1850കളില്‍ മലയാളനാട്ടില് ഒരു അടിമയുടെ കമ്പോളവില 10 രൂപയില്‍ താഴെയായിരുന്നു. ക്ഷാമകാലത്ത് കുട്ടികളെ നാല് അണയ്ക്കു വിറ്റിരുന്നു. നാല്ക്കാലികള് നിര്‍ബാധം അലയുന്ന പെരുവഴിയില്‍ കീഴാളരെ കണ്ടാല്‍ കൊല്ലാനും വകുപ്പുണ്ടായിരുന്നു. സവര്‍ണരും അവര്‍ണരും അടിമജാതികളുമായി വിഭജിക്കപ്പെട്ട സമൂഹത്തിലെ വര്‍ണവിവേചനത്തില്‍ അശുദ്ധിയുടെ പൊള്ളുന്ന ചാപ്പ കുത്തപ്പെട്ടവര്‍ ഊഴിയം അടിമപ്പണിക്കു വിധിക്കപ്പെട്ടവരായിരുന്നു. സ്ത്രീകളുടെ ദുരവസ്ഥ അതിലും പരിതാപകരമായിരുന്നു. ഉന്നത ജാതിയായ നമ്പൂതിരി സമൂഹത്തില്‍ പോലും അന്തര്ജനമെന്നും അകത്തമ്മയെന്നും വിളിക്കുന്ന സ്ത്രീകള്‍ സ്വാതന്ത്ര്യം എന്തെന്ന് അറിഞ്ഞിരുന്നില്ല. എഴുത്തുപള്ളിയും കളരിയും വേദം ഓതിപഠിക്കുന്ന മഠവുമെല്ലാം ആണ്‍പിള്ളേര്‍ക്കു മാത്രമായിരുന്നു. വരാപ്പുഴയ്ക്കടുത്ത് കൂനമ്മാവിലെ വലിയ ജന്മിഗൃഹങ്ങളിലൊന്നായ വാകയില്‍ തറവാട്ടില്‍ ഒന്നര വയസുള്ള പെണ്‍കുഞ്ഞിന്റെ അമ്മയായ ഇരുപതുകാരി ഏലീശ്വ തന്റെ വൈധവ്യത്തിന്റെ അഴലുകളില്‍ നിന്ന് സ്നേഹശുശ്രൂഷയുടെയും യോഗാത്മകദര്ശനത്തിന്റെയും ആധ്യാത്മിക ഉണര്‍വിന്റെയും തേജോരൂപം ധരിക്കുന്ന കാലസന്ധിയുടെ സാമൂഹിക പശ്ചാത്തലം ഇതാണ്.
‘പ്രപഞ്ച പരിത്യക്ത’ എന്നു സമകാലീന ചരിത്രകാരന്മാര് വിശേഷിപ്പിക്കുന്ന ഏലീശ്വ രണ്ടാം വിവാഹത്തിന് വിസമ്മതിച്ച് 15 വര്‍ഷത്തോളം തറവാട്ടിലെ കളപ്പുരയില്‍ ധ്യാനകൂടാരമൊരുക്കി ദൈവോപാസനയില് കഴിയുന്നതിനിടെ, കൂനമ്മാവ് സെന്റ് ഫിലോമിനാ ദേവാലയത്തില്‍ തന്റെ കുമ്പസാരം കേട്ട ഇറ്റലിക്കാരനായ യുവ കര്‍മലീത്താ മിഷനറി ഫാ. ലെയോപോള്‍ഡ് ബെക്കാറോയുടെ മാര്‍ഗനിര്‍ദേശം സ്വീകരിച്ച് 1866-ല്‍ മലയാളക്കരയിലെ ആദ്യത്തെ കത്തോലിക്കാ സന്ന്യാസിനീസമൂഹത്തിന്റെ സ്ഥാപികയായതും പെണ്‍കുട്ടികള്‍ക്കായി ഒരു കോണ്‍വെന്റ് സ്കൂളും ബോര്‍ഡിങ് ഹൗസും അനാഥശാലയും ആരംഭിച്ചതും നാട്ടിലെ സ്ത്രീകളുടെ ജീവിതത്തിലും സമൂഹത്തിലും കൊണ്ടുവന്ന പരിവര്‍ത്തനങ്ങള്‍ ആധുനിക യുഗനിര്മിതിയുടെ ചരിത്രമാണ്.
തെക്കന്‍ തിരുവിതാംകൂറിലെ നാഗര്‍കോവിലില്‍ ലണ്ടന്‍ മിഷനറി സൊസൈറ്റി മിഷനറി ചാള്‍സ് മീഡിന്റെ ഭാര്യ ജൊഹാന്ന മീഡും കോട്ടയത്ത് ചര്‍ച്ച് മിഷനറി സൊസൈറ്റിയിലെ ഹെന് റി ബേക്കറിന്റെ ഭാര്യ അമേലിയ ഡൊറോത്തിയ ബേക്കറും തലശേരിയില്‍ ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷനിലെ ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ ഭാര്യ ജൂലി ഗുണ്ടര്‍ട്ടും ഫോര്‍ട്ടുകൊച്ചിയില്‍ സിഎംഎസ് മിഷനറി തോമസ് ഡോസന്റെ ഭാര്യയും പെണ്പള്ളിക്കൂടങ്ങള് തുടങ്ങിയിരുന്നു. എന്നാല്‍ ഈനാട്ടിലെ ആദ്യ കന്യാസ്ത്രീ തന്റെ സന്ന്യാസിനീസമൂഹത്തിന്റെ അര്പ്പിതശുശ്രൂഷയായി സ്ത്രീവിദ്യാഭ്യാസ മിഷന് ഏറ്റെടുത്തതും അനേകായിരം സന്ന്യാസിനിമാരിലൂടെ ദേശകാലഭേദങ്ങളെ അതിശയിക്കുന്ന പുഷ്കലവും പരിപൂതവുമായ ധര്മ്മപ്രമാണമായി അതു ലോകമെങ്ങും പ്രചരിക്കുന്നതിന് പാതയൊരുക്കിയതും അനന്യമായ സിദ്ധിവിശേഷത്തിലൂടെയാണ്.
കൂനമ്മാവിലെ സെന്റ് തെരേസാസ് കോണ്‍വെന്റില്‍ ആദ്യ പെണ്‍പള്ളിക്കൂടം 1868-ല്‍ ആരംഭിക്കുന്നത് വരാപ്പുഴ വികാരി അപ്പസ്തോലിക്കയായിരുന്ന ഇറ്റലിക്കാരനായ കര്‍മലീത്താ ആര്‍ച്ച്ബിഷപ് ബെര്ണര്ദീന് ബച്ചിനെല്ലി 1868 ജൂലൈ 20ന് ഡിക്രിയിലൂടെ സ്ത്രീവിദ്യാഭ്യാസം കേരളത്തിലെ ആദ്യത്തെ തദ്ദേശീയ സന്ന്യാസിനീസമൂഹത്തിന്റെ മുഖ്യ പ്രേഷിതദൗത്യമായി പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ്. വരാപ്പുഴ വികാരിയാത്തില്‍ ഓരോ കരയിലും ഓരോ പള്ളിയോടുമൊപ്പം ജാതിമതവര്ഗലിംഗവ്യത്യാസമില്ലാതെ ഏവര്‍ക്കും പ്രാഥമിക വിദ്യാഭ്യാസത്തിന് പള്ളിക്കൂടങ്ങള്‍ സ്ഥാപിക്കണമെന്ന് 1856-ല്‍ അദ്ദേഹം കല്പന ഇറക്കിയതിന്റെ തുടര്‍ച്ചയായി വേണം ഇതിനെ കാണാന്‍.
മാന്നാനത്ത് അമലോദ്ഭവദാസസംഘത്തിന് കര്മലമാതാവിന്റെ പേരില്‍ 1855 ഡിസംബറില്‍ കാനോനിക അംഗീകാരം നല്‍കുകയും ലത്തീന്‍കാര്‍ക്കുവേണ്ടി കൂനമ്മാവില്‍ 1857-ല്‍ സന്ന്യാസാശ്രമം ആരംഭിക്കുകയും മഞ്ഞുമ്മലില്‍ അമലോദ്ഭവമാതാവിന്റെ നാമത്തില്‍ 1866 സെപ്റ്റംബറില്‍ മറ്റൊരു ആശ്രമത്തിന് തറക്കല്ലിടുകയും ചെയ്ത ആര്‍ച്ച്ബിഷപ് ബച്ചിനെല്ലി, യൂറോപ്പില്‍ നിന്ന് മലബാറിലേക്ക് കന്യാസ്ത്രീകളെ കൊണ്ടുവരാനും പദ്ധതി തയാറാക്കിയിരുന്നു. ഇതിനായി വരാപ്പുഴയ്ക്കടുത്ത് പുത്തന്‍പള്ളിയില്‍ രണ്ടുനിലയുള്ള വലിയൊരു മഠം നിര്‍മിച്ചുവെങ്കിലും റോക്കോസ് ശീശ്മയുടെ പശ്ചാത്തലത്തില്‍ വൈദികപരിശീലനമാണ് ഇവിടത്തെ അടിയന്തര ആവശ്യമെന്നു ബോധ്യമായതിനെ തുടര്‍ന്ന് ആ മഠം സുറിയാനിക്കാര്‍ക്കും ലത്തീന്‍കാര്‍ക്കും വേണ്ടിയുള്ള സെന്‍ട്രല്‍ സെമിനാരിയാക്കി മാറ്റുകയായിരുന്നു.
കൂനമ്മാവിലെ വാകയില്‍ തറവാട്ടിലെ കളപ്പുരയില്‍ ആത്മവിശുദ്ധിയിലും ധ്യാനാത്മകപ്രാര്ഥനയിലും ആത്മപരിത്യാഗത്തിലും ദീനാനുകമ്പയിലും മുഴുകി ജീവിക്കുന്ന ഏലീശ്വയുടെയും മകള്‍ അന്നയുടെയും ഏലീശ്വയുടെ അനുജത്തി ത്രേസ്യയുടെയും അര്പ്പിതജീവിതാഭിമുഖ്യത്തെക്കുറിച്ച് ഫാ. ലെയോപോള്‍ഡ് ബെക്കാറോയാണ് ആര്‍ച്ച്ബിഷപ് ബച്ചിനെല്ലിയെ ബോധ്യപ്പെടുത്തിയത്. ഏലീശ്വയുടെയും ത്രേസ്യയുടെയും അമ്മ താണ്ടയുടെ സഹോദരന് ഫാ. തോമസ് ഗുയൊമ്മാര് പനമ്പില്‍ അന്ന് ആര്‍ച്ച്ബിഷപ് ബച്ചിനെല്ലിയുടെ സെക്രട്ടറിയാണ്. ഏലീശ്വയുടെയും ത്രേസ്യയുടെയും സഹോദരന് ലൂയിസ് വൈപ്പിശ്ശേരി – മഞ്ഞുമ്മല്‍ അമലോദ്ഭവമാതാവിന്റെ കര്‍മലീത്താ ആശ്രമത്തില്‍ ആദ്യമായി വൈദികപട്ടം സ്വീകരിച്ച സന്ന്യാസിയും കൂനമ്മാവ് അമലോദ്ഭവമാതാവിന്റെ അച്ചുകൂടത്തില്‍ നിന്ന് 1876-ല്‍ പ്രസിദ്ധീകരണം തുടങ്ങിയ ‘സത്യനാദകാഹളം’ ദ്വൈമാസികയുടെ സ്ഥാപക പത്രാധിപനും – അക്കാലത്ത് കൂനമ്മാവ് ആശ്രമത്തില്‍ വൈദികാര്ഥിയായിരുന്നു.
ഇറ്റലിയിലെ ജനോവയില്‍ നിന്ന് കര്‍മലീത്താ രണ്ടാംസഭയുടെ നിയമാവലി വരുത്തി മലയാളക്കരയ്ക്കു വേണ്ടുന്ന രീതിയില്‍ അതു പരിഷ്കരിച്ച ആര്‍ച്ച്ബിഷപ് ബച്ചിനെല്ലി അതിന്റെ മലയാള പരിഭാഷ തയാറാക്കി ഏലീശ്വയെയും കൂട്ടരെയും പരിശീലിപ്പിക്കാന്‍ ഫാ. ലെയോപോള്‍ഡിനെ ചുമതലപ്പെടുത്തി. 1866 ഫെബ്രുവരി 12ന് ആ മൂന്നു വനിതകളെയും കര്മലീത്താസഭയിലേക്ക് കര്‍മലീത്താസഭയുടെ മലബാറിലെ പ്രൊവിന്‍ഷ്യാള്‍ കൂടിയായ ബച്ചിനെല്ലി സ്വീകരിച്ചു. ‘ദോക്കുമെന്തും എറെക്സിയൊനിസ്’ എന്ന ഡിക്രിയിലൂടെ വിശുദ്ധ അമ്മത്രേസ്യയുടെ ടിഒസിഡി സമൂഹത്തിന്റെ അടിസ്ഥാനശിലകളായി മുപ്പത്തിനാലുകാരിയായ ഏലീശ്വയെയും 17 വയസുള്ള ത്രേസ്യയെയും പതിനഞ്ചുകാരിയായ അന്നയെയും പ്രഖ്യാപിച്ചു. അന്നയ്ക്ക് പിതൃസ്വത്തായി കിട്ടിയ ഭൂമിയുടെ ഒരുഭാഗത്ത് പണിതീര്‍ത്ത പനമ്പുമഠം ആശീര്‍വദിച്ച് ഫാ. ലെയോപോള്‍ഡ് പിറ്റേന്നുതന്നെ മൂവര്‍ക്കും കര്‍മലീത്താ ഉത്തരീയവും പരിശുദ്ധ കന്യാമറിയത്തിന്റെ സിസ്റ്റര്‍ ഏലീശ്വ, തിരുഹൃദയത്തിന്റെ സിസ്റ്റര്‍ അന്ന, ഈശോയുടെ സിസ്റ്റര്‍ ത്രേസ്യ എന്നീ സന്ന്യാസപേരുകളും നല്കി. ഏലീശ്വയെ മഠത്തിന്റെ ശ്രേഷ്ഠത്തിയായി നിയമിച്ചു. രാജ്യത്തെ ആദ്യത്തെ തദ്ദേശീയ കര്‍മലീത്താ സന്ന്യാസിനീസമൂഹത്തിന്റെ സമാരംഭം അങ്ങനെയായിരുന്നു.
അന്നയുടെയും ത്രേസ്യയുടെയും പത്രമേനിയും അന്നയുടെ പേരിലുള്ള 25 ഏക്കര്‍ വസ്തുവും ആര്‍ച്ച്ബിഷപ് ബച്ചിനെല്ലി സംഭാവന ചെയ്ത 8,000 രൂപയും ഏലീശ്വയുടെ മാതുലനായ ഫാ. ഗുയൊമ്മാര് നല്കിയ പാദ്രി പറമ്പ്, വട്ടപ്പറമ്പ്, തെക്കിനേടത്ത് പറമ്പ് എന്നിവയും ആസ്തിയാക്കിയാണ് തളിച്ചുവാപറമ്പില് രണ്ടുനിലയുള്ള സെന്റ് തെരേസാസ് മഠം നിര്‍മിച്ച് 1867 മാര്‍ച്ച് 27ന് ഫാ. ലെയോപോള്‍ഡ് ആശീര്‍വദിച്ചത്.
ഈ മഠത്തിലാണ് 1868-ല്‍ സിസ്റ്റര്‍ ത്രേസ്യ ഹെഡ്മിസ്ട്രസായി കേരളത്തിലെ പ്രഥമ കോണ്‍വെന്റ് സ്കൂള്‍ ആരംഭിക്കുന്നത്.
വരാപ്പുഴ വികാരിയാത്തിലെ സുറിയാനിക്കാര്‍ക്കു വേണ്ടി 1887 മേയില്‍ രണ്ടു വികാരിയാത്തുകള്‍ സ്ഥാപിച്ചതിനെ തുടര്‍ന്നുള്ള അതിര്ത്തിനിര്ണയത്തില് കൂനമ്മാവ് മഠം തൃശൂര്‍ വികാരിയാത്തിന് അവകാശപ്പെട്ടതായി. തങ്ങളുടെ ഭൂമിയില്‍, തങ്ങള്‍ പണിയിച്ച ഭവനത്തില്‍ നിന്ന്, 24 വര്‍ഷം ഏറെ ത്യാഗങ്ങള്‍ സഹിച്ച് വളര്‍ത്തികൊണ്ടുവന്ന സമൂഹത്തില്‍ നിന്ന്, ടിഒസിഡി സ്ഥാപികയായ മദര്‍ ഏലീശ്വയ്ക്കും സഹസ്ഥാപികയായ മദര്‍ ത്രേസ്യയ്ക്കും – മദര്‍ അന്ന 1871 മേയില്‍ രോഗബാധിതയായി മരണമടഞ്ഞിരുന്നു – ലത്തീന്‍കാരായ മറ്റ് സന്ന്യാസിനിമാരോടൊപ്പം 1890 സെപ്റ്റംബര്‍ 17ന് കണ്ണീരോടെ ഇറങ്ങിപോകേണ്ടിവന്നു. എറണാകുളത്ത് ദൈവദാസി മദര്‍ തെരേസ ഓഫ് സെന്റ് റോസ് ഓഫ് ലീമയുടെ കാര്‍മലൈറ്റ് സിസ്റ്റേഴ്സ് ഓഫ് സെന്റ് തെരേസ സമൂഹത്തിന്റെ സംരക്ഷണയില്‍ 52 ദിവസം തന്റെ സഹോദരിമാരോടൊപ്പം ഏലീശ്വാമ്മ കഴിഞ്ഞു.
വരാപ്പുഴ മൗണ്ട് കാര്‍മല്‍-സെന്റ് ജോസഫ് കത്തീഡല്‍ ദേവാലയത്തിനു സമീപം ആര്‍ച്ച്ബിഷപ് ലെയൊനാര്ദൊ മെല്ലാനൊ അനാഥശാലയ്ക്കുവേണ്ടി പണിയിച്ചുകൊണ്ടിരുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം മഠമായി രൂപപ്പെടുത്തി 1890 നവംബര്‍ 10ന് മദര്‍ ഏലീശ്വയെയും സഹോദരിമാരെയും എറണാകുളത്തുനിന്ന് തിരിച്ചുകൊണ്ടുവന്നു. ”ദൈവത്തിന്റെ എറ്റം വലിയ സ്തുതിക്കായിട്ടും ആത്മാവുകളുടെ രക്ഷയ്ക്കായിട്ടും പെണ്‍പൈതങ്ങളുടെ ആത്മീയ വളര്ത്തലിനായിട്ടും വരാപ്പുഴ തുരുത്തില് മാര്‍ യൗസേപ്പ്പുണ്യവാളന്റെ നാമധേയത്തില്‍ ലത്തീന്‍ റീത്തിലെ ക.ദി. മൂന്നാം സഭ കന്യാസ്ത്രീകളുടെ ആശ്രമം” സ്ഥാപിച്ചുകൊണ്ടുള്ള ഡിക്രിയില്‍ പിറ്റേന്ന് ആര്‍ച്ച്ബിഷപ് മെല്ലാനൊ ഒപ്പുവച്ചു.
ഏലീശ്വാമ്മയും കൂട്ടരും കൂനമ്മാവു മഠത്തില്‍ നിന്ന് ഇറങ്ങിയപ്പോള്‍ 41 അനാഥപൈതങ്ങള് അവിടെനിന്ന് ഒളിച്ചോടി പലയിടങ്ങളിലായി കഴിഞ്ഞിരുന്നു. അവരെ കണ്ടെത്തി ആര്‍ച്ച്ബിഷപ് വരാപ്പുഴയിലെ പുതിയ മഠത്തില്‍ മദര്‍ ഏലീശ്വയെ ഏല്പിച്ചു. അന്നുതന്നെ അനാഥാലയവും തുറന്നു. 1891 വൃശ്ചികമാസം മൂന്നിന് സെന്റ് ജോസഫ് സ്കൂള്‍ ആര്‍ച്ച്ബിഷപ് മെല്ലാനൊ ഉദ്ഘാടനം ചെയ്തപ്പോള്‍തന്നെ 50 പെണ്‍കുട്ടികള്‍ ചേര്‍ന്നു.
കാവി തറയോടുകള്‍ പാകിയ മഠത്തിലെ പഴയ ഹാളിനപ്പുറത്തെ ആവൃതിക്കുള്ളില്‍ മദര്‍ ഏലീശ്വ 23 വര്‍ഷം പുണ്യജീവിതം നയിച്ച സെല്ലിലെ വീതികുറഞ്ഞ കട്ടിലും മരകസേരയും ചെറിയ പെട്ടിയും വിളക്കും ആ പുണ്യജീവിതത്തിന്റെ തിരുശേഷിപ്പുകളാണ്.
എണ്‍പത്തിരണ്ടാം വയസില്‍, 1913 ജൂലൈ 18-ന് മദര്‍ ഏലീശ്വ സ്വര്‍ഗത്തിലേക്കു യാത്രയായി. വരാപ്പുഴ കത്തീഡ്രല്‍ ദേവാലയത്തിലെ മണിമാളികയ്ക്കടുത്താണ് പിറ്റേന്ന് പൂജ്യഭൗതികദേഹം അടക്കംചെയ്തത്. ഭൗതികാവശിഷ്ടങ്ങള്‍ പിന്നീട് സെന്റ് ജോസഫ് കോണ്‍വെന്റിലെ കപ്പേളയ്ക്കു സമീപം മാറ്റി നിക്ഷേപിച്ചു; 1988 ജൂണില്‍ സ്മൃതിമന്ദിരത്തിലെ കബറിടത്തിലേക്കും.
പെണ്പൈതങ്ങള്ക്കായി മദര്‍ ഏലീശ്വ സ്ഥാപിച്ച സ്കൂളില്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം അടുത്തകാലത്തായി ഏഴാം ക്ലാസുവരെ ആണ്‍കുട്ടികള്‍ക്കും പ്രവേശനം നല്കിതുടങ്ങിയിരുന്നു. ഇക്കൊല്ലം എട്ടാം ക്ലാസിലേക്കും ആദ്യമായി ആണ്‍കുട്ടികള്‍ എത്തുകയാണ്. വരാപ്പുഴയിലെ സെന്റ് ജോസഫ് അനാഥാലയം ഇന്ത്യയിലെ ഒട്ടുമിക്ക ക്രൈസ്തവ അനാഥാലയങ്ങളെയും പോലെ കേന്ദ്ര ഗവണ്മെന്റിന്റെ പുതിയ നിയന്ത്രണങ്ങളും ഗ്രാന്റുകളുടെ അഭാവവും സൃഷ്ടിച്ച പ്രതിസന്ധികളില്‍ അടച്ചുപൂട്ടേണ്ടിവന്നു.
പരിശുദ്ധ കന്യകാമറിയത്തിന്റെ എലിസബത്തിന്റെ (വേനറാബിലേ എലിസബെത്താ ദെല്ലാ ബിയാത്ത വിര്ജീനെ മരിയാ) വീരോചിത പുണ്യങ്ങള്‍ അംഗീകരിച്ചുകൊണ്ട് 2023 നവംബര്‍ എട്ടിന് വിശുദ്ധര്‍ക്കായുള്ള വത്തിക്കാന്‍ ഡികാസ്റ്ററി പ്രീഫെക്ട് കര്‍ദിനാള്‍ മര്‍ച്ചെല്ലോ സെമരാരോ, സെക്രട്ടറി ആര്‍ച്ച്ബിഷപ് ഫാബിയോ ഫാബെന് എന്നിവര്‍ ഒപ്പുവച്ച കല്പനയില്, പരിശുദ്ധ കന്യകാമറിയത്തിന്റെ ഏലീശ്വ കേരളത്തിലെ ആദ്യത്തെ സന്ന്യാസിനീ സമൂഹം സ്ഥാപിക്കുകയും പെണ്‍കുട്ടികള്‍ക്കായി ആദ്യത്തെ സ്കൂള്‍ ആരംഭിക്കുകയും ചെയ്തുവെന്നും പ്രാദേശിക സഭയിലെ കുടുംബങ്ങളുടെ പുനരുജ്ജീവനത്തിനും പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ഇന്ത്യയിലെ സങ്കീര്‍ണമായ സാമൂഹികവും മതപരവുമായ പശ്ചാത്തലത്തില്‍ സ്ത്രീകളുടെ മാനുഷികവും ബൗദ്ധികവുമായ ഉന്നമനത്തിനും വലിയ സംഭാവന നല്‍കിയെന്നും രേഖപ്പെടുത്തുന്നുണ്ട്.
ടിഒസിഡി സമൂഹത്തിന്റെ ആദ്യത്തെ മഠവും സ്കൂളും ബോര്‍ഡിങ്ങും അനാഥാലയവും സ്ഥാവര ജംഗമ സ്വത്തുക്കളുമെല്ലാം തട്ടിയെടുക്കാനായി കെട്ടിച്ചമച്ച കള്ളപ്രമാണങ്ങളുടെയും വ്യാജസത്യവാങ്മൂലങ്ങളുടെയും അസത്യപ്രസ്താവനകളുടെയും കുടിലതന്ത്രങ്ങളുടെയും ഇരുണ്ട ചരിത്രത്തില്‍ പൊറുക്കാനാവാത്ത മഹാപരാധമാണ് സഭാസ്ഥാപിക എന്ന മദര്‍ ഏലീശ്വയുടെ പദവി തമസ്കരിക്കാനും ഫാ. ലെയോപോള്‍ഡ് ബെക്കാറോയോടൊപ്പം കൂനമ്മാവ് ആശ്രമത്തിലുണ്ടായിരുന്ന പ്രിയോര്‍ ചാവറ കുര്യാക്കോസച്ചനെ ആ സ്ഥാനത്ത് പ്രതിഷ്ഠിക്കാനുമായി ആസൂത്രിതമായി സൃഷ്ടിക്കപ്പെട്ട ബൃഹദാഖ്യാനങ്ങളും ഡോക്ടറല്‍ ഗവേഷണപ്രബന്ധങ്ങളും. കര്‍മലീത്താ ആശ്രമത്തിലെയും മഠത്തിലെയും നാളാഗമങ്ങളില്‍ പല താളുകളും കറുത്തമഷിയില്‍ കറുപ്പിക്കുകയും ചില ഭാഗങ്ങള്‍ അപ്രത്യക്ഷമാവുകയും ചില രേഖകള്‍ കത്തിക്കുകയും ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.
ആര്‍ച്ച്ബിഷപ് ബച്ചിനെല്ലിയുടെ കാലത്തെ ശ്രദ്ധേയമായ മുന്നേറ്റങ്ങളുടെയെല്ലാം കര്‍തൃത്വവും ഇതുപോലെ ആ വിശുദ്ധനില്‍ കെട്ടിയേല്പ്പിച്ചുകൊണ്ടുള്ള വ്യാജചരിത്രനിര്മിതിയുടെയും അപനിര്മിതികളുടെയും ഉപജ്ഞാതാക്കള്‍ക്ക് സത്യവെളിച്ചം കാണാന്‍ മദര്‍ ഏലീശ്വയുടെ സ്വര്‍ഗീയ മാധ്യസ്ഥ്യം തുണയാകട്ടെ!
വരാപ്പുഴ സെന്റ് ജോസഫ് കോണ്‍വെന്റിലെ സ്മൃതിമന്ദിരത്തില്‍ ധന്യ ഏലീശ്വയുടെ കബറിടത്തില്‍ ഹൃദയാര്ച്ചനകളുമായി വിശ്വാസികളും തീര്‍ഥാടകരും വന്നണയുന്നു. അനപത്യദുഃഖം പേറുന്ന ദമ്പതിമാരും കുട്ടികളുടെ പ്രശ്നങ്ങള്‍ക്കു പരിഹാരം തേടുന്ന അമ്മമാരും മെഡിക്കല്‍ വിദഗ്ധര്‍ എഴുതിതള്ളുന്ന രോഗികളുമൊക്കെ ഏലീശ്വാമ്മയുടെ മാധ്യസ്ഥ്യം യാചിച്ച് എത്തുന്നു. വ്യാഴാഴ്ച നൊവേനയില്‍ വായിക്കുന്ന കൃതജ്ഞതകളില് എന്നും അദ്ഭുതസൗഖ്യങ്ങളുടെ സാക്ഷ്യങ്ങളും തീക്ഷ്ണവിശ്വാസപ്രകരണങ്ങളും മുഴങ്ങുന്നു. ”എന്നില്‍ വിശ്വസിക്കുന്നവന്റെ ഹൃദയത്തില്‍ നിന്ന് ജീവജലത്തിന്റെ അരുവികള്‍ ഒഴുകും” (യോഹ. 7:38) എന്ന തിരുവചനത്തിന്റെ പൊരുള്‍ പെരിയാറിന്റെ തീരത്തെ വരാപ്പുഴയിലെ സിടിസി മാതൃഭവനത്തിലെത്തുന്ന ദൈവജനത്തിന്റെ അനുഭവസാക്ഷ്യങ്ങളില്‍ ആര്‍ത്തലയ്ക്കുന്നുണ്ട്.