്നയെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ചടക്കം കേരളാ പോലീസിന്റെ്നിരവധി സംഘങ്ങള്‍ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ജെസ്നയുടെ സഹോദരൻ ജെയ്സ് ജോൺ ജെയിംസ് നൽകിയ ഹർജിയെ തുടർന്ന് 2021 ഫെബ്രുവരിയിലായിരുന്നു കോടതി ഉത്തരവിന്റെ് അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്.
സിബിഐ തിരുവനന്തപുരം യൂണിറ്റിലെ ഇൻസ്പക്ടർ നിപുൺ ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. അന്വേഷണത്തിൽ ജസ്നയെ കണ്ടെത്തുന്നതിലേക്ക് നയിക്കുന്ന തെളിവുകൾ ലഭിച്ചില്ലെന്നതാണ് സിബിഐ കേസ് അവസാനിപ്പിക്കാൻ കാരണം.